| Friday, 19th June 2026, 5:12 pm

മുഹമ്മദലി പഠിപ്പിച്ച പാഠം

ഫാറൂഖ്

അലി തോല്‍ക്കുമെന്ന് എല്ലാവരും ഉറപ്പിച്ച മത്സരമായിരുന്നു അത്. 1974 ലെ ലോകം ഉറ്റു നോക്കിയ rumble in the jungle ( കാട്ടിലെ ഗര്‍ജനം ) എന്ന ബോക്‌സിങ് മത്സരത്തില്‍ തന്നെക്കാള്‍ ശക്തിമാനും അജയ്യനും അപകടകാരിയുമായ ജോര്‍ജ് ഫോര്‍മാനെ നേരിടുകയായിരുന്നു മുഹമ്മദ് അലി.

പക്ഷെ, അലി rope-a-dope എന്ന് പിന്നീട് വിളിക്കപ്പെട്ട ഒരു ടെക്നിക്കുമായിട്ടാണ് അന്ന് റിങ്ങിലിറങ്ങിയത്. ടെക്നിക്ക് ഇത്രയേയുള്ളെ, ജോര്‍ജിന്റെ അഞ്ചാറ് കനപ്പെട്ട ഇടി അലി നിന്നങ്ങ് കൊണ്ടു, എന്നിട്ടൊരു ചോദ്യവും.

‘എല്ലാവരും പറയുന്നത് നീ വല്യ ഇടിക്കാരനാണെന്നാണല്ലോ ജോര്‍ജേ, എന്നിട്ടിത്രയെ ഉള്ളോ നിന്റെ ഇടി’ ചോദ്യത്തില്‍ പതറിപ്പോയ ജോര്‍ജ് രണ്ടു മൂന്നിടി കൂടെ ഇടിച്ചു. അതും അലി നിന്ന് കൊണ്ടു . എന്നിട്ട് പിന്നെയും ഒരു ചോദ്യം ‘ഇത്രയേയുള്ളൂ നിന്റെ ശക്തി’ .

കുടിച്ച വെള്ളത്തില്‍ വിശ്വസമില്ലാത്ത രണ്ടുപേര്‍ ചര്‍ച്ചക്കിരുന്നാല്‍ എങ്ങനെയുണ്ടാകും. അതാണിപ്പോള്‍ കഴിഞ്ഞ, അല്ലെങ്കില്‍ ഇനിയും തുടരാന്‍ പോകുന്ന, ഇറാന്‍-അമേരിക്ക ചര്‍ച്ച.

രണ്ടു പേര്‍ക്കും അറിയാം തങ്ങള്‍ ഒപ്പിടാന്‍ പോകുന്ന കരാറിന് മഷിയുണങ്ങുന്ന സമയത്തേ ആയുസ്സേ ഉണ്ടാകൂ എന്ന്, മഷിയുണങ്ങുന്ന ദിവസം രണ്ടിലൊരാള്‍ അത് ലംഘിക്കും. അതുകൊണ്ട് തന്നെ ആദ്യ ദിവസം എന്ത് കിട്ടുമെന്നാണ് രണ്ടു പേരും നോക്കിയിരുന്നത്.

ഇറാന് പണം വേണം, അമേരിക്കക്ക് യൂറേനിയം വേണം. പിന്നെ തരാം എന്ന് പറഞ്ഞാല്‍ പറ്റില്ല, ഇപ്പൊ കിട്ടണം എന്നതായിരുന്നു ഇന്നലെ വരെയുള്ള അവസ്ഥ. ഇന്നത് മാറി, ഇറാന് ആദ്യഗഡു പണം കിട്ടി, പണക്കെട്ടുകള്‍ നിറച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പല രാജ്യങ്ങളില്‍ നിന്നായി ടെഹ്‌റാനില്‍ എത്തിയ ശേഷമാണ് അവര്‍ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചത്. 25 ബില്യണ്‍ വരെ ഇയാഴ്ചയും അടുത്തയാഴ്ചയുമായി കിട്ടും. 300 ബില്യണ്‍ പുനര്‍നിര്‍മാണ ഫണ്ട് പറഞ്ഞിട്ടുണ്ട്, അത് കിട്ടിയാല്‍ കിട്ടി എന്നേയുള്ളു, മിക്കവാറും കിട്ടില്ല.

