ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്തുന്ന സമരം തുടരുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുന്നണിയുടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ച നടത്തി. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളിലെ നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കണ്ടു.
തിങ്കളാഴ്ച ഇന്ത്യ മുന്നണി നടത്തിയത് ഐതിഹാസിക സമരമാണെന്നും ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നും ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും ജനങ്ങളുടെ ആശങ്കകള്‍ അതീവ ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും കൂടി ഉന്നയിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
‘ഒന്നായിട്ടാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്, ഇന്ത്യയുടെ ജനാധിപത്യം പുനസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യമുള്ള ഒരൊറ്റ സമരമാണിത്. ഭരിക്കുന്നവര്‍ ജനാധിപത്യത്തെ നശിപ്പിച്ചിരിക്കുന്നു. ഭരണഘടന കീറിയെറിഞ്ഞിരിക്കുന്നു. നമ്മുടെ ജനാധിപത്യ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ജന്തര്‍ മന്തര്‍ ഇനി ഉപയോഗിക്കാനാവില്ല’, രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിച്ചിട്ട് രക്ഷപ്പെടാന്‍ ആര്‍ക്കും ആകില്ലെന്നും ജനങ്ങള്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിങ്കളാഴ്ചത്തെ സമരത്തില്‍ കണ്ടത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനമല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങളുടെ പ്രകടനമായിരുന്നെന്നും പോരാട്ടം ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഗ്യാനേഷ് കുമാര്‍ ഭരണകക്ഷിയുടെ ടീമില്‍ ചേര്‍ന്നുവെന്നും വോട്ടുകളും പ്രതിഷേധ വേദിയും ജനാധിപത്യവും കവര്‍ന്നെടുക്കുന്നുവെന്നും സി.പി.ഐ.എം നേതാവ് എം.എ. ബേബി പറഞ്ഞു.
നമ്മള്‍ ജനങ്ങളും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണിതെന്നും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഒരേ ഒരു പൊതുശത്രു ബി.ജെ.പിയാണെന്നും ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു.
‘ജനാധിപത്യത്തെ തകര്‍ക്കാനും വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും കവര്‍ന്നെടുക്കാനും ശ്രമിച്ചാല്‍ ഞങ്ങള്‍ നിശബ്ദരായിരിക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കില്‍, അതവരുടെ വ്യാമോഹം മാത്രമാണ്. ഇന്ത്യയെ ഒരു ജനാധിപത്യരാജ്യമാക്കാന്‍ ബി.ജെ.പി ഒരിക്കലും പോരാടിയിട്ടില്ല; ഈ രാജ്യത്തെ ജനങ്ങളാണ് തങ്ങളുടെ ത്യാഗങ്ങളിലൂടെ അത് സാധ്യമാക്കിയത്. കവര്‍ന്നെടുത്ത ജനവിധിയോ ദുര്‍ബലപ്പെടുത്തിയ ജനാധിപത്യമോ ഞങ്ങള്‍ അംഗീകരിക്കില്ല’, നേഹ ബോറ പറഞ്ഞു.
ഭാരതരത്‌ന ഡോ. ബാബാസാഹേബ് അംബേദ്കര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഭരണഘടനയിലൂടെ നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്നും ഒരൊറ്റ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ വ്യക്തി, ഈ അവകാശങ്ങളെ ചവിട്ടിമെതിക്കാന്‍ ശ്രമിച്ചുകൊണ്ട് ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്നും എന്‍.സി.പി-എസ്.സി.പി എം.പി സുപ്രിയ സൂലെ പറഞ്ഞു.
‘ഗ്യാനേഷ് കുമാര്‍ നയിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയിലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയാണെന്ന കാര്യം ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവിലെ രീതിയില്‍ തുടരുന്നിടത്തോളം കാലം ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ നടക്കില്ല’, തൃണമൂല്‍ (മമത വിഭാഗം) എം.പി സാഗരിക ഘോഷ് പറഞ്ഞു.
ഗ്യാനേഷ് കുമാര്‍ ഒരു മാഫിയയാണെന്നും അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ശിവസേന (യു.ബി.ടി)എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്നും അവര്‍ ഭയപ്പെട്ടിരിക്കുകയാണെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ചരിത്രപ്രധാനമായ സമരവേദിയായ ജന്തര്‍ മന്തറില്‍ നിന്ന് ദല്‍ഹി അതിര്‍ത്തികളിലേക്ക് സമരസ്ഥലം മാറ്റിയതില്‍ നിന്ന് തന്നെ ഈ ഭയം വ്യക്തമാണെന്ന് തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: The INDIA alliance is fully united to protect democracy and the Constitution.