| Monday, 13th July 2026, 10:29 am

അമ്മയുടെ യോഗത്തിലെ കെട്ടിപ്പിടിത്തം; നമുക്കറിയാം അവന്റെ ഉള്ളിലൊക്കെ എന്താണെന്ന്; ഫേക്കായി അഭിനയിക്കാന്‍ രസമാണ്: കൃഷ്ണ

ആര്യ.പി

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ നടനാണ് കൃഷ്ണ. ദയ, അയാള്‍ കഥയെഴുതുകയാണ്, ഹരികൃഷ്ണന്‍സ്, വാഴുന്നോര്‍, ഇന്‍ഡിപെന്‍ഡന്‍സ്, സ്‌നേഹിതന്‍ തില്ലാന തില്ലാന തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്.

കരിയറിന്റെ തുടക്കസമയത്ത് നായക വേഷങ്ങളില്‍ എത്തിയ കൃഷ്ണ പിന്നീട് സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു. നല്ല വേഷങ്ങള്‍ തേടിയെത്താതായതോടെയാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് നല്ല വേഷങ്ങള്‍ക്കായി സംവിധായകരെ അങ്ങോട്ട് വിളിക്കുകയായിരുന്നെന്നും ദൃശ്യം 2 പോലുള്ള സിനിമകളിലെ വേഷമൊക്കെ കിട്ടിയത് അങ്ങനെയാണെന്നും കൃഷ്ണ പറയുന്നു.

പണ്ടത്തെപ്പോലെ ഇന്നത്തെ കാലത്ത് ഒരു നടന്മാരും നമ്മളെ ഒരു സിനിമയിലേക്കും റെക്കമെന്‍ഡ് ചെയ്യില്ലെന്ന് പറയുകയാണ് കൃഷ്ണ. ഒപ്പം താരസംഘടനയായ അമ്മയെ കുറിച്ചും എഡിറ്റോറിലയിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ സംസാരിക്കുന്നുണ്ട്.

സിനിമയിലെ ബന്ധങ്ങളെല്ലാം പൊള്ളത്തരമാണെന്നാണ് കൃഷ്ണ പറയുന്നത്. അമ്മയിലെ മീറ്റിങ്ങില്‍ എത്തുമ്പോള്‍ താരങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതൊക്കെ കാണുമ്പോള്‍ വലിയ സൗഹൃദമാണ് എല്ലാവര്‍ക്കും പരസ്പരം എന്ന് തോന്നുമെന്നും എന്നാല്‍ അതിലൊന്നും വലിയ ആത്മാര്‍ത്ഥയില്ലെന്നുമാണ് കൃഷ്ണ പറയുന്നത്.

കൃഷ്ണ

‘നമ്മള്‍ വേറെ ആരേയും കുറ്റംപറയണ്ട. ഞാന്‍ എത്ര പേരെ കെട്ടിപ്പിടിച്ചിട്ടുണ്ട്. സത്യമാണ് പറയുന്നത്. കാരണം എനിക്ക് മുന്‍പ് കിട്ടിയത് ഞാന്‍ അടുത്ത അമ്മയ്ക്ക് തിരിച്ചുകൊടുക്കും.

ചിലരൊക്കെ നമ്മളെ കാണുമ്പോള്‍ എടാ എവിടെയാടാ ഇത്രയു നാള്‍ എന്നൊക്കെ ചോദിക്കും. പക്ഷേ രസമാണ്. ഈ ഫേക്കായി അഭിനയിക്കാന്‍ രസമാണ്. നമുക്കറിയാം അവന്റെ ഉള്ളിലൊക്കെ എന്താണെന്ന്.

പണ്ടത്തെപ്പോലെ ആരും ആരേയും സിനിമകളില്‍ റെക്കമെന്റ് ചെയ്യില്ല. പണ്ടൊക്കെ അവനൊരു ചാന്‍സ് കൊടുത്തേക്കണം എന്ന് പറയും. ഇപ്പോള്‍ അതില്ല. പക്ഷേ ഡയറക്ടേഴ്‌സൊക്കെ റെക്കമെന്‍ഡ് ചെയ്യും കേട്ടോ. നമ്മള്‍ സീനില്‍ നിന്നാല്‍ മതി. ആക്ടീവായി നില്‍ക്കുക.

അമ്മയില്‍ വരുന്നത് തന്നെ ശരിക്കും പറഞ്ഞാല്‍ ഒരു എനര്‍ജി ക്രിയേഷന് വേണ്ടിയാണെന്ന് പറയാം. ഇത്രയും പേരെ കണ്ട് പോകാനോ സൗഹൃദം കേള്‍ക്കാനോ അല്ല. ഒരു പവര്‍ ക്രിയേറ്റാവും.

എനിക്കോര്‍മയുണ്ട് ഞാന്‍ കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങില്‍ ഏറ്റവും ഒടുവിലായാണ് പോയത്. നമുക്ക് അതിന്റെ ഒരു ഫ്‌ളോ അറിയാം. ഏറ്റവും ഒടുവില്‍ ഇലക്ഷനായിരുന്നു. ഭയങ്കര രസമാണ്. അറിയാത്തവര്‍ പോലും വന്ന് കെട്ടിപ്പിടിച്ച് നോക്കിക്കോണേ എന്ന് പറയും, കൃഷ്ണ പറഞ്ഞു.

Content Highlight: The hug at the AMMA meeting, we know what is really inside them, it’s fun to act fake says actor Krishna

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more