പകരം അമേരിക്കക്ക് ഹര്‍മുസ് തുറന്ന് കിട്ടി. ലോകത്താകെ എണ്ണ വില കുറഞ്ഞു. അമേരിക്കയിലും എണ്ണ വില കുറഞ്ഞത് കൊണ്ട് ട്രംപിന്റെ പാര്‍ട്ടി ഇലക്ഷനില്‍ കടന്നു കൂടാനുള്ള സാധ്യതയും തുറന്ന് കിട്ടി. ഹോര്‍മുസ് നിയന്ത്രണത്തില്‍ വയ്ക്കും പക്ഷെ ടോള്‍ പിരിക്കില്ല എന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ട്. അതവര്‍ ലംഘിക്കും എന്നുറപ്പാണ്, കാരണം ബില്യണ്‍ കണക്കിന് ഡോളര്‍ കിട്ടാനുള്ള ഈസി മാര്‍ഗമാണ്, അത് ഉപയോഗിക്കാതിരുന്നാല്‍ നാട്ടുകാര്‍ ഖൊമൈനിയെ വിഡ്ഢി എന്ന് വിളിക്കും.

മാത്രമല്ല, ഇനി ഇറാന്‍ എന്ത് ചെയ്താലും ആരും യുദ്ധത്തിന് വരില്ല എന്ന് ലോകത്തെല്ലാവര്‍ക്കും ഉറപ്പാണ്. 300 ബില്യണ്‍ കിട്ടണമെങ്കില്‍ യൂറേനിയം കൊടുക്കേണ്ടി വരും. 500 കിലോ സമ്പുഷ്ടീകരിച്ചതും 9000 കിലോ സമ്പുഷ്ടീകരിക്കാത്തതുമായ യൂറേനിയം ഇറാനിലുണ്ട് , അത് ഇറാന്‍ തന്നെ പറഞ്ഞതാണ്, സ്വാഭാവികമായും അതിന്റെ ഇരട്ടി ഒളിപ്പിച്ചതായിട്ടുണ്ടാകും, പാല്‍ മാത്രം കുടിക്കുന്നവരല്ല ഇറാനികള്‍.

ഇതില്‍ കുറെ റഷ്യയിലേക്ക് മാറ്റാന്‍ സമ്മതിച്ചു 300 ബില്യണ്‍ വാങ്ങാനായിരിക്കും ഇറാന്‍ പ്ലാന്‍ ചെയ്യുന്നത്. ബോംബ് ഏതായാലും അവരുണ്ടാകും, അല്ലെങ്കില്‍ കാശുകൊടുത്തു വാങ്ങും. അവര്‍ക്കിനി എന്തും ചെയ്യാം, എന്ത് ചെയ്താലും അവരെ ആക്രമിക്കാന്‍ ആരും ഇനി വരില്ല.

നൂറു ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്‍ യുദ്ധം അമേരിക്കയും ഇസ്രഈലും തുടങ്ങിയത് തന്നെ ജോര്‍ജിന്റെ ഇടിയുമായിട്ടാണ്. അവരുടെ സുപ്രീം ലീഡറും അദ്ദേഹത്തിന്റെ ഭാര്യയും കൊച്ചുമക്കളും ഒന്നാമത്തെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. മനുഷ്യരെ കൊല്ലുന്ന കാര്യത്തില്‍ ലോകത്താര്‍ക്കും മത്സരിക്കാന്‍ സാധിക്കാത്ത ഇസ്രഈല്‍ ടെഹ്‌റാനില്‍ നായാട്ട് നടത്തി മിക്ക മന്ത്രിമാരെയും മിലിറ്ററി ഉദ്യോഗസ്ഥരെയും വധിച്ചു.

പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ ബോംബിട്ടു പത്തു മുന്നൂറ് കുട്ടികളെ കൊന്നു. പൊലീസുകാരില്ലാത്ത പൊലീസ് ചെക്ക് പോയിന്റിലും പട്ടാളക്കാരില്ലാത്ത പട്ടാള ബാരക്കിലും ബില്യണ്‍ കണക്കിന് ഡോളറിന്റെ ബോംബുകള്‍ കൊണ്ടിട്ടു. ഇസ്രാഈലിന്റെ നൂറിരട്ടിയോളം വലിപ്പമുള്ള ഇറാന്‍ ഈ ഇടിയൊക്കെ നിന്നങ് കൊണ്ടു.

ഒന്നാമത്തെ റൌണ്ട് കഴിഞ്ഞപ്പോള്‍ ഇറാന്റെ ഒരു ചോദ്യം ‘എല്ലാവരും പറയുന്നത് നിങ്ങള്‍ വല്യ ഇടിക്കാരനാണെന്നാണല്ലോ, ഇത്രയേയുള്ളൂ നിങ്ങളുടെ ഇടി !’ മുഹമ്മദലിയുടെ ചോദ്യം കേട്ട ജോര്‍ജിന്റെ അവസ്ഥയായി അമേരിക്കക്കും ഇസ്രാഈലിനും. ഇനിയെന്ത് ചെയ്യും.

ഇതിനൊരു ബാക്കസ്റ്റോറി ഉണ്ട്. ഇസ്രഈല്‍ ഇത് വരെ യുദ്ധം ജയിച്ചിരുന്നത് തുടക്കത്തില്‍ നടത്തുന്ന ഞെട്ടിക്കല്‍ ആക്രമണങ്ങള്‍ കൊണ്ടാണ്. 1948 അറബ്-ഇസ്രഈലി യുദ്ധത്തിലും 1967 ലെ സിക്‌സ്-ഡേ വാറിലും ഇസ്രഈല്‍ ജയിച്ചത് അങ്ങനെയാണ്. 1967 അമേരിക്കന്‍ ഫെയ്റ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് യുദ്ധത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ഈജിപ്തിന്റെ വിമാനങ്ങള്‍ മുഴുവന്‍ ആക്രമിച്ചു തകര്‍ത്ത് ഈജിപ്തിനെ ഞെട്ടിക്കുകയായിരുന്നു ഇസ്രഈല്‍.

ഇടി കൊണ്ട് വീണ ഈജിപ്ത് പിന്നെ എണീറ്റില്ല. ആ യുദ്ധത്തില്‍ നഷപ്പെട്ട സീനായ് പെനിന്‍സുല ഇതേ ഞെട്ടിക്കല്‍ ആക്രമണ തന്ത്രത്തിലൂടെ ഈജിപ്ത് തിരിച്ചു പിടിക്കുകയായിരുന്നു. 1973 ല്‍ യും-കിപ്പുര്‍ എന്ന ഇസ്രഈല്‍ അവധി ദിവസത്തില്‍ സൂയസ് കനല്‍ കടന്നു വന്നു പതിനായിരക്കണക്കിന് ഈജിപ്ത്യന് സൈനികര്‍ ഇസ്രഈലിനെ ഞെട്ടിക്കുകയായിരുന്നു. ആ ഞെട്ടലില്‍ ഇസ്രഈലും എണീറ്റില്ല. ഇസ്രഈലിന്റെ അജയ്യത ഇല്ലാതാക്കിയ യും-കിപ്പുര്‍ യുദ്ധം എന്നറിയപ്പെടുന്ന ആ യുദ്ധത്തെ തുടര്‍ന്ന് സീനായ് പെനിന്‌സുല ഈജിപ്തിന് തിരികെ കിട്ടി.

ഈ യുദ്ധങ്ങളില്‍ നിന്ന് ഏറ്റവും പാഠങ്ങള്‍ പഠിച്ചത് പക്ഷെ ഇറാനായിരുന്നു. ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ഒരു കാലത്തും ഇസ്രഈലിനെ തോല്‍പിക്കാന്‍ കഴിയില്ല, കാരണം അമേരിക്ക ഏറ്റവും പുതിയ വിമാനങ്ങളും ടെക്‌നോളജിയും ആദ്യം കൊടുക്കുന്നത് ഇസ്രഈലിനാണ്, മിക്കവാറും സൗജന്യമായി.

