| Sunday, 29th November 2026, 12:45 pm

ലളിത ചേച്ചിയും കുട്ടി ലാലേട്ടനും കരയിപ്പിച്ചു; ലൗലജൻ ക്ലാസല്ല മാസ്

അനുപമ കെ. സീത

സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. സിനിമയുടെ അനൗൺസ്‌മെന്റ് മുതൽ തന്നെ ചിത്രവുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ അപ്‌ഡേറ്റ്സിനേയും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ലിറിക്കൽ ആൽബം ‘കാവൽ മിഴിയെ’ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറും, ക്രിസ്റ്റകലയും ചേർന്നാണ്. മൃദുവും ഹൃദയസ്പർശിയായതുമായ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗ്രാഫിക് ട്രീറ്റ്മെന്റ്‌സും സ്കെച്ചുകളും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. മുമ്പ് പുറത്തുവിട്ട എം.ജി. ശ്രീകുമാർ ആലപിച്ച ‘സുന്ദര രാവണൻ’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോക്കും ഹൃദ്യമായ വരവേൽപ്പായിരുന്നു സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്.

ഒരു ക്രിസ്തീയ പശ്ചാത്തലത്തിൽ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ മോഹൻലാലും മീര ജാസ്മിനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കുടുംബജീവിതവും പ്രണയനിമിഷങ്ങളുമാണ് പ്രധാനമായും ഗാനരംഗത്തിൽ കാണിക്കുന്നത്. സുന്ദരരാവണനിൽ മോഹൻലാലിന്റെ പൊലീസ് വേഷവുമായി ബന്ധപ്പെട്ടായിരുന്നു ഉള്ളടക്കമെങ്കിൽ പുതിയ ഗാനത്തിൽ അവരുടെ കുടുംബജീവിതവും സ്നേഹബന്ധവുമാണ് ഉള്ളടക്കം.

കാവൽ മിഴിയെ.Photo. Screen Grab/Youtube.com

മൃദുവായ ഗാനരംഗത്തോടൊപ്പം നടി കെ.പി.എ.സി. ലളിതയുടെ ഫോട്ടോയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കാൻ ആ ഒരു സീനിന് കഴിഞ്ഞുവെന്നാണ് വീഡിയോക്ക് താഴെ വന്നിട്ടുള്ള കമന്റുകൾ വ്യക്തമാക്കുന്നത്. ‘കണ്ണ് നനഞ്ഞു’, ‘ലളിത ചേച്ചിയും കുട്ടി ലാലേട്ടനും കരയിപ്പിച്ചു കളഞ്ഞു’, തുടങ്ങിവയായിരുന്നു കമന്റുകളിൽ ചിലത്.

തുടരും എന്ന വിജയചിത്രത്തിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്  അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ടി.എസ്. ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

നരൻ, പുലിമുരുകൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി കുമാറാണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  ഇഷ്‌ക്, അടി, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധായകൻ. ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: The makers of the film Athimanoharam have released its second lyrical song ‘Kaaval Mizhiye’

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more