| Friday, 1st August 2025, 9:18 pm

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം; ദേശീയ പുരസ്കാരത്തിൽ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിനെതിരായ പ്രൊപ്പഗണ്ട സിനിമയായ ‘കേരള സ്റ്റോറി’യ്ക്ക് എഴുപത്തിയൊന്നമത് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സ്റ്റോറിയ്ക്ക് പുരസ്‌കാരം നല്‍കിയതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മികച്ച സംവിധായകനും സിനിമാട്ടോഗ്രഫിക്കുമുള്ള ദേശീയ പുരസ്‌കാരങ്ങളാണ് കേരള സ്റ്റോറി നേടിയത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ നീക്കമാണ് ദേശീയ പുരസ്‌കാരത്തിലൂടെ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായ ഉര്‍വശിക്കും വിജയരാഘവനും മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു.

‘എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളിലെ അതുല്യ പ്രതിഭയാല്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതല്‍ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു,’ മുഖ്യമന്ത്രി കുറിച്ചു.

Content Highlight: Pinarayi Vijayan opposes awarding the 71st National Award to the propaganda film ‘Kerala Story’ against Kerala

We use cookies to give you the best possible experience. Learn more