ഇസ്രഈലിന്റെ അയലത്തുള്ള ഒരു രാജ്യത്തിനും അമേരിക്കയോ യൂറോപ്പോ യുദ്ധ വിമാനങ്ങള്‍ വില്‍ക്കില്ല, വില്‍ക്കില്ല എന്നല്ല, ഇസ്രാഈലിലേക്കുള്ള റൂട്ട് ലോക്ക് ചെയ്തിട്ടാണ് വില്‍ക്കുക. അതുകൊണ്ട് തന്നെ യുദ്ധ വിമാനം വാങ്ങി ആ കാശ് കളയാതിരിക്കുന്നതാണ് നല്ലത്. ഇസ്രഈല്‍ ഏതായാലും യുദ്ധവിമാനങ്ങള്‍ കൊണ്ട് ബോംബിടാന്‍ വരും, അത് നിന്നങ് കൊള്ളുക, മുഹമ്മദലി പഠിപ്പിച്ച പാഠം.

ചാരപ്പണി, മനുഷ്യരെ കൊല്ലുക, ആകാശത്തു നിന്ന് ബോംബിടുക എന്നീ കാര്യത്തില്‍ അഗ്രഗണ്യമാരാണെങ്കിലും ഇസ്രാഈലിന്റെ രണ്ടു പ്രധാന ദൗര്‍ബല്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇറാന്‍ കാലങ്ങളായി തയ്യാറെടുത്തത്. ഇസ്രഈലിന് വലിപ്പമില്ല, ആളുമില്ല, അതാണാ രണ്ടു ദൗര്‍ബല്യങ്ങള്‍.

പത്തിന്റെ മൂന്ന് ബാച്ചുകളായി മുപ്പത് മിസൈലുകള്‍ ഇറാനില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇസ്രഈലില്‍ മുഴുവന്‍ സൈറണ്‍ മുഴങ്ങും, ആളുകള്‍ കൊച്ചുങ്ങളെയുമെടുത്തു ഷെല്‍റ്ററിലേക്ക് ഓടും. ഇസ്രഈല്‍ പകുതിയും മുക്കാലും ആകാശത്തു വച്ച് തടയും, അതിന്റെ അവശിഷ്ടങ്ങളും തടയാന്‍ കഴിയാതിരുന്ന മിസൈലുകളും വല്ല കെട്ടിടത്തിന്റെ മുകളിലോ റോട്ടിലോ ഒക്കെ വീഴും. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ ഇനി വീട്ടി പൊയ്‌ക്കോ എന്ന് പറഞ്ഞു മറ്റൊരു മെസ്സേജ് വരും. ഇസ്രഈലികള്‍ മുഴുവന്‍ കൊച്ചുങ്ങളെയുമെടുത്തു ഷെല്‍റ്ററില്‍ നിന്ന് വീട്ടിലേക്ക്. വീട്ടിലെത്തി ഉറക്കം പിടിക്കുമ്പോഴേക്ക് ഇറാന്‍ പത്തിന്റെ രണ്ടു ബാച്ച് ആയി ഇരുപത് മിസൈല്‍ പിന്നെയും വിടും. ഇസ്രഈലികള്‍ മൊത്തം തിരിച്ചു ഷെല്‍റ്ററിലേക്ക്. ഈ കളി രാവിലെ വരെ തുടരും.

