| Thursday, 29th October 2026, 3:43 pm

വിദ്യാർത്ഥികളെ വേട്ടയാടുന്ന കേന്ദ്രം ഒരു അമേരിക്കൻ സായുധ കുറ്റവാളിക്ക് മുന്നിൽ മുട്ടുമടക്കുന്നു.

ശ്രീലക്ഷ്മി പി.പി

പശ്ചിമേഷ്യൻ യുദ്ധഭൂമികളിൽ ക്യാമറയും തോക്കുമേന്തി സ്വയം ‘സ്വാതന്ത്ര്യസമര സേനാനി’ എന്ന് വിശേഷിപ്പിച്ച ഒരു അമേരിക്കൻ പൗരൻ, ഒടുവിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിലെ നിരോധിത സായുധ സംഘടനകൾക്ക് ആയുധപരിശീലനം നൽകിയ കേസിൽ പിടിയിലാകുന്നു.

തുടർന്ന് രാജ്യം സാക്ഷ്യം വഹിച്ചത് കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ഭരണകൂടത്തിന്റെയും വിചിത്രവും സംശയാസ്പദവുമായ ഒത്തുകളികൾക്കാണ്.

സാധാരണ പൗരന്മാർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ നിസാര കാരണങ്ങൾക്ക് യു.എ.പി.എ ചുമത്തി തടവിലിടുന്ന ഒരു സംവിധാനം, രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഇത്രയും ഗുരുതരമായ കേസിൽ വിദേശ പൗരന്മാർക്ക് മുന്നിൽ വഴങ്ങിനിൽക്കുന്ന കാഴ്ച വലിയ രാഷ്ട്രീയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

വടക്കുകിഴക്കൻ അതിർത്തിയിലെ കേസും എൻ.ഐ.എയുടെ ഒത്തുകളിയും

2026 മാർച്ചിലാണ് അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻഡൈക്കും മറ്റ് ആറ് യുക്രേനിയൻ പൗരന്മാരും (ഹുർബ പെട്രോ, താരാസ് സ്ലിവാക്, ഇവാൻ സുക്മനോവ്സ്കി, മരിയൻ സ്റ്റെഫാൻകിവ്, മാക്സിം ഹോൺചാരുക്, വിക്ടർ കാമിൻസ്കി) കൊൽക്കത്ത, ലഖ്‌നൗ, ദൽഹി വിമാനത്താവളങ്ങളിൽ നിന്നായി എൻ.ഐ.എയുടെ പിടിയിലാകുന്നത്.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഈ സംഘം അതീവ നിയന്ത്രിത മേഖലയായ അസം, മിസോറാം വഴി അതിർത്തി കടന്ന് മ്യാൻമറിലേക്ക് കടക്കുകയും, മ്യാൻമറിലെ സായുധ വംശീയ ഗ്രൂപ്പുകൾക്കും ഇന്ത്യയിലെ നിരോധിത വിഘടനവാദ സംഘടനകൾക്കും അത്യാധുനിക യൂറോപ്യൻ ആയുധങ്ങളും ഡ്രോണുകളും എത്തിച്ചുനൽകി പരിശീലനം നൽകിയെന്നുമായിരുന്നു എൻ.ഐ.എയുടെ കണ്ടെത്തൽ.

ബംഗ്ലാദേശ്, മ്യാൻമർ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിലെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒരു സ്വതന്ത്ര ‘ക്രിസ്ത്യൻ രാജ്യം’ രൂപീകരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെളിപ്പെടുത്തലുകളുമായി ഈ നീക്കങ്ങൾ ചേർത്തു വായിക്കപ്പെട്ടു.

എന്നാൽ തുടക്കത്തിൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയതിന് യു.എ.പി.എ സെക്ഷൻ 18 ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയ കേസ്, പിന്നീട് എൻ.ഐ.എ കൈകാര്യം ചെയ്ത രീതി കടുത്ത ദുരൂഹതകൾ നിറഞ്ഞതായിരുന്നു.

കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ നിന്ന് യു.എ.പി.എ വകുപ്പുകൾ നിഗൂഢമായി നീക്കം ചെയ്യപ്പെടുകയും പകരം ലഘുവായ ഫോറിനേഴ്സ് ആക്ടിലെ വകുപ്പുകൾ മാത്രമാക്കി കേസ് ഒതുക്കുകയും ചെയ്തു.

കൃത്യസമയത്ത് പര്യാപ്തമായ തെളിവുകൾ സഹിതം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ആറുമാസത്തെ തിഹാർ ജയിൽവാസത്തിന് ശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം (Default Bail) ലഭിക്കുകയും അവർ സ്വന്തം രാജ്യങ്ങളിലേക്ക് കടക്കുകയും ചെയ്തു.

ഒക്ടോബർ 23-ന് വാൻഡൈക്ക് വീണ്ടും ദൽഹി കോടതിയിൽ ഹാജരായപ്പോൾ, അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടതല്ലാതെ ഇയാൾ യു.എസിലേക്ക് മടങ്ങുന്നതിനെ എൻ.ഐ.എ എതിർത്തതുമില്ല.

ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും രാഷ്ട്രീയ വിധേയത്വവും

ഫേസ്ബുക്ക് പോസ്റ്റുകളുടെയോ ലഘുലേഖകളുടെയോ പ്രസംഗങ്ങളുടെയൊക്കെ പേരിൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ വർഷങ്ങളോളം ജാമ്യം നിഷേധിക്കപ്പെടുന്ന കൊടും യു.എ.പി.എ വകുപ്പുകൾ ചുമത്തുന്ന നരേന്ദ്ര മോദി–അമിത് ഷാ ഭരണകൂടമാണ് രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ആയുധപരിശീലനം നടത്തിയ ഒരു വിദേശ കൂലിപ്പട്ടാള സംഘത്തിന് സുരക്ഷിതമായി രാജ്യം വിടാൻ സൗകര്യമൊരുക്കിയത്.

