| Thursday, 15th May 2025, 12:20 pm

'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല'; കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ പ്രതിഷേധ റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്നലെ മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ റാലിക്കിടെയാണ് പ്രവര്‍ത്തകന്റെ കൊലവിളി മുദ്രാവാക്യം. എസ്.എഫ്.ഐ നേതാവായിരുന്ന നീരജിനെ കുത്തികൊലപ്പെടുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുദ്രാവാക്യം.

ധീരജിനെ കുത്തിയ കത്തി മിനുക്കിയെടുക്കുമെന്നടക്കം ഭീഷണി മുഴക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. മലപ്പട്ടത്ത് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഈ പ്രതിഷേധ റാലിയില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും സ്തൂപവും തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ റാലി. ജാഥ മലപ്പട്ടം ടൗണില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലീസ് ഇടപെടുകയായിരുന്നു.

നേരത്തെയും ധീരജിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകളെഴുതിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ ആയുധം കണ്ടിരുന്നതായായിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സെബിന്റെ വെളിപ്പെടുത്തല്‍.

താന്‍ പ്രതിയായിരുന്ന മറ്റൊരു കേസിന്റെ വിചാരണ കഴിഞ്ഞ് സുഹൃത്തുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ രണ്ടുപേരോടൊത്ത് പോവുന്ന വഴി അതിലൊരാള്‍ കൊലക്ക് ഉപയോഗിച്ച ആയുധം എന്ന് പറഞ്ഞ് ഒരു കത്തി എടുത്ത് കാണിച്ചുവെന്നായിരുന്നു സെബിന്‍ പറഞ്ഞത്. കേസില്‍ പ്രതികളെ പിടികൂടുന്നതിന് മുമ്പ് തന്നെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചവരുടെ ബന്ധം ഉപയോഗിച്ച് കൃത്യത്തിന് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്ത് നിന്നും മാറ്റിയിരുന്നുവെന്നും സെബിന്‍ പറഞ്ഞിരുന്നു.

Content Highlight: ‘The knife that stabbed Dheeraj was not lowered into the Arabian Sea’; Youth Congress workers raise slogans calling for murder in Kannur

We use cookies to give you the best possible experience. Learn more