പത്തിന്റെ മൂന്ന് ബാച്ചിന് പകരം നൂറിന്റെ പത്ത് ബാച്ച് ഇറാനില്‍ നിന്ന് വന്നാല്‍ ഇസ്രഈലിലെ പകുതി ബില്‍ഡിങ്ങുകള്‍ നിലം പൊത്തും . ആ പേടിയിലാണ് ഇസ്രാഈലികള്‍ ഇനിയങ്ങോട്ട് ജീവിക്കുക. പകരം ഇറാനിലോ. ഇസ്രാഈലിന്റെ ഏകദേശം നൂറിരട്ടി വലിപ്പമുള്ള ഇറാനില്‍ നൂറു കണക്കിന് വിമാനങ്ങള്‍ ബോംബിടുമ്പോഴും രാജ്യത്തിന്റെ മിക്ക സ്ഥലത്തും ശബ്ദം പോലും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അഞ്ഞൂറോളം ബോംബ് വന്നു വീണു എന്ന് പറയപ്പെടുന്ന ടെഹ്‌റാനില്‍ പോലും ആ മഹാ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും താമസിക്കുന്നവര്‍ അതറിഞ്ഞത് പോലുമില്ല. ഓരോ ബോംബര്‍ വിമാനവും മില്യണ്‍ കണക്കിന് ഡോളര്‍ ചിലവഴിച്ചു പൊലീസുകാരില്ലാത്ത പൊലീസ് ചെക്ക് പോസ്റ്റുകളിലും പട്ടാളക്കാരില്ലാത്ത ബാരക്കുകളിലും ബോംബിടുമ്പോള്‍ മിക്ക ഇറാനികളും സുഖമായി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു.

ഒരു F35 വാങ്ങുന്ന പണം കൊണ്ട് 1000 മിസൈല്‍ ഉണ്ടാക്കാം, അയ്യായിരം ഡ്രോണും. അതില്‍ മുപ്പത് മിസൈലും ഇരുന്നൂറു ഡ്രോണും ഉണ്ടെങ്കില്‍ ഇസ്രാഈലുകാര്‍ മൊത്തം കുട്ടികളെയും എടുത്ത് രാവിലെ വരെ ഷെല്‍റ്ററിലേക്കും തിരിച്ചു ഓടിക്കോളും. അമേരിക്കക്കാര്‍ കപ്പല്‍ പട എന്നും പറഞ്ഞു കടലില്‍ കൊണ്ട് വയ്ക്കുന്ന മൂന്നോ നാലോ ഫുട്‌ബോള്‍ ഫീല്‍ഡിന്റെ വലിപ്പമുള്ള കപ്പലിന്റെ ഒത്ത നടുക്ക് എങ്ങനെയെങ്കിലും ഒരു മിസൈലോ ഡ്രോണോ വീഴ്ത്തിയാല്‍ മതി അവരതും എടുത്തോടിക്കോളും.

ഇതേ മിസൈല്‍ ഒത്താല്‍ ഒത്തു എന്നും പറഞ്ഞു മുകളിലേക്ക് വിട്ടാല്‍ ഒരു വിമാനവും രണ്ടു പൈലറ്റും താഴെ വീഴുകയും ചെയ്യും. ഇനി ഏതെങ്കിലും രാജ്യം കപ്പല്‍ പടയുണ്ടാക്കുമോ എന്ന് കണ്ടറിയണം. ഡ്രോണുകളുടെയും മിസൈലുകളുടെയും കാലത്ത് വന്‍ ബാധ്യതയാണ് കപ്പല്‍ പട. എത്രയും വേഗം പിരിച്ചു വിട്ടു സ്‌പെയര്‍ പാര്‍ട്‌സ് തൂക്കി വിറ്റാല്‍ അത്രയും ലാഭം.

ഇസ്രാഈലിന്റെ രണ്ടാമത്തെ ബലഹീനതയിലാണ് ഇറാന്‍ വിശ്വസമര്‍പ്പിച്ചത്, പട്ടാളക്കാരുടെ എണ്ണം. ആകപ്പാടെ ഒന്നര ലക്ഷം പട്ടാളക്കാരാണ് ഇസ്രാഈലിനുള്ളത്. അവര്‍ തന്നെ ഗാസയിലെ ലബനാനിലും വെസ്റ്റ് ബാങ്കിലുമായി ഡ്യൂട്ടിയിലാണ്. ഹെലികോപ്റ്ററില്‍ വന്നു ബോംബിടുക അല്ലെങ്കില്‍ ടെലിസ്‌കോപിക് ഗണ്‍ വച്ച് രണ്ടു കിലോമീറ്റര് ദൂരെ വച്ച് വെടിവെക്കുക എന്നിങ്ങനെ രണ്ടു ജോലികളാണ് ഇസ്രഈലി പട്ടാളക്കാര്‍ ചെയ്യുന്നത്.

