| Sunday, 16th November 2025, 4:55 pm

വെട്ടിമാറ്റാത്ത പതിപ്പുമായി ഇതിഹാസ ചിത്രം 'ഷോലെ' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; റീ റിലീസ് തീയതി പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഇതിഹാസ ചിത്രം ഷോലെ റീ റിലീസിന് ഒരുങ്ങുന്നു. ‘ഷോലെ ദി ഫൈനല്‍  കട്ട്’ എന്ന പേരില്‍ 4kയില്‍ ചിത്രം ഡിസംബര്‍ 12ന് രാജ്യവ്യാപകമായി റിലീസ് ചെയ്യും. സിനിമയുടെ നിര്‍മാതാക്കളായ സിപ്പി ഫിലിംസാണ് റീ റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂട പങ്കുവെച്ചത്.

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം 1975 ആഗസ്റ്റിനാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഷോലെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പായിരിക്കും തിയേറ്ററുകളിലെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

1975ല്‍ ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ് കാരണം സിനിമയുടെ അവസാന ഭാഗം മാറ്റിയിരുന്നു. വെട്ടി മാറ്റാത്ത പതിപ്പുമായാണ് സിനിമ റിലീസിനെത്തുക. 2025ന്റെ തുടക്കത്തില്‍, ‘ഷോലെ’ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപകര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകരില്‍ നിന്ന് പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു.

ഇറങ്ങി ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, ഷോലെ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളില്‍ ഒന്നായി തുടരുകയാണ്. തലമുറകളായി ഉദ്ധരിക്കപ്പെടുകയും പ്രേക്ഷകര്‍ക്കിടയില്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഷോലെയുടെ രണ്ടാം വരവ് ഗംഭീരമാകുമെന്നാണ് പ്രതീക്ഷ.

പുതിയ സിനിമകള്‍ അതിന്റെ ബോക്‌സ് ഓഫീസില്‍ നേടിയ തുകള്‍ മറികടന്നിട്ടുണ്ടെങ്കിലും, ലോകമെമ്പാടുമായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് 25 കോടിയിലധികം പേര്‍ കണ്ട ഷോലെക്ക് സ്വന്തമാണ്.

Content highlight: The legendary film Sholay is getting ready for a re-release

We use cookies to give you the best possible experience. Learn more