| Monday, 23rd February 2026, 9:33 pm

കേരള സ്റ്റോറി പ്രമോഷന്‍; ലവ് ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 ഉത്തരേന്ത്യക്കാര്‍, കേരളത്തില്‍ നിന്നും ആരുമില്ല

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകള്‍ എന്തുകൊണ്ട് പ്രമോഷന്‍ വേദിയിലില്ലെന്ന ചോദ്യത്തിന് പിന്നാലെ പ്രകോപിതനായി ‘ദി കേരള സ്റ്റോറി 2’വിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ.

ഫെബ്രുവരി 27ന് റിലീസിനെത്തുന്ന ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ ഇന്ന് (തിങ്കള്‍) ദല്‍ഹിയില്‍ നടന്നിരുന്നു. പരിപാടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെയും പങ്കെടുപ്പിച്ചിരുന്നു.

എന്നാല്‍ ഇവരില്‍ ആരും തന്നെ വേദിയില്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുറച്ച് പേര്‍ ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു.

ഇതിനിടെ ‘എന്തുകൊണ്ട് കേരളത്തില്‍ നിന്നുള്ള ഇരകള്‍ വേദിയിലില്ല’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഈ ചോദ്യമാണ് നിര്‍മാതാവിനെ ചൊടിപ്പിച്ചത്.

നിങ്ങള്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നുമാണ് വിപുല്‍ അമൃത്‌ലാല്‍ നല്‍കിയ മറുപടി.

കേരളത്തില്‍ ലവ് ജിഹാദില്ലെന്ന സുപ്രീം കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അക്കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു അമൃത്‌ലാല്‍ ഷായുടെ പ്രതികരണം.

മാധ്യമങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ നിര്‍മാതാവ് അടക്കമുള്ളവര്‍ വേദി വിടുകയും ചെയ്തു. അതേസമയം ദി കേരള സ്റ്റോറി കേരളത്തിന് എതിരല്ലെന്നും ഷാ പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളെയോ സംസ്‌കാരത്തെയോ പൈശാചികവത്കരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അമൃത്‌ലാല്‍ ഷാ പറഞ്ഞു.

സമൂഹത്തിലേക്ക് വെളിച്ചം വീശാനാണ് സിനിമ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി രാജ്യം മുഴുവന്‍ വ്യാപിച്ചതെങ്ങനെയെന്നാണ് സിനിമ പറയുന്നതെന്നാണ് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് പ്രതികരിച്ചത്.

Content Highlight: The kerala story delhi promotion, director and producers claims love jihad

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more