| Wednesday, 7th October 2026, 4:03 pm

വീണ്ടും പ്രതിഷേധത്തിന് കളം ഒരുക്കി ഇന്ത്യാ മുന്നണി; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദൽഹിയിൽ എം.പിമാരുടെ മാർച്ച്, തടഞ്ഞ് പൊലീസ്

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധത്തിന് കളം ഒരുക്കി ഇന്ത്യാ മുന്നണി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ എം.പിമാർ കൂട്ടത്തോടെ തെരുവിലിറങ്ങി.

ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് പ്രതിപക്ഷ പാർട്ടികൾ തുടക്കമിട്ടിരിക്കുന്നത്.

ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവർ രാജ്യദ്രോഹികളാണെന്ന് ആരോപിച്ച അദ്ദേഹം, തനിക്കെതിരെ ഭരണകൂടം ചുമത്തുന്ന ഓരോ എഫ്.ഐ.ആറുകളും ജനങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ ലഭിക്കുന്ന മെഡലുകളാണെന്നും തുറന്നടിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ ക്ഷണപ്രകാരം ജൻപഥിലെ ഹോട്ടലിൽ ഒത്തുചേർന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പ്രതിപക്ഷ എം.പിമാർ സംയുക്ത സമരത്തിലേക്ക് കടന്നത്. തുടർന്ന് എം.പിമാരെ ജന്തർ മന്ദിറിലെ സമരവേദിയിലെത്തിക്കാൻ മൂന്ന് ബസുകൾ സജ്ജമാക്കിയിരുന്നു.

‘ഇലക്ഷൻ കമ്മീഷൻ, നോട്ട് ബി.ജെ.പി കമ്മീഷൻ’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് എം.പിമാർ വാഹനങ്ങളിൽ കയറിയത്.

ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖ നേതാക്കൾ സമരമുഖത്ത് മുൻനിരയിൽ അണിനിരന്നു.

എം.പിമാരുമായി തിരിച്ച ബസുകൾ ജന്തർ മന്ദിറിലേക്ക് കടക്കാൻ അനുവദിക്കാതെ ജൻപഥ് റോഡിൽ വെച്ച് തന്നെ ദൽഹി പൊലീസ് തടഞ്ഞു. റോഡിൽ വലിയ തോതിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വഴി തടസ്സപ്പെടുത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

ഒന്നാമത്തെ ബസ് പൊലീസ് ബാരിക്കേഡിന് മുന്നിലെത്തിയപ്പോൾ എംപി.മാരുമായി അനുരഞ്ജന ചർച്ചയ്ക്ക് പൊലീസ് ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാക്കൾ വഴങ്ങാൻ തയ്യാറായില്ല.

‘മാറി നിൽക്കൂ പൊലീസേ’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കി നേതാക്കൾ പ്രതിഷേധം തുടർന്നതോടെ രണ്ട് ബസുകളും പൂർണമായി പൊലീസ് വളഞ്ഞു.

ഇതിനിടയിൽ സംഭവസ്ഥലത്ത് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ പോലും നീക്കാൻ പൊലീസ് ശ്രമം നടത്തി. വൻ പൊലീസ് സന്നാഹമാണ് നിലവിൽ ജൻപഥ് റോഡിൽ ക്യാമ്പ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധം രാജ്യവ്യാപകമായി കടുപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.

Content Highlight:The INDIA bloc is gearing up for protests once again; MPs marched in Delhi demanding the Election Commissioner’s resignation but were stopped by the police.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more