| Monday, 26th October 2026, 12:08 pm

ഇന്ത്യന്‍ പ്രവാസി സമൂഹം സമാധാനം ആഗ്രഹിക്കുന്നവരാണ്; തെരുവിലറങ്ങി പ്രശ്‌നമുണ്ടാക്കില്ല: യൂറോപ്പിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ പിയുഷ് ഗോയല്‍

നിഷാന. വി.വി

ബെര്‍ലിന്‍: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പുകഴ്ത്തി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍.

ഇന്ത്യന്‍ പ്രവാസി സമൂഹം സമാധാന പ്രിയരാണെന്നും തെരുവിലിറങ്ങി പൊതുസമൂഹത്തിന് ബുദ്ധിമുട്ടാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാറില്ലെന്നും പിയുഷ് ഗോയല്‍ പറഞ്ഞു. ജര്‍മനിയിലെ ബെര്‍ലിനില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

‘ പ്രവാസി ഇന്ത്യക്കാര്‍ എപ്പോഴും സമാധാനപരമായ ജീവിത രീതി ഇഷ്ടപ്പെടുന്നവരാണ്, അവര്‍ ഒരിക്കലും തെരുവിലിറങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിക്കുന്ന ആദരവും സ്വീകാര്യതയും പ്രധാനമാണ്,’ ഗോയല്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിക്കുന്ന ബഹുമാനവും സ്വീകാര്യതയും വളരെ വലുതാണെന്ന് പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ‘നിങ്ങള്‍ ഏതു രാജ്യത്താണോ ജീവിക്കുന്നത്, അവിടെ നിങ്ങള്‍ക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുണ്ട് എന്നതും ആളുകള്‍ നിങ്ങളെ എത്രത്തോളം സ്വാഗതം ചെയ്യുന്നു എന്നതുമാണ് പ്രധാനം.

ഇന്ത്യക്കാര്‍ പൊതുസ്വത്ത് നശിപ്പിക്കാനോ തെരുവില്‍ ക്രമസമാധാനം തകര്‍ക്കാനോ മുതിരാറില്ലെന്ന് അവിടുത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന, സമാധാനകാംഷികളായ ഒരു സമൂഹമാണ് ഇന്ത്യക്കാരുടേത്. അപൂര്‍വ്വം ചില അനാവശ്യ സംഭവങ്ങള്‍ എവിടെയെങ്കിലും നടന്നേക്കാമെങ്കിലും, അത് നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല,’ പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇറ്റലി, ഫ്രാന്‍സ്, അല്‍ബേനിയ തുടങ്ങി 11 രാജ്യങ്ങളില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന് കൊണ്ടിരിക്കവെയാണ് ഇത്തരത്തിലുള്ള പരാമര്‍ശം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിലും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ ഒരു സന്ദര്‍ഭത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

Content Highlight: The Indian diaspora community desires peace; they will not take to the streets to create trouble: Piyush Goyal, amidst protests in Europe.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more