| Friday, 2nd October 2026, 10:40 pm

Dool in Depth: നേട്ടം നെതന്യാഹുവിന്, ഇറാനുമായി ബന്ധിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു: ഫ്‌ളൈദുബായ് സംഭവത്തെക്കുറിച്ച്‌ ബ്രിട്ടിഷ്, ഇസ്രഈലി മാധ്യമങ്ങള്‍

റെന്വര്‍ പി

സെപ്തംബര്‍ 30ന് ദുബായില്‍ നിന്ന് ബെന്‍ ഗ്വിറോണിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവം കൊണ്ട് നേട്ടമുണ്ടാകുന്ന വ്യക്തി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ ഇന്‍ഡിപെന്‍ഡ്. നെതന്യാഹുവിന്റെ സമീപകാല തിരിച്ചടികള്‍ അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു വിശകലനത്തിലാണ് ഇന്‍ഡിപെന്‍ഡന്റ് ഈ കാര്യം അഭിപ്രായപ്പെട്ടത്.

മറ്റ് ചില മാധ്യമങ്ങളും ഇസ്രഈലിന്റെയും നെതന്യാഹുവിന്റെയും താത്പര്യങ്ങളെ ഈ സംഭവവുമായി ബന്ധിപ്പിച്ചുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഷയം ഇറാനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇസ്രഈല്‍ മാധ്യമമായ ഹആരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവം ഇസ്രഈലിന്റെ ഫാള്‍സ് ഫ്‌ലാഗ് ഓപറേഷനാണെന്ന് ഇറാന്‍ മാധ്യമമായ പ്രെസ് ടി.വി ആരോപിക്കുകയും ചെയ്തു.

ഇന്‍ഡിപെന്‍ഡന്റിന്റെ ലേഖനം

എഫ്.ഇസഡ് 1073 നമ്പര്‍ വിമാനത്തിന് നേര്‍ക്കുണ്ടായ ശ്രമം എന്ത് തന്നെ ആയാലും അതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് നെതന്യാഹു മാത്രമാണെന്ന് വ്യാഴാഴ്ച ഇന്‍ഡിപെന്‍ഡന്റ് പ്രസിദ്ധീകരിച്ച വിശകലനത്തില്‍ പറയുന്നു. വരാനിരിക്കുന്ന ഇസ്രഈല്‍ നെസറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഈ വിശകലനം. ഒക്ടോബര്‍ 27നാണ് ബെഞ്ചമിന്‍ നെതന്യാഹു പൊതു തെരഞ്ഞെടുപ്പിനെ നേരിടുക.

‘ഇസ്രഈലിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തവും അതേസമയം അവ്യക്തവുമാണ്.

എന്നാല്‍, എഫ്.ഇസഡ് 1073 വിമാനത്തിന് നേരെയുണ്ടായ ആ ശ്രമം ഗസയില്‍ ഇസ്രായേല്‍ സേന കൊന്നൊടുക്കിയ ആയിരക്കണക്കിന് ആളുകളോടുള്ള പ്രതികാരമോ മാനസികനില തെറ്റിയതുമൂലമുണ്ടായ പ്രവൃത്തിയോ അടക്കം എന്തുതന്നെയായാലും, അതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് ഒരാള്‍ മാത്രമാണ് – ബെഞ്ചമിന്‍ നെതന്യാഹു,’ ദ ഇന്‍ഡിപെന്റന്റ് വേള്‍ഡ് അഫയേഴ്‌സ് എഡിറ്റര്‍ സാം കെല്ലിയുടെ വിശകലനത്തില്‍ പറയുന്നു.

