ജെറുസലേം: ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികളെ ഒരിക്കലും തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാമെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആര്‍.സി). ഇവരുടെ ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് ഉടന്‍ തന്നെ എത്തിച്ചേരുമെന്നും ഐ.സി.ആര്‍.സി വക്താവ് പാറ്റ് ഗിഫിന്‍സ് പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഗസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ശ്രമങ്ങളില്‍ പ്രതിസന്ധി നേരിടുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം തിരിച്ചറിയാനാവില്ലെന്ന് ജെറുസലേമിലെ ഐ.സി.ആര്‍.സി വക്താവായ ഗിഫിന്‍സ് പറയുന്നു. കൂടുതല്‍ സമയം കഴിയുംതോറും ശരീരങ്ങള്‍ കൂടുതല്‍ അഴുകുകയാണ്. ചില ശരീരങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും അസ്ഥികൂടം മാത്രമായി മാറിയിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് 61 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് കുമിഞ്ഞ് കൂടിയിട്ടുള്ളത്. ചുരുങ്ങിയത് 10,000 ഫലസ്തീനികളുടെയെങ്കിലും ശരീരങ്ങള്‍ ഇതിനകത്ത് പെട്ടുകിടക്കുന്നതായാണ് കണക്കാക്കുന്നത്.
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളെ നീണ്ട കാലതാമസം പ്രതികൂലമായി ബാധിക്കുകയാണ്. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഭാവിയില്‍ എങ്ങനെ മുന്നോട്ട് പോവും എന്നത് സംബന്ധിച്ചും ഇത് പ്രതിസന്ധി ഉയര്‍ത്തുന്നതായും റെഡ് ക്രോസ് വക്താവ് വ്യക്തമാക്കി.
കാലതാമസത്തിന് പുറമെ പാരിസ്ഥിതികമായ സാഹചര്യങ്ങള്‍, പലായനങ്ങള്‍ എന്നിവയും കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതില്‍ തടസ്സമാവുന്നുണ്ട്. പലായനം നടക്കുന്ന മേഖലയായതിനാല്‍ കൊല്ലപ്പെട്ടവരെ പ്രദേശം അടിസ്ഥാനമാക്കി മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു.
മണ്‍വെട്ടിയും പിക്ക്ആക്‌സും പോലുള്ള നാടന്‍ ഉപകരണങ്ങളുപയോഗിച്ചും വെറും കൈകൊണ്ട് അവശിഷ്ടങ്ങള്‍ മാന്തി നോക്കിയുമാണ് കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ ശ്രമിക്കുന്നതെന്നും ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എക്‌സ്‌കവേറ്ററുകള്‍ പോലുള്ള സംവിധാനങ്ങളുപയോഗിച്ച് തിരച്ചില്‍ നടത്തിയാല്‍ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയും. എന്നാല്‍ അതിനുള്ള അനുമതി ലഭിക്കുന്നില്ലെന്നും റെഡ് ക്രോസ് വക്താവ് പറഞ്ഞു.
മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കഴിയാതിരിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നതായി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരുടെ അവശിഷ്ടം ലഭിച്ചാല്‍ അവരുടെ ഉയരം മറ്റ് ശാരീരിക പ്രത്യേകതകള്‍ ഒപ്പമുള്ള വസ്തുക്കള്‍ തുടങ്ങിയ കാര്യങ്ങളാണ്് ഫൊറന്‍സിക് വിദഗ്ധര്‍ തിരിച്ചറിയാനായി പരിശോധിക്കുക. ഇതിനൊപ്പം ഡിജിറ്റല്‍ റെക്കോഡുകളുമായി ഈ വിവരങ്ങള്‍ ഒത്ത് നോക്കും. എന്നാല്‍ ശരീരങ്ങള്‍ കണ്ടെടുക്കാന്‍ വൈകുന്നതിനാല്‍ ഈ തിരിച്ചറിയല്‍ ശ്രമങ്ങള്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് റെഡ് ക്രോസ് വ്യക്തമാക്കി.
കാലതാമസം വരുന്നത് കാരണം ഡി.എന്‍.എ പരിശോധന വഴിയുള്ള തിരിച്ചറിയലും അസാധ്യമാകുന്നതായും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മിലാന്‍ സര്‍വകലാശാലയിലെ ഫൊറന്‍സിക് പാതോളജി പ്രൊപസര്‍ ഡോ ക്രിസ്റ്റീന കറ്റനെയോ ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നത്.
Content Highlight: The International Committee of the Red Cross (ICRC) has warned that thousands of Palestinians believed to be buried beneath Gaza’s rubble