ടെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി അമേരിക്ക ഉപയോഗിക്കുന്ന ഏത് ബ്രിട്ടീഷ് സൈനിക താവളവും തങ്ങളുടെ ലക്ഷ്യം (legitimate target) ആയിരിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഐ.ആര്‍.ജി.സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ അസ്ഥിരതയുടെ ‘മുഖ്യ ശില്പി’ എന്നാണ് ഐ.ആര്‍.ജി.സി ബ്രിട്ടനെ വിശേഷിപ്പിച്ചത്. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രഈലിന്റെയും സമീപകാല സൈനിക നീക്കങ്ങളില്‍ ലണ്ടന്‍ വലിയ പങ്കുവഹിച്ചതായും അവര്‍ ആരോപിച്ചു.
ബ്രിട്ടനിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് (RAF Fairford) എന്ന സൈനിക താവളത്തെ ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമുദ്രത്തിലെ കപ്പലുകളില്‍ നിന്നുള്ള ക്രൂയിസ് മിസൈലുകള്‍ തീര്‍ന്നതിനെത്തുടര്‍ന്ന്, അമേരിക്ക ഇപ്പോള്‍ ഫെയര്‍ഫോര്‍ഡില്‍ നിന്നുള്ള ബി-1 ബോംബര്‍ (B-1 bombers) വിമാനങ്ങളാണ് ഇറാനെതിരായ നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ അല്‍-ഉദൈദ് എയര്‍ ബേസിലുള്ള അമേരിക്കന്‍ ഇലക്ട്രോണിക് വാര്‍ഫെയര്‍ യൂണിറ്റിന് നേരെ തങ്ങള്‍ ആക്രമണം നടത്തിയതായും, അവിടുത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് കേടുപാടുകള്‍ വരുത്തിയതായും ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.
സമാധാന ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കയുടെ ആഹ്വാനങ്ങള്‍ വെറും തന്ത്രമാണെന്നും, തങ്ങളുടെ സൈനിക ശേഷി വീണ്ടെടുക്കാനുള്ള സമയം കണ്ടെത്താനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ‘വഞ്ചനാപരമായ വെടിനിര്‍ത്തലുകളില്‍’ നിന്ന് അമേരിക്കയ്ക്ക് ഗുണം ലഭിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ നീക്കങ്ങള്‍ക്ക് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്.
പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച കരാറിലൂടെ മുന്‍പ് സംഘര്‍ഷത്തിന് അയവ് വന്നിരുന്നെങ്കിലും, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ തര്‍ക്കങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.
Content highlight: The IRGC has warned that it will target British military bases used by the US to launch attacks against Iran.