| Monday, 1st December 2025, 7:53 am

എ.ഐ. അല്ല, ശബ്ദം രാഹുലിന്റേത് തന്നെ; കുരുക്ക് വീണ്ടും മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പുറത്തുവന്ന ശബ്ദ രേഖകളിലുള്ള ശബ്ദം രാഹുലിന്റേത് തന്നെയെന്ന് അന്വേഷണ സംഘം. പകുതിയോളം ശബ്ദരേഖകള്‍ പരിശോധിച്ച സാഹചര്യത്തിലാണ് ഈ നിഗമനം. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

പബ്ലിക് ഡൊമൈനില്‍ നിന്നുമാണ് രാഹലിന്റെ ശബ്ദ സാമ്പിളുകളെടുത്തത്. ശബ്ദരേഖയില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഡബ്ബിങ്, എ.ഐ സാധ്യതകളെയും പൂര്‍ണമായും തള്ളി. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന.

ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധനയും ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും.

അതേസമയം, രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്.ഐ.ടി സംഘം നടത്തിയത്.

പരിശോധനയില്‍ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഒരു മാസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ ലഭ്യമായില്ല. ഡി.വി.ആറിന്റെ ബാക്കപ്പ് കുറവായതിനാലാണ് ദൃശ്യങ്ങള്‍ ലഭിക്കാത്തതെന്നാണ് വിവരം.

തുടര്‍ന്ന് സമീപത്തെ സി.സി.ടി.വികള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.

ഫ്‌ളാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എം.എല്‍.എ ഓഫീസിലെ ജീവനക്കാരിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഫ്‌ളാറ്റിന് സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന ഫോണുകള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

രാഹുലിന്റെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫ്‌ളാറ്റിലെ കെയര്‍ടേക്കറില്‍ നിന്ന് ഉള്‍പ്പെടെ പൊലീസ് വിവരങ്ങള്‍ ശേഖരിക്കും.

രാഹുല്‍ ഒളിവില്‍ പോയ വഴി കണ്ടെത്താന്‍, പാലക്കാട് കണ്ണാടിയില്‍ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, കൊച്ചി കേന്ദ്രീകരിച്ചും രാഹുലിനു വേണ്ടി തിരച്ചില്‍ തുടരുകയാണ് അന്വേഷണസംഘം.

Content Highlight: The investigation team says the voice in the audio recordings released is Rahul Mamkoottathil’s.

We use cookies to give you the best possible experience. Learn more