| Sunday, 27th September 2026, 6:48 pm

ആടിനെ പട്ടിയാക്കുന്ന പ്രവണത പ്രതിപക്ഷ നേതാവ് മാറ്റമില്ലാതെ തുടരുകയാണ്; മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആടിനെ പട്ടിയാക്കുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍.

ആരോഗ്യമേഖലയെ സ്വകാര്യ മേഖലയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ തീറെഴുതിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കെ. മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

‘ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ആടിനെ പട്ടിയാക്കുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ പൊതുജന ആരോഗ്യമേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയെന്ന ഇന്നലത്തെ പ്രസ്താവന.

ആരാണ് പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത്? സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സാധാരണക്കാരുടെ ജീവന്‍വച്ച് പന്താടിയത്? പിന്നിട്ട പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കൃത്യമായ ഉത്തരമുണ്ട്,’ അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടിരൂപയായിരുന്നെന്നും മരുന്ന് വാങ്ങിയ വകയില്‍ കെ.എം.എസ്.സി.എല്ലിന് ബാധ്യത 900 കോടിയും പത്തുവര്‍ഷംകൊണ്ട് ആരോഗ്യവകുപ്പിനെ പിന്നോട്ട് അടിച്ച സര്‍ക്കാരായിരുന്നു എല്‍.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.

’45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടി കമ്മീഷനടിച്ചവര്‍ ആരാണ്. ഇപ്പോള്‍ ഉപയോഗശൂന്യമായ ഇവ നശിപ്പിക്കാന്‍ 40 ലക്ഷം രൂപയാണ് ചെലവ്.

മാത്രമല്ല മുക്കിലും മൂലയിലും ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും, കമ്മീഷന്‍ പോക്കറ്റിലായി കഴിയുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചാല്‍ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് ഈ സ്മാരകങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടും. പണിപൂര്‍ത്തിയായ ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിയാണെങ്കില്‍ അതിനേക്കാള്‍ കഷ്ടം. ബലക്ഷയം, ചോര്‍ച്ച തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍.

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രി കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ റൂഫിംഗ് ചെയ്യാന്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കേണ്ടി വന്ന എം.എല്‍.എമാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് അങ്ങ് മറക്കരുത്.പര്‍ച്ചേസിന്റെയും നിര്‍മ്മാണത്തിന്റെയും പേരിലുള്ള കോടികള്‍ എവിടേക്കാണ് ഒഴുകിയതെന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാം,’ കുറിപ്പില്‍ പറഞ്ഞു.

പാതിയില്‍ നിലച്ച കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ ജീവനക്കാരെ നിയമിച്ച് നാടിന് പ്രയോജനകരമാക്കി മാറ്റാനുള്ള ദൗത്യമാണ് ഇന്ന് യു.ഡി.എഫ് സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘മരുന്നുകളെ കുറിച്ചും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വല്ലാതെ ആശങ്കപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മരുന്ന് ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണ്.

അതിന്റെ കണക്കുകള്‍ ലഭിക്കാന്‍ പ്രതിപക്ഷനേതാവിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. താരതമ്യപ്പെടുത്തി നോക്കിയാല്‍ മതിയാകും. കഴിഞ്ഞ കാലങ്ങളില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിവാങ്ങിയ എത്രയെത്ര മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തിയതെന്ന് പ്രതിപക്ഷനേതാവിന് അറിയാമോ?

മരുന്ന് വാങ്ങാനുള്ള പണത്തില്‍ നിന്ന് 19.5ലക്ഷം രൂപ മുടക്കി ടെന്നീസ് ക്ലബില്‍ അംഗത്വമെടുത്തത് അങ്ങയുടെ കാലത്താണെന്ന് മറന്നുപോയിട്ടുണ്ടാകില്ലല്ലോ? പത്തുവര്‍ഷത്തെ പര്‍ച്ചേസ് രീതികള്‍ പിന്തുടരാനല്ല, ജനങ്ങള്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്.

പാവപ്പെട്ടവനായത് കൊണ്ടുമാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവര്‍ നിലവാരമില്ലാത്ത മരുന്ന് കഴിക്കണമെന്ന സ്ഥിതി ഇനിയുണ്ടാകില്ല. ബ്രാന്‍ഡഡ് മരുന്ന് അതും കുറഞ്ഞ ചെലവില്‍ വാങ്ങി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയാണ്. അത് അങ്ങേയ്ക്കും കൂട്ടര്‍ക്കും ഇഷ്ടപ്പെടില്ലെന്ന് അറിയാം.

നിങ്ങളുടെ കാലത്ത് തഴച്ചു വളര്‍ന്ന പാര്‍ട്ടി ബന്ധുക്കളായ മരുന്ന് കമ്പനിക്കാരും ഏജന്റ്മാരും വഴിയാധാരമാകും. പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആശുപത്രികള്‍ ആരംഭിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളെ അവിടേക്ക് തള്ളിവിടുകയും ചെയ്തിരുന്ന ഇരുണ്ട കാലമായിരുന്നു പിന്നിട്ട പത്തുവര്‍ഷം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എത്ര എത്ര ഉദാഹരണങ്ങള്‍.

എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും പാര്‍ട്ടി നേരിട്ടോ ബിനാമി പേരിലോ നടത്തുന്ന ലാബുകളെ കുറിച്ചും ആശുപത്രി സ്ഥലങ്ങള്‍ കൈയ്യേറി സ്ഥാപനങ്ങളെ കുറിച്ചും അങ്ങ് ബോധപൂര്‍വം മറക്കരുത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ജനംവിലയിരുത്തട്ടെ,’ അദ്ദേഹം കുറിച്ചു.

Content Highlights: The Leader of the Opposition persists in the tendency to pass off a goat as a dog; Minister K. Muraleedharan responds.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more