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നമ്മുടെ ശത്രുക്കള്‍ നമ്മളെ ആക്രമിക്കാന്‍ ശ്രമിക്കും’ എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഒരു വീഡിയോ ഫ്‌ളൈ ദുബായ് സംഭവത്തിന് തൊട്ടുമുമ്പ് നെതന്യാഹു പോസ്റ്റ് ചെയ്തിരുന്നുവെന്ന് വിശകലനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഞങ്ങളുമായി കളിക്കാന്‍ നില്‍ക്കരുത്. ഇപ്പോഴും, എപ്പോഴും. ഞങ്ങളുടെ നീണ്ട കൈകള്‍ നിങ്ങളെ എവിടെയും ഏത് സ്ഥലത്തും എത്തിപ്പിടിക്കും’ എന്നും ഇസ്രഈലിന്റ ഒരു വ്യോമതാവളത്തില്‍ വെച്ചുള്ള നെതന്യാഹുവിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

തന്റെ ഭരണകാലത്ത് ഇസ്രഈല്‍ തെറ്റുകള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ക്ക് ഇരയാവുകയാണ് ചെയ്തതെന്ന നെതന്യാഹുവിന്റെ വാദത്തെ ശക്തിപ്പെടുത്താന്‍ ഫ്‌ളൈദുബായ് സംഭവത്തിന് സാധിക്കുമെന്നും ഇന്‍ഡിപെന്‍ഡന്റിന്റെ ലേഖനത്തില്‍ പറയുന്നു.

നെതന്യാഹുവിന്റെ സമീപകാല തിരിച്ചടികള്‍

നെതന്യാഹുവും നെതന്യാഹുവിന്റെ ഭരണത്തില്‍ ഇസ്രഈലും നേരിട്ട തിരിച്ചടികളെക്കുറിച്ചും ഇന്‍ഡിപെന്‍ഡന്റിന്റെ ലേഖനത്തില്‍ പറയുന്നു. മുമ്പ് ഇസ്രഈലുമായി സൗഹൃദത്തിലായിരുന്ന രാഷ്ട്രങ്ങള്‍ ഇപ്പോള്‍ അവരുമായി അകന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ നെതന്യാഹുവിനേറ്റ തിരിച്ചടിയാണ്. അടുത്തിടെ ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളുമായുള്ള വ്യാപാരം വിലക്കിയിരുന്നു. ഇത്തരത്തിലുള്ള ഉപരോധ നടപടികളിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ തിരിയുന്നുമുണ്ട്.

ഗസയില്‍ വംശഹത്യയോ വംശഹത്യയ്ക്ക് തുല്യമായ നടപടികളോ നടത്തിയെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയില്‍ ഇസ്രഈല്‍ പ്രതിക്കൂട്ടിലാണ്. ഇസ്രഈല്‍ ഇന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇസ്രഈല്‍ ഭരണകൂടത്തിനെതിരായ നിലപാട് ജൂത വിരുദ്ധതയായി അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ സമീപ കാലങ്ങളില്‍ പരാജയപ്പെടുകയാണെന്നും ഇന്‍ഡിപെന്‍ഡന്റ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Trumpo and Netanyahu

വരുന്ന തെരഞ്ഞെടുപ്പില്‍ 120 അംഗ നെസറ്റില്‍ 52 സീറ്റുകള്‍ മാത്രമാണ് നെതന്യാഹുവിന് ലഭിക്കുകയെന്നാണ് അടുത്തിടെ ഹആരെറ്റ്‌സ് പുറത്തുവിട്ട ഒരു അഭിപ്രായ സര്‍വേ ഫലത്തില്‍ പറയുന്നത്. നെതന്യാഹുവിനോട് അടുത്തകാലത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നിരവധി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇപ്പോഴുള്ളതെന്നതടക്കമുള്ള സാഹചര്യങ്ങളെക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

