| Sunday, 20th July 2025, 9:00 am

കുട്ടിയെ കൊലപ്പെടുത്തുന്ന സീന്‍, തെളിവില്ലെന്ന് ഹൈക്കോടതി; വെള്ളിനക്ഷത്രം സിനിമക്ക് എതിരെയുള്ള കേസ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെള്ളിനക്ഷത്രം സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ വര്‍ഷങ്ങളായി തുടരുന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുന്ന സീന്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ എടുത്ത കേസായിരുന്നു ഇത്.

ചിത്രത്തില്‍ ഇന്ദുമതി ദേവിയെ തലയറുത്ത് പെട്ടിയില്‍ കിടത്തുന്നതും ആറ് വയസുകാരിയായ അവരുടെ മകളെ ജഡത്തിനൊപ്പം ജീവനോടെ കുഴിച്ചു മൂടുന്നതുമായിരുന്നു പരാതിക്ക് കാരണമായിരുന്ന സീന്‍

2004ല്‍ പുറത്തിറങ്ങിയ സിനിമയില്‍ പ്രേക്ഷകരെ അസ്വസ്ഥപ്പെടുത്തുന്ന ഈ സീന്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നിര്‍മാതാക്കള്‍ക്ക് എതിരെ വന്ന പരാതി. ഈ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് എടുത്ത കേസാണ് ജസ്റ്റിസ് കൗസര്‍ എടപ്പാഗത്ത് ഇപ്പോള്‍ റദ്ദാക്കിയത്.

സിനിമയുടെ വിതരണക്കാരനായ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് സ്വദേശിയും സ്വര്‍ഗ്ഗചിത്ര എന്ന നിര്‍മാണ വിതരണ കമ്പനിയുടെ സ്ഥാപകനുമാണ് അപ്പച്ചന്‍.

കേസില്‍ ആരോപിക്കുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഉള്‍കൊള്ളിച്ചതാണ് എന്നതിന് തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്. അസ്വസ്ഥത ഉണ്ടാക്കുന്ന സീന്‍ ഉണ്ടെന്നതിന്റെ പേരില്‍ മാത്രം ഈ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

വിനയന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കോമഡി ഹൊറര്‍ ചിത്രമായിരുന്നു വെള്ളിനക്ഷത്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സിനിമയില്‍ തരുണി സച്ച്ദേവ്, മീനാക്ഷി, കാര്‍ത്തിക, ജയസൂര്യ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സിദ്ദീഖ്, സലിംകുമാര്‍, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

Content Highlight: The High Court has quashed the case that has been going on for years against the producers of the movie Vellinakshatram

We use cookies to give you the best possible experience. Learn more