| Monday, 17th August 2026, 10:39 am

ഐ.പി.എല്ലില്ലാത്ത സൂപ്പര്‍ ജയന്റ്‌സിന് ആദ്യ സീസണില്‍ ആദ്യ കിരീടം; ചരിത്ര നേട്ടത്തില്‍ ക്യാപ്റ്റന്‍ ബട്‌ലര്‍

ആദർശ് എം.കെ.

ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ കിരീവുമായി സൂപ്പര്‍ ജയന്റ്‌സ്. ദി ഹണ്‍ഡ്രഡില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് ഫ്രാഞ്ചൈസി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന കിരീടപ്പോരാട്ടത്തില്‍ ട്രെന്റ് റോക്കറ്റ്‌സിനെ പരാജയപ്പെടുത്തിയാണ് കൊമ്പന്‍മാരുടെ വിജയം. ടൂര്‍ണമെന്റിന്റെ ഭാഗമായ ആദ്യ സീസണില്‍ തന്നെ കിരീടം നേടാന്‍ സാധിച്ചു എന്നതും ഈ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു.

ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. റോക്കറ്റ്‌സ് ഉയര്‍ത്തിയ നൂറ് പന്തില്‍ 159 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ സൂപ്പര്‍ ജയന്റ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോക്കറ്റ്‌സ് അനൂറിന്‍ ഡൊണാള്‍ഡിന്റെയും ലൂയീസ് ഗ്രിഗറിയുടെയും കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അനൂറിന്‍ ഡൊണാള്‍ഡ്

ഡൊണാള്‍ഡ് 18 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 38 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 32 റണ്‍സാണ് ഗ്രിഗറി അടിച്ചെടുത്തത്.

24 പന്തില്‍ 31 റണ്‍സുമായി ഓപ്പണര്‍ ബെന്‍ ഡക്കറ്റും 16 പന്തില്‍ 20 റണ്‍സുമായി മിച്ചല്‍ സാന്റ്‌നറും സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ബെന്‍ ഡക്കറ്റ്

ഒടുവില്‍ നിശ്ചിത പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റോക്കറ്റ്‌സ് 158ലെത്തി.

മാഞ്ചസ്റ്ററിനായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി. സോണി ബേക്കര്‍ രണ്ട് വിക്കറ്റും ലിയാം ഡോവ്‌സണ്‍, ജോഷ് ടംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങയ മാഞ്ചസ്റ്ററിന് ഗംഭീര തുടക്കമാണ് ടിം സീഫെര്‍ട്ട് സമ്മാനിച്ചത്. പോള്‍ വാള്‍ട്ടറെ (14 പന്തില്‍ 22) ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് താരം ഇന്നിങ്‌സിന് അടിത്തറ പാകിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനൊപ്പവും താരം സ്‌കോര്‍ ഉര്‍ത്തി. 14 പന്തില്‍ 23 റണ്‍സടിച്ചാണ് ബട്‌ലര്‍ പുറത്തായത്.

മൂന്നാം വിക്കറ്റായി 38 പന്തില്‍ 72 റണ്‍സ് നേടിയ സീഫെര്‍ട്ടിനെ മുഹമ്മദ് ആമിര്‍ പുറത്താക്കി. നാല് ഫോറും ഏഴ് സിക്‌സറും അടക്കം 189.47 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ ലൂയീസ് ഡു പ്ലൂയ് (18 പന്തില്‍ 27), ഹെന്‌റിക് ക്ലാസന്‍ (ഒമ്പത് പന്തില്‍ 11) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കിരീടനേട്ടത്തിന് പിന്നാലെ ഒരു നേട്ടവും ക്യാപ്റ്റന്‍ ബട്‌ലര്‍ സ്വന്തമാക്കി. ഐ.സി.സി ടി-20 ലോകകപ്പും ദി ഹണ്‍ഡ്രഡ് കിരീടവും സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

അതേസമയം, വനിതാ ലീഗില്‍ ട്രെന്റ് റോക്കറ്റ്‌സ് കിരീടം ചൂടിയിരുന്നു. സണ്‍റൈസേഴ്‌സ് ലീഡ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു റോക്കറ്റ്‌സിന്റെ കിരീട നേട്ടം.

Content Highlight: The Hundred 2026: Manchester Super Giants won the title

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more