| Tuesday, 13th January 2026, 8:49 pm

അവസരവാദപരമായ നിലപാട്; ഐഷ പോറ്റിയെ ഇന്നത്തെ നിലയിലെത്തിച്ചത് ഇടതുപക്ഷം: സി.പി.ഐ.എം കൊല്ലം ജില്ലാ കമ്മിറ്റി

രാഗേന്ദു. പി.ആര്‍

കൊല്ലം: മുന്‍ എം.എല്‍.എ ഐഷ പോറ്റിയുടെ കൂറുമാറ്റത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടാണെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്.

ഐഷ പോറ്റിയെ രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും മൂന്ന് തവണ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിപ്പിച്ച് 15 വര്‍ഷക്കാലം എം.എല്‍.എ ആക്കുകയും ചെയ്തത് ഇടതുപക്ഷമാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

ഇക്കാലയളവില്‍ ഐഷ പോറ്റിയ്ക്ക് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതും സി.പി.ഐ.എമ്മാണ്. കൂടാതെ ഐഷ പോറ്റിയെ കേരള ബാര്‍ കൗണ്‍സിലില്‍ മെമ്പറായും സര്‍ക്കാര്‍ നിയമിച്ചു.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഐഷ സ്ഥിരമായി ചുമതലകള്‍ നിര്‍വഹിക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും സി.പി.ഐ.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.

സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും പല ഘട്ടങ്ങളിലും ഐഷ പോറ്റിയോട് പാര്‍ട്ടി നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ആ ഘട്ടങ്ങളിലെല്ലാം ശാരീരികമായും കുടുംബപരമായും ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും സി.പി.ഐ.എം പറയുന്നു.

അധികാരമുള്ളപ്പോള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയും അധികാരമില്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്ന നിലപാട് ഒരു ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ലെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍വമാക്കുന്ന കോണ്‍ഗ്രസിന്റെ കൂടാരത്തിലേക്ക് ഐഷ പോറ്റി എത്തിച്ചേര്‍ന്നത് ഏത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നിലെന്നും ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളാണ് ഐഷ പോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. അക്കാര്യം ഐഷ മറന്നുപോയത് ഖേദകരമാണെന്നും പ്രതികരണമുണ്ട്.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് പാര്‍ട്ടി അംഗത്വം നല്‍കി ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഐഷ പോറ്റി കൊട്ടാരക്കരയില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുണ്ട്.

Content Highlight: The Left has brought Aisha Potty to the position she is today: CPIM Kollam District Committee

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more