| Wednesday, 30th September 2026, 7:16 pm

ഇന്ത്യയുടെ റെക്കോഡ് ചെയ്‌സിനേക്കാള്‍ 46 റണ്‍സധികം! ജയിച്ചാല്‍ പല റെക്കോഡും തകരും

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ ടോട്ടലുമായി സന്ദര്‍ശകര്‍. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് കരീബിയന്‍സ് അടിച്ചെടുത്തത്.

ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് കരീബിയന്‍സ് മികച്ച സ്‌കോറിലെത്തിയത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ബാറ്റിങ്ങിനെ അകമഴിഞ്ഞ് സഹായിച്ച പിച്ചില്‍ അതിന്റെ എല്ലാ ആനുകൂല്യവും മുതലെടുത്താണ് വിന്‍ഡീസ് കൂറ്റന്‍ റണ്‍മല തീര്‍ത്തത്.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ചെയ്‌സ് ചെയ്ത് ജയിക്കാന്‍ സാധിക്കുമെങ്കിലും ഏകദിന ക്രിക്കറ്റ് ചരിത്രം ചില കണക്കുകളും ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഏകദിനത്തില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ച ഏറ്റവുമുയര്‍ന്ന ടോട്ടല്‍ 360 റണ്‍സാണ്. 2013ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലായിരുന്നു ഇത്.

അന്ന് ജയ്പൂരില്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി (50 പന്തില്‍ 92), ഫില്‍ ഹ്യൂഗ്‌സ് (103 പന്തില്‍ 83), ഷെയ്ന്‍ വാട്‌സണ്‍ (53 പന്തില്‍ 59), ഗ്ലെന്‍ മാക്‌സ്‌വെല്‍ (32 പന്തില്‍ 53), ആരോണ്‍ ഫിഞ്ച് (53 പന്തില്‍ 50) എന്നിവരുടെ കരുത്തില്‍ സന്ദര്‍ശകര്‍ 5/359 എന്ന കൂറ്റന്‍ സ്‌കോറിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 39 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയമാഘോഷിക്കുന്ന വിരാടും രോഹിത്തും. Photo: Cricket Australia

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ‘ഗബ്ബര്‍’ ശിഖര്‍ ധവാന്റെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഹിറ്റ്മാന്‍ 123 പന്തില്‍ 141 റണ്‍സും വിരാട് 52 പന്തില്‍ 100 റണ്‍സും നേടി പുറത്താകാതെ നിന്നപ്പോള്‍ 86 പന്തില്‍ 95 റണ്‍സുമായാണ് ശിഖര്‍ ധവാന്‍ കളം വിട്ടത്.

ഏകദിനത്തില്‍ ഒരിക്കല്‍ മാത്രമാണ് 375+ റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചത് എന്നതും ശ്രദ്ധേയമാണ്. 2006ല്‍ ഓസ്‌ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്കയായിരുന്നു ചരിത്ര റെക്കോഡ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്റെ ലക്ഷ്യം ഹെര്‍ഷല്‍ ഗിബ്‌സിന്റെ സെഞ്ച്വറി കരുത്തില്‍ ഒരു പന്ത് ശേഷിക്കെ പ്രോട്ടിയാസ് മറികടക്കുകയായിരുന്നു.

ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഇതിന് മുമ്പ് ഈ വേദിയില്‍ കളിച്ച രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചതിനാല്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്.

Content Highlight: The highest target India has successfully chased down in an ODI is 360.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more