തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയം എൽ.ഡി.എഫ് പിന്തുണയോടെയാണ് സഭ പാസാക്കിയത്.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ഇത്തരമൊരു പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പും സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
‘തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെ അർഹരായ പൗരന്മാരെ പട്ടികയിൽ നിന്ന് കൂട്ടത്തോടെ നീക്കം ചെയ്തതായി പരാതികളുണ്ടെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്കിടെ പ്രമേയത്തിൽ ഭേദഗതികൾ ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. മുഖ്യമന്ത്രി നിയമവിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന് പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നും നിയമസഭ പിരിച്ചുവിടണമെന്നും ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇത് തള്ളി.
സംസ്ഥാനത്ത് 24 ലക്ഷത്തോളം വോട്ടർമാർ പുറത്തായെന്നും അതിന് നേതൃത്വം നൽകിയ ചീഫ് ഇലക്ടറൽ ഓഫീസർമാർക്കെതിരെ നടപടിയെടുക്കണമെന്ന കാര്യം പ്രമേയത്തിൽ ചേർക്കണമെന്നും സജി ചെറിയാൻ ഉൾപ്പെടെയുള്ള എം.എൽ.എമാർ ആവശ്യപ്പെട്ടു.
എന്നാൽ നാല് അംഗങ്ങൾ ഉന്നയിച്ച ഭേദഗതികളും സഭ തള്ളി.
അതേസമയം, ‘ലക്ഷക്കണക്കിന് വോട്ടർമാരെ പുറത്താക്കി’ എന്നതിന് പകരം ‘കോടിക്കണക്കിന് വോട്ടർമാരെ പുറത്താക്കി’ എന്ന് മാറ്റണമെന്ന് പിണറായി വിജയൻ വാക്കാൽ ഉന്നയിച്ച ഭേദഗതി പ്രമേയത്തിൽ ഉൾപ്പെടുത്തി.
പ്രമേയത്തെ ബി.ജെ.പി അംഗങ്ങൾ ശക്തമായി എതിർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കാനുള്ള നീക്കമാണിതെന്ന് ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ ആരോപിച്ചു. ബി.ജെ.പിയുടെ കടുത്ത വിയോജിപ്പോടെയാണ് പ്രമേയം സഭയുടെ അംഗീകാരം നേടിയത്.
Content Highlight:The Kerala Legislative Assembly passed a resolution against Election Commissioner Gyanesh Kumar.