| Friday, 27th March 2026, 8:07 am

വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ അനുവദിക്കില്ല; നിയമം പാസാക്കി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി

ശ്രീരാഗ് പാറക്കല്‍

2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിലും ഭാവിയിലെ മറ്റ് ഗെയിംസിലും വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെയും ഡി.എസ്.ഡി (ഡിഫറന്റ് സെക്‌സ് ഡെവലപ്‌മെന്റ്) വിഭാഗങ്ങളെയും വിലക്കി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി.

ജൈവശാസ്ത്രപരമായി പുരുഷന്‍മാര്‍ സ്ത്രീകളുടെ വിഭാഗത്തില്‍ മത്സരിക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന കണ്ടെത്തലിലാണ് സുപ്രധാന തീരുമാനമെടുത്തതെന്ന് ഐ.ഒ.സി പ്രസിഡന്റ് കിര്‍സ്റ്റി കോണ്‍വെന്‍ട്രി പറഞ്ഞു.

ഭാവി ഒളിമ്പിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ അത്‌ലറ്റുകളും അവരുടെ ജൈവിക ലിംഗഭേദം നിര്‍ണയിക്കുന്നതിന് ഒരു തവണ എസ്.ആര്‍.വൈ (സെക്‌സ് ഡിറ്റര്‍മൈനിങ് റീജിയണ്‍ വൈ ജെന്‍) സ്‌കാനിങ്ങിന് വിധേയമാകേണ്ടി വരുമെന്ന് ഐ.ഒ.സി സ്ഥിരീകരിച്ചു.

വ്യക്തിഗത, ടീം സ്‌പോര്‍ട്ടുകള്‍ക്കും ബാധകമായ ഈ തീരുമാനം ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്ത്രീകളുടെ കായിക ഇനത്തിന്റെ നീതിയും സുരക്ഷയും സംരക്ഷിക്കുമെന്നും കോവെന്‍ട്രി പറഞ്ഞു.

‘ഒരു മുന്‍ കായികതാരമെന്ന നിലയില്‍, എല്ലാ ഒളിമ്പ്യന്മാര്‍ക്കും ന്യായമായ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവകാശങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. എല്ലാ കായികതാരങ്ങളെയും മാന്യമായും ബഹുമാനത്തോടെയും പരിഗണിക്കണം, കൂടാതെ അത്ലറ്റുകളെ അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുള്ളൂ. ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള സ്ത്രീ വിഭാഗം തീര്‍ച്ചയായും ആവശ്യമാണ്,’ കിര്‍സ്റ്റി കോണ്‍വെന്‍ട്രി പറഞ്ഞു.

സ്ത്രീ വിഭാഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഡി.എസ്.ഡി പങ്കാളിത്തം സംബന്ധിച്ച വിഷയവുമായി സ്‌പോര്‍ട്സ് ഗെയിംസില്‍ കാലങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2021ല്‍, ന്യൂസിലാന്‍ഡ് വെയ്റ്റ് ലിഫ്റ്റര്‍ താരം ലോറല്‍ ഹബ്ബാര്‍ഡ് പരിവര്‍ത്തനത്തിനുശേഷം ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി.

Content Highlight: The International Olympic Committee has banned transgender women and DSD from competing in the women’s category at the Olympics

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more