ഇറാനുമായി ബന്ധിപ്പിക്കാനുള്ള ആഗ്രഹം നടന്നില്ലെന്ന് ഹആരെറ്റ്‌സ്

ഫ്‌ളൈദുബായ് സംഭവത്തെ ഏതെങ്കിലും വിധത്തില്‍ ഇറാനുമായി ബന്ധിപ്പിക്കാനുള്ള ഇസ്രഈല്‍ സര്‍ക്കാരിന്റെ ആഗ്രഹം ഇതുവരെ സഫലമായിട്ടില്ലെന്ന് ഹആരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ സിദ്ധാന്തത്തില്‍ തെളിവോ യുക്തിയോ കണ്ടെത്താന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. പ്രതികാരം ചെയ്യാന്‍ ടെഹ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. യുദ്ധം തുടരുന്ന ഈ സാഹചര്യത്തില്‍, തികച്ചും സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടുള്ള ഇത്തരമൊരു മാരകമായ ആക്രമണം ഇറാന്‍ നടത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ഈ സംഭവവുമായി ബന്ധപ്പെട്ട് നെതന്യാഹു നടത്തിയ പരാമര്‍ശങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഇത് ഇസ്രഈല്‍ പ്രധാനമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമാണ് ഹആരറ്റ്‌സ് റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം.

തൊട്ടുമുമ്പുള്ള ദിവസം തന്നെ ഭീകരാക്രമണങ്ങള്‍ ഉടന്‍ ഉണ്ടായേക്കാമെന്ന് നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഇസ്രഈലിന്റെ സിവില്‍ ഏവിയേഷന്‍ മേഖലയ്ക്കുനേരെയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന് മുന്‍കൂട്ടി അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കാതിരുന്നത്? ഇനി അതല്ല, അദ്ദേഹത്തിന് ഇക്കാര്യം അറിയില്ലായിരുന്നെങ്കില്‍, എന്തിനാണ് അദ്ദേഹം ഇല്ലാത്ത ഒരു അപകടത്തെക്കുറിച്ച് കെട്ടിച്ചമച്ചു പറഞ്ഞതെന്നും ഇസ്രഈലി മാധ്യമപ്രവര്‍ത്തകനായ അമോസ് ഹാരലിന്റെ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.

‘നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍, ചെളിയെപ്പോലും സ്വര്‍ണ്ണമാക്കി മാറ്റാന്‍ നെതന്യാഹു ശ്രമിക്കും. ധീരരായ അതിജീവിതരെ അദ്ദേഹം നേരില്‍ കാണുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. അവരുടെ ആ പ്രഭാവലയത്തിന്റെ ഒരംശമെങ്കിലും തന്നിലേക്കും പകരില്ലേ എന്ന പ്രതീക്ഷയിലായിരുന്നു അത്,’ എന്നും വിമാനത്തിലെ യാത്രികരെ നെതന്യാഹു സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ച് ഹആരറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

ഫാള്‍സ് ഫ്‌ളാഗ് എന്ന് പ്രെസ് ടി.വി.

ഇറാനെതിരായ പുതിയ യുദ്ധത്തിന് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിക്കാനായി നെതന്യാഹു വ്യാജ വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പ്രെസ് ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിഷയത്തെക്കുറിച്ച് അറിവുള്ള ഒരു വ്യക്തിയില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ഇറാനി മാധ്യമമായ പ്രെസ് ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് നെതന്യാഹുവിന്റെ നീക്കം. ഇതിനായി ഇറാനെതിരായ പുതിയൊരു സംഘര്‍ഷത്തിലേക്ക് ട്രംപിനെ വലിച്ചിഴക്കാന്‍ നെതന്യാഹുവിന് പദ്ധതിയുണ്ടെന്നും പ്രെസ് ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

‘യു.എ.ഇയില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് പുറപ്പെട്ട എമിറാത്തി വിമാനം റാഞ്ചുകയും പിന്നീട് സൗദി അറേബ്യയില്‍ ഇറക്കുകയും ചെയ്ത അസംബന്ധമായ ഈ നാടകം ബുധനാഴ്ചയാണ് നടന്നത്. മുതിര്‍ന്ന സൈനിക-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നെതന്യാഹു യുഎഇ സന്ദര്‍ശിച്ച് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്,’ എന്ന് തങ്ങളോട് സംസാരിച്ച വ്യക്തി പറഞ്ഞതായി പ്രെസ് ടി.വി അവകാശപ്പെടുന്നു.

നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് വ്യാജ വിമാന റാഞ്ചല്‍ പദ്ധതി ചര്‍ച്ച ചെയ്തതും അന്തിമ രൂപം നല്‍കിയതും. എതിരാളികളുടെ തലയില്‍ കെട്ടിവെക്കുന്നതിനായുള്ള ഒരു വ്യാജ ആക്രമണം (ഫോള്‍സ്-ഫ്‌ലാഗ്’ ഓപ്പറേഷന്‍) നടത്തുന്നതിനായി ആ കൂടിക്കാഴ്ചയില്‍ ആസൂത്രണം ചെയ്തു. ആ വ്യാജ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ ചുമത്താന്‍ വേണ്ടി പല അറബ് രാജ്യങ്ങളുടെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നെന്നും പ്രെസ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപിനെ പുതിയൊരു സംഘര്‍ഷത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം തള്ളിവിടുകയും ഇറാനെതിരെ പുതിയൊരു യുദ്ധം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ തന്റെ സഖ്യത്തിന് ഭൂരിപക്ഷം നേടാനോ ഭരണസഖ്യം രൂപീകരിക്കാനോ കഴിയില്ലെന്ന് നെതന്യാഹുവിന് കടുത്ത ആശങ്കയുണ്ട്. അതിനാലാണ് ഈ നടപടിയെന്നും ഈ വിഷയത്തെക്കുറിച്ച് അറിവുള്ള വ്യക്തി പറഞ്ഞതായും പ്രെസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. വ്യാജ ആക്രമണം വഴി ഇറാനെതിരായ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴക്കാന്‍ പറ്റും. ഇതിലൂടെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് നെതന്യാഹുവിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനം. നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ അബുദാബിയില്‍ അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇറാന്‍ വിഷയത്തിനായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാന പരിഗണന. ഏകദേശം ആറുമണിക്കൂറോളം ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമായിരുന്നു നെതന്യാഹു അബുദാബിയിലെത്തിയത്.

ഫ്‌ളൈദുബായ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്

ഈ ബുധനാഴ്ചയാണ് യു.എ.ഇയിലെ ദുബായില്‍ നിന്ന് ഇസ്രഈലിന്റെ ബെന്‍ ഗ്വിറോണ്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെ സൗദിയിലെ സൈനിക താവളം കൂടിയാ തബൂക്ക് വിമാനത്താവളത്തിലേക്ക് അടിയന്തരമായി ഇടിച്ചിറക്കിയത്. വിമാനത്തിലെ പൈലറ്റിനെ സഹ പൈലറ്റ് കുത്തിയതിനെത്തുടര്‍ന്നാണ് ഇതെന്ന് പിന്നീട് വിമാന കമ്പനി അറിയിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പരിക്കേറ്റ പൈലറ്റിന്റെയും വിമാന യാത്രക്കാരുടെയും വിവരണങ്ങളും പിന്നീട് പുറത്ത് വന്നു.

വിമാനം ജോര്‍ദാന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു സൗദിയിലേക്ക് വഴിതിരിച്ചുവിട്ടത്. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കോക്ക്പിറ്റില്‍ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
വിമാനത്തില്‍ ഏകദേശം 150 ഇസ്രഈലി യാത്രക്കാരുണ്ടായിരുന്നതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനം ഇറങ്ങിയ സൗദി അറേബ്യയുമായി ഇസ്രഈലിന് ഔദ്യോഗിക നയതന്ത്രബന്ധമില്ല.

Content Highlight: The Independent Article Says only Netanyahu gains from the FlyDubai incidents, Press TV Accuses False Flag

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more