| Sunday, 7th December 2025, 12:22 pm

'ദിലീപിനെ പൂട്ടണം' വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലക്ഷ്യം ഇരവാദം; അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വ്യാജമാണെന്നും ഇരവാദമായിരുന്നു ഇതിനുപിന്നിലെ ലക്ഷ്യമെന്നുമാണ് പ്രധാന കണ്ടെത്തല്‍.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് വിവരം. ഇതിലൂടെ ഗൂഢാലോചനയുടെ ഫലമായി കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടുവെന്ന് സ്ഥാപിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരുടെ വ്യാജ പ്രൊഫൈലും ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മാത്രമല്ല, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരിലുള്ള പ്രൊഫൈലും വ്യാജ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.

നിലവില്‍ നടിയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. 2012 മുതല്‍ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെന്നാണ് നടിയുടെ മൊഴി. കാവ്യ മാധവനുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞുവെന്ന് ദിലീപ് ചോദിച്ചിരുന്നു.

ലണ്ടന്‍ യാത്രക്കിടെയാണ് ഇക്കാര്യം ചോദിച്ചത്. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. തന്റെ കുടുംബജീവിതം തകര്‍ത്തത് താനാണെന്ന് ദിലീപ് പറഞ്ഞതായും നടി മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനുപുറമെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഗോവയില്‍ വെച്ചും നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കേരളത്തിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഷൂട്ടിനിടെ അപ്രതീക്ഷിതമായി നടി നാട്ടിലേക്ക് മടങ്ങിയതോടെ പദ്ധതി മുടക്കി. പിന്നീട് 2017 ഫെബ്രുവരി 17നാണ് പ്രതി കൃത്യം നടപ്പിലാക്കിയത്.

Content Highlight: The investigation team’s findings in the actress attack case are out

We use cookies to give you the best possible experience. Learn more