| Friday, 12th September 2025, 1:03 pm

'ഏറ്റവും വലുത് വ്യക്തിസ്വാതന്ത്ര്യം'; പൊതുസുരക്ഷാ നിയമം ചുമത്തിയ കശ്മീരി യുവാവിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുവിലെ കിഷ്ത്വാറില്‍ പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തി കസ്റ്റഡിയിലെടുത്ത യുവാവിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ജമ്മു കശ്മീര്‍ ഹൈക്കോടതി. കിഷ്ത്വാര്‍ ജില്ലയിലെ ദൂള്‍ സ്വദേശിയായ മുഹമ്മദ് ജാഫര്‍ ഷെയ്ഖ് എന്ന യുവാവിന്റെ കരുതല്‍ തടങ്കലാണ് ജസ്റ്റിസ് എം.എ. ചൗധരി റദ്ദാക്കിയത്.

സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചത്.

ഇയാള്‍ക്കെതിരെ കിത്വാറില്‍ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഈശന്‍ ദദീചി കോടതിയെ അറിയിച്ചു. ഈ കേസുകള്‍ മുന്‍നിര്‍ത്തിയാണ് ഇയാള്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയത്.

1997, 2015, 2018 എന്നീ വര്‍ഷങ്ങളിലാണ് യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ എസ്.എസ്. അഹമ്മദ്, രാഹുല്‍ റെയ്‌ന എന്നിവര്‍ കോടതിയെ അറിയിച്ചു.

ഈ കേസുകളില്‍ തടങ്കലിന്റെ ആവശ്യകതയില്ലെന്നും ഇവര്‍ വാദിച്ചു. തടങ്കല്‍ ഉത്തരവിനെതിരെ സര്‍ക്കാരിനെ സമീപിക്കാന്‍ സാധിക്കുന്ന സമയപരിധി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാളെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നത്. ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് ജാഫര്‍ ഷെയ്ഖിനെതിരെ പി.എസ്.എ ചുമത്തപ്പെടുന്നത്.

എന്നാല്‍ ഇയാള്‍ക്കെതിരെ ചുമത്തിയ ഡി.ഡി.ആറില്‍ (ഡെയ്‌ലി ഡയറി റിപ്പോര്‍ട്ട്) തടങ്കലില്‍ വെക്കാനുള്ള ഒരു ക്രിമിനല്‍ പ്രവര്‍ത്തികളും രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡി.ഡി.ആര്‍ രേഖപ്പെടുത്തുന്നത് മാത്രം ഒരാളെ തടങ്കലില്‍ വെക്കാനുള്ള അടിസ്ഥാനമാകില്ലെന്നും ജസ്റ്റിസ് ചൗധരി വ്യക്തമാക്കി.

‘ഏറ്റവും വിലപ്പെട്ടതാണ് വ്യക്തിസ്വാതന്ത്ര്യം, ഒരുപക്ഷേ ഭരണഘടന ഉറപ്പുനല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യവും ഇതുതന്നെയാണ്. ഇതുകൊണ്ടാണ് ഭരണഘടനയുടെ നിര്‍മാതാക്കള്‍ ആര്‍ട്ടിക്കിള്‍ 22 പ്രകാരം സുരക്ഷാ നിയമങ്ങളുണ്ടാക്കിയത്.

വിചാരണ കൂടാതെ ഒരാളെ തടങ്കലില്‍ വെക്കാനുള്ള ഭരണകൂടത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനായാണ് ആര്‍ട്ടിക്കിള്‍ 21 കൊണ്ടുവന്നതെന്നും സുപ്രീം കോടതിയുടെ വിവിധ വിധി ന്യായങ്ങളെ ഉദ്ധരിച്ച് ജസ്റ്റിസ് ചൗധരി പറഞ്ഞു.

മറ്റ് കേസുകളില്‍ ആവശ്യമില്ലെങ്കില്‍ ഇയാളെ തടങ്കലില്‍ നിന്നും മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

Content highlight: The Jammu and Kashmir High Court has cancelled the preventive detention of a youth who was detained under the Public Safety Act in Kishtwar, Jammu.

We use cookies to give you the best possible experience. Learn more