ഈ എണ്ണക്കുറവു കൊണ്ടാണ് എത്ര പ്രാവശ്യം ലെബനന്‍ കീഴടക്കിയാലും അവിടുന്ന് തിരിച്ചോടേണ്ടി വരുന്നത്. ലെബനനില്‍ നിന്ന് പത്തിരുപത് ഡ്രോണുകള്‍ ഹൈഫയിലേക്ക് വിട്ടാല്‍ ഇസ്രഈലി സൈന്യത്തിന് ലെബനാനില്‍ വരാതെ ഇരിക്കപ്പൊറുതി വരില്ല, അല്ലെങ്കില്‍ നാട്ടുകാര്‍ സമ്മതിക്കില്ല. ഇറാന്‍ യുദ്ധം തുടങ്ങിയപ്പോള്‍ ഹിസ്ബുള്ള ഡ്രോണ്‍ വിടാനും തുടങ്ങി. ഇസ്രഈലി പട്ടാളക്കാര്‍ മുഴുവന്‍ ആ ഭാഗത്തോട്ട് പോയി. ഇറാനില്‍ പോയി യുദ്ധം ചെയ്യാന്‍ അമേരിക്കന്‍ കരസൈന്യം ഏതായാലും ഇറങ്ങില്ല, നാട്ടുകാര്‍ സമ്മതിക്കുകയുമില്ല. ഇനി വരേണ്ടത് ഇസ്രഈലികളാണ്. ലെബനാനില്‍ പോയതിന്റെ ബാക്കി പത്തോ അയ്യായിരമോ പട്ടാളക്കാര്‍ വന്നാല്‍ ഇറാന്‍കാര്‍ക്ക് അതൊരു ഇരയാകില്ല.

ട്രംപിനെ പറ്റി ഒരു നൂറു കുറ്റം എല്ലാവര്‍ക്കും പറയാനുണ്ടാകും, പക്ഷെ പരാജയം മുന്നില്‍ കാണാന്‍ കഴിയാത്തവനാണെന്ന് മാത്രം പറയരുത്. ഒരു ബിസിനസ്സുകാരന്‍ എന്ന നിലയില്‍ പൂട്ടാന്‍ പോകുന്ന ഒരു ബിസിനസിനെയും പിന്നെയും കാശിറക്കി രക്ഷിക്കാന്‍ ട്രംപ് ഒരിക്കലും ശ്രമിച്ചിട്ടില്ല, ബാങ്ക്‌റെപ്സി ഫയല്‍ ചെയ്തു ഉടന്‍ തലയൂരും. ഗാംബ്ലിങ്ങില്‍ നഷ്ടം വന്നു തുടങ്ങുമ്പോള്‍ തന്നെ മുങ്ങും, കൂടുതല്‍ നഷ്ടപ്പെടാന്‍ നില്‍ക്കില്ല.

റിയാലിറ്റി ഷോയുടെ ഭാഗമായിട്ടാണെങ്കിലും ചിലപ്പോളൊക്കെ ബോക്‌സിങ് റിങ്ങിലും റെസ്റ്റലിങ് റിങ്ങിലിമൊക്കെ ട്രംപ് കയറിയിട്ടുണ്ട്, ഇടി കിട്ടുമെന്ന് തോന്നിയാല്‍ അപ്പോള്‍ പുള്ളി കയ്യുയര്‍ത്തി കാണിക്കും. ഇറാന്‍ യുദ്ധം ഇനിയും തുടര്‍ന്നാല്‍ മുഹമ്മദലിയുടെ ബോക്‌സിങ് റിങ്ങില്‍ ജോര്‍ജ് മലര്‍ന്നു കിടന്നത് പോലെ കിടക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ട്രംപ് കറക്ട് സമയത്ത് തലയൂരി.

