| Tuesday, 6th October 2026, 7:09 pm

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയം: പിണറായി വിജയന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക് ജി. നന്ദകുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

പരിപാടിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും പിണറായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘കാസര്‍ഗോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണ്. സംഘപരിവാര്‍ സംഘടനയൊഴികെയുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണുണ്ടായത്,’ പിണറായി കുറിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനും ക്യാമ്പസുകളില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാദമിക് പരിപാടിയാണെന്നാണ് വാദമെങ്കില്‍ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആര്‍.എസ്.എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് സര്‍വകലാശാല അധികൃതര്‍ക്ക് പറയാനുള്ളത്? പരിപാടിക്കായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിര്‍ത്തുന്ന സ്ഥിതിയുമുണ്ടായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണങ്ങളുടെയും വര്‍ഗീയതയുടെയും ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലത്തും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്.

എന്നാല്‍, ഇത്തരം അറുപിന്തിരിപ്പന്‍ ശക്തികള്‍ക്ക് താവളമൊരുക്കാന്‍ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ ആര്‍.എസ്.എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത് എന്നും പിണറായി പറഞ്ഞു.

‘സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാന്‍ പൊലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉയരേണ്ടതുണ്ട്,’ അദ്ദേഹം കുറിച്ചു.

Content Highlights: The Kerala Police providing security for an RSS event at the Central University of Kasaragod is highly condemnable: Pinarayi Vijayan.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more