| Thursday, 25th September 2025, 5:47 pm

പുസ്തകം മറിച്ചുനോക്കാതെയാണോ ഹരജി നല്‍കിയത്? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അരുന്ധതി റോയ്‌യുടെ ‘മദര്‍ മേരി കംസ് ടു മി’ (Mother Mary Comes to Me) പുസ്തകത്തിനെതിരായ പൊതു താത്പര്യ ഹരജിയില്‍ ഹരജിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പുസ്തകം മറിച്ചു നോക്കാതെ എന്തിനാണ് ഹരജി നല്‍കിയത് എന്നായിരുന്നു ഹരജിക്കാരനോട് കോടതിയുടെ ചോദ്യം.

പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ അരുന്ധതി റോയ് പുക വലിക്കുന്ന ചിത്രത്തിനെതിരെയായിരുന്നു അഭിഭാഷകനായ എ. രാജസിംഹന്‍ ഹരജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ കവര്‍ ചിത്രം പുകവലിക്കുന്നതാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, ഇത് യുവാക്കളെ വഴി തെറ്റിക്കുമെന്നുമായിരുന്നു ഇയാളുടെ ഹരജിയിലുണ്ടായിരുന്നത്.

എന്നാല്‍ പുസ്തകത്തിന്റെ പുറം ചട്ടയില്‍ തന്നെ പുകവലിക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന കാര്യം എന്തുകൊണ്ട് ഹരജിയില്‍ വ്യക്തമാക്കിയില്ല എന്ന് കോടതി ചോദിച്ചു. ഇത്തരം പൊതുതാത്പര്യ ഹരജിക്ക് പിഴ വിധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഈ വിഷയത്തില്‍ ഹരജിക്കാരന്റെ വാദം അറിയിക്കാനും കോടതി നല്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിന്‍ ജംധാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നേരത്തെ ഹരജിയില്‍ അരുന്ധതി റോയ്, പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

ഇതിനുള്ള മറുപടിയില്‍ പുസ്തകത്തില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു ഹരജിക്കാരനെ കോടതി വിമര്‍ശിച്ചത്. ഹരജി ഒക്ടോബര്‍ 7ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

ഓഗസ്റ്റ് 28നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അരുന്ധതി റോയ്‌യുടെ പേരില്‍ പുറത്തുവരുന്ന ആദ്യ ഓര്‍മക്കുറിപ്പ് കൂടിയാണ് ‘മദര്‍ മേരി കംസ് ടു മീ’. അമ്മയുമായുള്ള തന്റെ സങ്കീര്‍ണമായ ബന്ധത്തെ കുറിച്ചും താന്‍ എങ്ങനെ അക്ഷരങ്ങളുടെ ലോകത്തെത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.

കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയ്ക്ക് വഴിയുമൊരുക്കിയ മേരി റോയ് ആണ് അരുന്ധതി റോയ്‌യുടെ അമ്മ.

Content Highlight: The High Court has strongly criticized the public interest litigation against Arundhati Roy’s book.

We use cookies to give you the best possible experience. Learn more