അമേരിക്കന്‍ കപ്പലുകളെ മിസൈലിന് വിട്ടു കൊടുത്ത് അമേരിക്കന്‍ പട്ടാളക്കാരെ ഇറാനിലിറക്കി കൊലക്ക് കൊടുത്തു ചുളുവില്‍ യുദ്ധം ജയിക്കാന്‍ നോക്കിയ ഇസ്രഈലിന്റെ നഷ്ടമാണ് ശരിക്കുള്ള നഷ്ടം. അത് ഈ യുദ്ധത്തിലെ നഷ്ടമല്ല, ഗ്രെയ്റ്റര്‍ ഇസ്രഈല്‍ എന്ന പദ്ധതിയുടെ അവസാനമാണ്.

ഇറാക്ക്, ലിബിയ, ഇറാന്‍, തുര്‍ക്കി എന്നിങ്ങനെ പരിസരത്തുള്ള രാജ്യങ്ങളെയൊക്കെ അമേരിക്കയെ ഉപയോഗിച്ച് നശിപ്പിച്ച ശേഷം ഇസ്രഈലിനെ മിഡില്‍ ഈസ്റ്റിലെ ഒരേയൊരു ശക്തിയാക്കാനും അതിര്‍ത്തികള്‍ വിപുലീകരിച്ചു ഗ്രെയ്റ്റര്‍ ഇസ്രഈല്‍ എന്ന പദ്ധതിയിലേക്ക് ക്രമേണ നീങ്ങാനുമുള്ള ദീര്‍ഘകാല ലക്ഷ്യത്തിന്റെ അവസാനം.

അടുത്തത് തുര്‍ക്കി എന്ന് ഇസ്രഈലി നേതാക്കളും അവരുടെ പ്രൊപോഗാണ്ടക്കാരും രഹസ്യമായും പരസ്യമായും പറഞ്ഞു തുടങ്ങിയിരുന്നു ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പേ തന്നെ. രണ്ടു കാരണങ്ങള്‍ കൊണ്ട് ഇനി അതൊന്നും നടക്കില്ല. ഒന്നാമത്തെ കാരണം, ഇസ്രഈലിനെ തോല്‍പ്പിക്കാന്‍ ബോംബറുകളും കപ്പല്‍ വ്യൂഹങ്ങളുമൊന്നും വേണ്ട രണ്ടായിരം മിസൈലുകള്‍ മതിയെന്ന് എല്ലാവരും മനസ്സിലാക്കി. രണ്ടാമത്തെ കാരണം, ഇനിയൊരു അമേരിക്കന്‍ പ്രസിഡന്റ് ഇസ്രഈലിനു വേണ്ടി യുദ്ധത്തിനിറങ്ങില്ല.

നിരന്തരം നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളും കൊലപാതങ്ങളും കൊണ്ട് ഒരു രാജ്യം എല്ലാ കാലവും മുമ്പോട്ട് കൊണ്ട് പോകാന്‍ കഴിയില്ല എന്നും, തങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള തദ്ദേശീയരെ എന്നും അടിമകളെ പോലെ ഭരിക്കാമെന്നുമുള്ള ഇസ്രാഈലിന്റെ തോന്നല്‍ ഈ യുദ്ധത്തോടെ അവസാനിച്ചു.

