| Wednesday, 21st October 2026, 5:29 pm

പിണറായി വിജയൻ ജയിലിൽ പോകും വരെ നിയമപോരാട്ടം തുടരും; നടക്കുന്നത് സി.പി.ഐ.എം–കോൺഗ്രസ് ഒത്തുകളിയെന്ന് ഷോൺ ജോർജ്ജ്

ശ്രീലക്ഷ്മി പി.പി

കൊച്ചി: പിണറായി വിജയൻ ജയിലിൽ പോകുന്നതുവരെ നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് ശക്തമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്ജ്.

സംസ്ഥാന സർക്കാരും സി.പി.ഐ.എമ്മും നടത്തുന്ന ഈ ഒത്തുകളിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭത്തിനും ജനകീയ ബോധവൽക്കരണത്തിനും ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്ജ്.

സുപ്രീം കോടതിയിൽ നിന്ന് ഒരാഴ്ചക്കാലത്തേക്ക് അന്വേഷണത്തിന് ഒരു സ്റ്റേ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അതിനപ്പുറത്തേക്ക് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ.സി.ഐ.ആറിനോ, എഫ്.ഐ.ആറിനോ യാതൊരുവിധ തടസവും കോടതി പറഞ്ഞിട്ടില്ലെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.

‘ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയ ലീവ് ടു അപ്പീൽ ഹരജി സെറ്റ് അസൈഡ് ചെയ്യുകയും, അവരുടെ അപ്പീൽ പരിഗണിക്കണം എന്നൊരു വിധി മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അല്ലാതെ ന്യായീകരണ തൊഴിലാളികൾ പ്രചരിപ്പിക്കുന്നതുപോലെ പിണറായി വിജയൻ രക്ഷപ്പെട്ടെന്നോ, സുപ്രീം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ തള്ളിക്കളഞ്ഞെന്നോ ഉള്ള വാദങ്ങളിൽ യാതൊരു കഴമ്പുമില്ല. കേവലം ഒരാഴ്ചത്തെ തടസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന്’ ഷോൺ പ്രതികരിച്ചു.

ഈ കേസിൽ ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും സുപ്രീം കോടതി അങ്ങേയറ്റം രൂക്ഷമായാണ് വിമർശിച്ചത്. വിഷയത്തിൽ സർക്കാരിന് കൃത്യമായ നിലപാടില്ലാത്തതിനെ കോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. സിംഗിൾ ബെഞ്ചിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നെങ്കിൽ അവർ അപ്പീൽ നൽകണമായിരുന്നു. പകരം പിണറായി വിജയനെ അപ്പീലിന് വിട്ടിട്ട്, സിംഗിൾ ബെഞ്ചിലെ അതേ നിലപാട് സർക്കാർ ഡിവിഷൻ ബെഞ്ചിലും ആവർത്തിക്കുകയാണുണ്ടായത് അദ്ദേഹം പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് ഷോൺ ജോർജ്ജ് ആരോപിച്ചു.

കേരളത്തിൽ ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നടക്കാതിരിക്കാനും, ദൽഹിയിൽ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴാതിരിക്കാനും രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് വി.ഡി. സതീശനും സർക്കാരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനുള്ള പ്രത്യുപകാരമാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെപ്പോലും വിമർശിക്കാൻ പാടില്ലെന്ന് എം.എ. ബേബി പാർട്ടി പ്രവർത്തകർക്ക് നൽകിയ തിട്ടൂരം. അഴിമതിക്കേസിൽ നിന്നും പിണറായി വിജയനെ രക്ഷിക്കാൻ കോൺഗ്രസിന് സി.പി.ഐ.എം എല്ലാ ഒത്താശയും നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള സെക്ഷൻ 447 നിലനിൽക്കുന്നതിനാൽ ഈ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇ.സി.ഐ.ആറിന്റെ ആവശ്യമില്ലെന്നും, കള്ളപ്പണ–ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള അന്വേഷണവുമായി മുന്നോട്ടുപോകാൻ ഇ.ഡിക്ക് തടസ്സമില്ലല്ലോ എന്നുമുള്ള സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും നൽകുന്ന ഒന്നാണെന്ന് ഷോൺ മാധ്യങ്ങളോട് പറഞ്ഞു.

സെക്ഷൻ 447 പ്രകാരമുള്ള ക്രൈം നിലനിൽക്കുന്നതിനാൽ ഇ.ഡിക്ക് അന്വേഷണം തുടരാൻ ഒരു തടസവുമില്ല. പ്രഥമദൃഷ്ട്യാ പിണറായി വിജയന് ആശ്വാസമെന്ന് തോന്നാമെങ്കിലും ഒരാഴ്ചത്തെ അന്വേഷണം നീട്ടിവെച്ചു എന്നതിനപ്പുറം മറ്റൊന്നും ഇതിലില്ല അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ എടുത്ത നിലപാടുകൾക്കെതിരായ കോടതിയുടെ വിമർശനം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ്. കഴിഞ്ഞ പത്ത് ദിവസമായി ബി.ജെ.പി പറയുന്നതും ഇതുതന്നെയാണ്. ‘ഇന്ത്യ’ മുന്നണിയുടെ ദൽഹി സമരം പൊളിയാതിരിക്കാൻ വേണ്ടിയുള്ള ഒത്തുകളിയാണിത് അദ്ദേഹം ആരോപിച്ചു.

‘പിണറായി വിജയനെതിരായ കേസ് നിയമപരമായി നേരിടണം എന്നല്ല, നയപരമായി നേരിടുന്നു എന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. ആ നയം രൂപപ്പെടുന്നത് ‘ഇന്ത്യ’ മുന്നണിയിൽ നിന്നാണ്. കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ സംസ്ഥാന നേതാക്കൾ സംസാരിക്കരുതെന്ന ഹൈക്കമാൻഡ് തീരുമാനം കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുമ്പോൾ, വിദേശയാത്ര പ്രശ്നമല്ലെന്ന് എം.എ. ബേബിയും ആവർത്തിക്കുന്നു.

ഈ കൊള്ളയ്ക്ക് സി.പി.ഐ.എമ്മും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന യാഥാർത്ഥ്യം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണം. പിണറായി വിജയൻ ജയിലിലാകും വരെ നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ടുപോകുമെന്നും, ഇരുമുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷോൺ ജോർജ്ജ് കൂട്ടിച്ചേർത്തു.

Content Highlight:The legal battle will continue until Pinarayi Vijayan goes to jail; what is happening is a collusion between the CPI(M) and the Congress, says Shaun George.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more