കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി. അഭിഭാഷകനായ രാജസിംഹനാണ് ഇത്തരത്തിലൊരു പരാതിയുമായി ഹൈക്കോടതിയിലെത്തിയത്. ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ പേജില്‍ അരുന്ധതി റോയ് പുക വലിക്കുന്ന ചിത്രം നിയമവിരുദ്ധമാണെന്നും പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കണമെന്നുമായിരുന്നു അഭിഭാഷകന്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്.
പുകവലിക്കുന്നതോ പുകയില ഉത്പന്നങ്ങളുള്ളതോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കേണ്ടത് നിയമപരമായ ആവശ്യമാണെന്നും അരുന്ധതി റോയ് ഈ നിര്‍ദേശം പാലിച്ചില്ലെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്.
എന്നാല്‍ പുസ്തകത്തിന്റെ അവസാന ഭാഗത്ത് പുകവലിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുമാണ് പുസ്തകത്തിന്റെ പ്രസാദകര്‍ കോടതിയെ അറിയിച്ചത്.
നിര്‍ദേശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചിത്രം നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും പ്രസാദകര്‍ വിശദമാക്കി.
അരുന്ധതി റോയ് പുസ്തകത്തിന് ഉപയോഗിച്ച ചിത്രം യുവാക്കളേയും പുകവലിക്ക് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇത് സമൂഹത്തില്‍ മോശം സന്ദേശമാണ് നല്‍കുന്നതെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു.
അതേസമയം പൊതു താത്പര്യ ഹരജിയില്‍ ഹരജിക്കാരനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുസ്തകം മറിച്ചു നോക്കാതെ എന്തിനാണ് ഹരജി നല്‍കിയത് എന്നായിരുന്നു ഹരജിക്കാരനോട് കോടതിയുടെ ചോദ്യം.
ഓഗസ്റ്റ് 28നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അരുന്ധതി റോയ്യുടെ പേരില്‍ പുറത്തുവരുന്ന ആദ്യ ഓര്‍മക്കുറിപ്പ് കൂടിയാണ് ‘മദര്‍ മേരി കംസ് ടു മീ’. അമ്മയുമായുള്ള തന്റെ സങ്കീര്‍ണമായ ബന്ധത്തെ കുറിച്ചും താന്‍ എങ്ങനെ അക്ഷരങ്ങളുടെ ലോകത്തെത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയ്ക്ക് വഴിയുമൊരുക്കിയ മേരി റോയ് ആണ് അരുന്ധതി റോയ്യുടെ അമ്മ.