| Wednesday, 4th November 2026, 9:55 pm

ആസ്റ്റൺ വില്ലക്കും സാധിച്ചില്ല; ബാഴ്സയുടെ മണ്ണിൽ ലിവർപൂൾ തലയുയർത്തി നിൽക്കും

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ വിജയമായിരുന്നു സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ സ്വന്തമാക്കിയിരുന്നത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നെതിരെ നേരിട്ട കനത്ത തോൽ‌വിയിൽ നിന്നും കറ്റാലന്മാർ ശക്തമായി തിരിച്ചുവരികയായിരുന്നു.

മറ്റൊരു ഇംഗ്ലീഷ് ടീം കൂടി ക്യാമ്പ്നൗവിൽ പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ പേരും ഫുട്ബോൾ സർക്കിളുകളിൽ സജീവമാവുകയാണ്. അവസാനമായി ചാമ്പ്യൻസ് ലീഗിൽ ക്യാമ്പ്നൗവിൽ ബാഴ്‌സയെ വീഴ്ത്തിയ ഇംഗ്ലീഷ് ടീം ലിവർപൂൾ ആയിരുന്നു. 2007 സീസണിലായിരുന്നു ലിവർപൂളിന്റെ വിജയം.

പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ 2-1നായിരുന്നു ലിവർപൂളിന്റെ വിജയം. ബാഴ്സക്ക് വേണ്ടി ഡെക്കോ ഗോൾ നേടിയപ്പോൾ ക്രെയ്ഗ് ബെല്ലമിയുടെയും ജോൺ ആർനെ റീസയിലൂടെയുമായിരുന്നു ലിവർപൂൾ തിരിച്ചടിച്ചത്. നീണ്ട 19 വർഷങ്ങൾ പിന്നിട്ടിട്ടും മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബിനും ബാഴ്സയുടെ മണ്ണിൽ വിജയം നേടാൻ സാധിച്ചിട്ടില്ലെന്നത് ബാഴ്‌സലോണയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരെയുള്ള വലിയ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം റഫീന്യയുടെ ഇരട്ട ഗോളുകളും യുവതാരം ലാമിൻ യമാലുമാണ് ബാഴ്സക്ക് വമ്പൻ വിജയം സമ്മാനിച്ചത്. ബാഴ്സയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് യമാലായിരുന്നു. മത്സരം തുടങ്ങി ഏഴാം മിനിട്ടിലായിരുന്നു യമാലിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 52ാം മിനിട്ടിൽ റഫീന്യയുടെ ഗോളിലൂടെ ബാഴ്സ വീണ്ടും ലീഡ് ഉയര്ത്തി. പിന്നീട് 64ാം മിനിട്ടിൽ താരം മൂന്നാം ഗോളും നേടി.

ഈ തകർപ്പൻ വിജയത്തോടെ യു.സി.എൽ പോയിന്റ് പട്ടികയിൽ നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു തോൽവിയും അടക്കം ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ. ലാ ലിഗയിൽ നവംബർ ഒമ്പതിനാണ് ബാഴ്സയുടെ അടുത്ത മത്സരം. കരുത്തരായ അത്ലറ്റികോ മാഡ്രിഡാണ് എതിരാളികൾ.

Content Highlight: The last English team to beat Barcelona at Camp Nou in the Champions League was Liverpool

Latest Stories

We use cookies to give you the best possible experience. Learn more