മനുഷ്യരെ തുല്യതയോടെ കാണുന്ന ദക്ഷിണാഫ്രിക്കന്‍ രീതിയിലുള്ള ഒരു പരിഹാരത്തിന് മുന്നിട്ടിറങ്ങിയാല്‍ യൂറോപ്പില്‍ നിന്ന് വന്ന അധിനിവേശക്കാരായ ഇസ്രേലികളികള്‍ക്ക് ഫലസ്തീനില്‍ ജീവിക്കാം. അല്ലെങ്കില്‍ ഇരുന്നൂറു കൊല്ലം ഭരിച്ച ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് പോലെ സ്ഥലം വിടാം. ഒന്നുകില്‍ ഇന്ത്യന്‍ പരിഹാരം, അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പരിഹാരം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്നലെ പറഞ്ഞത് പോലെ എല്ലാവരെയും കൊന്ന് തീര്‍ത്തതിന് ശേഷം തങ്ങള്‍ക്ക് സുഖമായി ജീവിക്കാം എന്ന വിചാരം ഇസ്രഈല്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇപ്പോള്‍ ഇറാന്‍ നേടിയ വിജയം യഥാര്‍ത്ഥ വിജയങ്ങള്‍ ആവണമെങ്കില്‍ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ അവര്‍ ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശ നയത്തിലും വരുത്തണം. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇറാന്‍, ഭക്ഷ്യകാര്യത്തിലുള്‍പ്പടെ പല കാര്യത്തിലും സ്വയം പര്യാപ്തതയുണ്ട്, വിദ്യാഭ്യാസത്തില്‍, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തില്‍ വളരെ മുന്നിലാണ്, ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ആനുപാതിക്കായി വളരെ കൂടുതലാണ്, ആ നിലക്ക് ഒരുപാട് സാമ്പത്തികമായി മുന്നോട്ട് പോകാനുള്ള ത്രാണിയുണ്ട്.

500 കിലോ സമ്പുഷ്ട യുറേനിയം വിട്ടു കൊടുത്തു ട്രംപിന്റെ ഈഗോക്ക് വഴങ്ങി ഉപരോധങ്ങള്‍ അവസാനിപ്പിച്ച് നല്ല നിലയില്‍ പോകുന്നതാണ് ഇറാന് നല്ലത്. കാശ് ഉണ്ടെങ്കില്‍ ബോംബ് പാക്കിസ്ഥാന്‍ തരും, അല്ലെങ്കില്‍ ഉത്തര കൊറിയ, അല്ലെങ്കില്‍ രഹസ്യമായി ഏതെങ്കിലും മലകള്‍ക്കടിയില്‍ ഉണ്ടാക്കാം, അതിപ്പോള്‍ വലിയ കാര്യമൊന്നുമല്ല.

Rumble in the Jungle ( കാട്ടിലെ ഗര്‍ജനം ) എന്നായിരുന്നു മുഹമ്മദലി- ജോര്‍ജ്‌ഫോര്‍മാന്‍ പോരാട്ടത്തിനിട്ട പേര്. ബോക്‌സിങ് ചരിത്രത്തിലെ ഐകോണിന് നിമിഷങ്ങള്‍ ആയിരുന്നു അതിന്റെ അവസാനം. ആറ് റൗണ്ട് കഴിയുമ്പോഴേക്ക് അടികൊണ്ടല്ല, അടി കൊടുത്തു തളര്‍ന്നു പോയി ജോര്‍ജ്.

എട്ടാം റൗണ്ട് അവസാനിക്കാന്‍ ഇരുപത് സെക്കന്റ് ബാക്കി നില്‍ക്കുമ്പോള്‍ റോപ്പില്‍ നിന്ന് എണീറ്റ് വന്ന അലി അത് വരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ജോര്‍ജിനെ റിങ്ങിന്റെ നടുവില്‍ വച്ച് കനത്ത ഒരിടി ഇടിച്ചു, അടി കൊണ്ട ഫോര്‍മാന്‍ കറങ്ങി കറങ്ങി നിലത്തു വീണു. ഒന്ന് രണ്ടു പ്രാവശ്യം അയാള്‍ എണീക്കാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല. അലി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു, ലോകവും.

പിന്നെ അലി പറഞ്ഞു ”It’s hard to be humble when you’re as great as I am.’ ഒരേ സമയം വിജയിയും അതെ സമയം വിനയമുള്ളവനുമായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇസ്രാഈലിനും അമേരിക്കക്കും അത് കഴിഞ്ഞില്ല. ഇറാന് അത് കഴിയണം.

Content Highlight:  The lesson that Muhammad Ali taught

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more