| Sunday, 2nd February 2025, 10:03 am

ഡി സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കിയ കെ.എസ്.യുക്കാരെ ആംബുലന്‍സില്‍ രക്ഷപ്പെടുത്തിയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ കേരള വര്‍മ കോളേജ് യൂണിറ്റ് സെക്രട്ടറിയെ മര്‍ദിച്ച കെ.എസ്.യു നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ആംബുലന്‍സില്‍ കയറ്റി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിനെയാണ്‌ സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് ഡി സോണ്‍ കലോത്സവം മാള ഹോളിഗ്രേസ് കേളേജില്‍ വെച്ച് നടക്കുന്നതിനിടയില്‍ കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറയുമായ ആശിഷിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്. കെ.എസ്.എയു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് കമ്പി വടി ഉള്‍പ്പടെ ഉപയോഗിച്ച് ആശിഷിനെ ആക്രമിച്ചത്.

വിദ്യാര്‍ത്ഥികളെ സംഘര്‍ഷ സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പുകളില്‍ കയറ്റി മാറ്റാനായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. എന്നാല്‍ ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പടെയുള്ളവരെ കെ.എസ്.യു നേതാക്കള്‍ തന്നെ തയ്യാറാക്കിയ ആംബുലന്‍സില്‍ കയറി രക്ഷപ്പെടാന്‍ പൊലീസ് സഹായിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പിന്നീട് പുറത്തുവരികയും ചെയ്തു. ഈ സംഭവത്തിലാണ് ഇപ്പോള്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

പ്രതികള്‍ ആംബുലന്‍സില്‍ നിന്നെടുത്ത സെല്‍ഫി ഉള്‍പ്പടെ പുറത്തു വന്നിരുന്നു. ആംബുലന്‍സില്‍ ഉല്ലാസയാത്രക്ക് പോകുന്ന രീതിയില്‍ ചിരിച്ച് ആഘോഷിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ആംബുലന്‍സ് പിന്നീട് ഒരു സംഘം കാറിലെത്തി തടയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തരാണ് ആംബുലന്‍സ് തടഞ്ഞതെന്ന് കെ.എസ്.യു ആരോപിക്കുകയും ചെയ്തു.

സംഭവത്തില്‍ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്. അക്രമം നടന്ന തൊട്ടടുത്ത ദിവസം തന്നെ ഗോകുല്‍ ഗുരുവായര്‍ ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആശിഷ് ഇപ്പോഴും ചികിത്സയിലാണ്.

ഡി സോണ്‍ കലോത്സവത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ സോണല്‍ കലോത്സവങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. മണ്ണാര്‍ക്കാട് വെച്ച് നടന്ന എ. സോണ്‍ കലോത്സവത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി.

content highlights: The inspector who rescued the KSU students in an ambulance who created a conflict at the D Zone arts festival has been suspended.

We use cookies to give you the best possible experience. Learn more