2012-ൽ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികർക്ക് കോടതി ഇളവ് നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ പശ്ചാത്തലം ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ നരേന്ദ്ര മോദിയുടെ പഴയ നിലപാടുകൾ ഇവിടെ പൂർണമായും വിസ്മരിക്കപ്പെടുന്നു.

രാജ്യത്തിന്റെ അതിർത്തി സുരക്ഷയെയും ആഭ്യന്തര ഭദ്രതയെയും അപകടത്തിലാക്കിയ ഒരു അമേരിക്കൻ പൗരന് മുന്നിൽ കേന്ദ്ര ആഭ്യന്തര വകുപ്പും അന്വേഷണ ഏജൻസികളും സ്വീകരിച്ച ഈ ഒത്തുതീർപ്പ് സമീപനം വിദേശ സമ്മർദ്ദങ്ങൾക്ക് മുന്നിലുള്ള നയതന്ത്ര വിധേയത്വത്തെയും രാഷ്ട്രീയ ഇരട്ടത്താപ്പിനെയുമാണ് തുറന്നുകാട്ടുന്നത്.

ആരാണ് യഥാർത്ഥത്തിൽ മാത്യു വാൻഡൈക്ക്?

1979 ജൂൺ 11-ന് യു.എസിലെ മേരിലാൻഡിലാണ് മാത്യു ആരോൺ വാൻഡൈക്ക് ജനിച്ചത്. മേരിലാൻഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് സെക്യൂരിറ്റി സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഇയാൾ, സി.ഐ.എയിൽ ചേരാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട് പശ്ചിമേഷ്യൻ യുദ്ധമേഖലകളിലേക്ക് ക്യാമറയുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു. 2014-ൽ പുറത്തിറങ്ങിയ ‘പോയിന്റ് & ഷൂട്ട്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇയാൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു ഡോക്യുമെന്ററി പ്രവർത്തകനിൽ നിന്ന് സായുധ പോരാളിയായും പിന്നീട് സ്വകാര്യ സൈനിക കരാറുകാരനായും മാറിയ ചരിത്രമാണ് വാൻഡൈക്കിന്റേത്. 2011-ൽ ലിബിയൻ ആഭ്യന്തരയുദ്ധത്തിൽ മുഅമ്മർ ഗദ്ദാഫിക്കെതിരായ വിമത സൈന്യത്തിനൊപ്പം ചേർന്ന വാൻഡൈക്ക് മാസങ്ങളോളം അബു സലിം ജയിലിൽ കഴിഞ്ഞിരുന്നു.

ജയിൽ തകർത്ത് രക്ഷപ്പെട്ട ശേഷം നാട്ടിലേക്ക് മടങ്ങാതെ വിമതരുടെ നാഷണൽ ലിബറേഷൻ ആർമിയിൽ ചേർന്ന് സിർട്ടെ ഉൾപ്പെടെയുള്ള യുദ്ധമുഖങ്ങളിൽ റഷ്യൻ നിർമ്മിത ഡി.എസ്.എച്ച്.കെ (DShK) മെഷീൻ ഗണ്ണുമായി നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തു.

തുടർന്ന് രൂപീകരിച്ച ‘സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ’ (SOLI) എന്ന സ്വകാര്യ സൈനിക സ്ഥാപനത്തിലൂടെ ഇറാഖിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന കുർദിഷ് പോരാളികൾക്കും പ്രാദേശിക ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കും ഗറില്ലാ യുദ്ധമുറകളിലും ഡ്രോൺ ഓപ്പറേഷനുകളിലും സ്പെഷ്യൽ ഫോഴ്സ് മാതൃകയിലുള്ള പരിശീലനമാണ് ഇയാൾ നൽകിയത്.

കൂടാതെ റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനിയൻ സൈനികർക്ക് ഡ്രോൺ പരിശീലനം നൽകുന്നതിലും വെനസ്വേലയിലെ വിമത നീക്കങ്ങളിലും ഇയാൾ സജീവ പങ്കുവഹിച്ചിരുന്നു.

പശ്ചിമേഷ്യയിലും ഉക്രൈനിലും നടത്തിയ സമാന സൈനിക ദൗത്യങ്ങളാണ് വാൻഡൈക്ക് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ വിദേശകാര്യ നയതന്ത്രങ്ങളുടെയും രാഷ്ട്രീയ ഒത്തുതീർപ്പുകളുടെയും മറവിൽ ആ കൊടും കുറ്റകൃത്യം വിചാരണ പോലുമില്ലാതെ തമസ്കരിക്കപ്പെടുകയാണ് ചെയ്തത്.

സ്വന്തം ജനതയുടെ അവകാശപ്പോരാട്ടങ്ങളെയും പ്രതിഷേധങ്ങളെയും ക്രൂരമായി അടിച്ചമർത്തുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന അതേ ഭരണകൂടം തന്നെ, അതിർത്തി സുരക്ഷയെ അപകടപ്പെടുത്തിയ കൊടും കുറ്റവാളികൾക്ക് മുന്നിൽ ഭയപ്പാടോടെ കീഴടങ്ങുന്നത് പ്രകടമായ രാഷ്ട്രീയ ഇരട്ടത്താപ്പും പരമാധികാരത്തോടുള്ള വഞ്ചനയുമാണ്.

Content Highlight:The institution that hounds students bows down before an armed American criminal.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more