തിയേറ്ററിലെ ഗംഭീര വിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചാ വിഷയമാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും റിയ ഷിബുവും പ്രധാനവേഷങ്ങളിലെത്തിയ സര്‍വ്വം മായ. നിരീശ്വരവാദിയായ പ്രേഭേന്ദു എന്ന നമ്പൂതിരി ഒരു പ്രേതത്തെ കാണാനിടയാകുന്ന കഥയാണ് സര്‍വ്വം മായ പറയുന്നത്.
ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ഈ സിനിമ പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം പ്രേക്ഷക ഹൃദയം കീഴടക്കിയ കഥാപാത്രമായിരുന്നു ഡെലൂലു. പ്രേതമെന്ന് വിശേഷിപ്പിക്കാന്‍ മടിയുള്ളത് കൊണ്ട് സ്വയം ഡെലൂലു എന്ന് വിശേഷിപ്പിക്കുന്ന ക്യൂട്ട് പ്രേതം എല്ലാവരുടെയും പ്രിയങ്കരിയായി.
ഇപ്പോഴിതാ അഖില്‍ സത്യന്റെ ആദ്യ സിനിമയായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ഹംസധ്വനി എന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്നൊന്നും മറന്നു കാണില്ല. പാച്ചുവിന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷീതമായി കടന്ന് വരികയും പിന്നെ പാച്ചുവിന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ടയാളായി മാറുകയും ചെയ്യുകയുമായിരുന്നു.
സര്‍വ്വം മായയില്‍ ഡെലൂലുവായെത്തിയ റിയയും നമ്മുടെ മനസ് നിറക്കുന്നുണ്ട്. നിവിന്‍ പോളിയുടെ സിനിമ അല്ലെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമ എന്നതിലുപരി ഈ രണ്ട് സിനിമകളും ആ നായികമാരുടേത് കൂടിയാണ്. സിനിമക്ക് ജീവന്‍ നല്‍കുന്നത് അവര്‍ രണ്ടുപേരുമാണ് പലപ്പോഴും.
മുംബൈയില്‍ ആയുര്‍വേദ ഫാര്‍മസി നടത്തുന്ന പാച്ചു എന്ന യുവാവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന പെണ്‍കുട്ടിയും, അവരുടെ ലക്ഷ്യത്തിന് ഒപ്പം ചേരുന്നതും പാച്ചുവിന്റെ കാഴ്ചപ്പാടുകളിലുണ്ടാകുന്ന മാറ്റവുമൊക്കെയാണ് പാച്ചുവിന്റെ അത്ഭുതവിളക്ക് പറയുന്നത്.
സിനിമയുടെ രണ്ടാം പകുതിയിലാണ് ശരിക്കും ഹംസധ്വനി എന്ന കഥാപാത്രം കടന്നു വരുന്നത്. പിന്നീട് പാച്ചുവും ഹംസ്വധ്വനിയും തമ്മില്‍ പ്രണയം മൊട്ടിടുന്നതും അവരുടെ കെമിസ്ട്രിയുമെല്ലാം മനോഹരമായയാണ് അഖില്‍ സത്യന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്.
സര്‍വ്വം മായയിലെ ഡെലൂലൂവാകട്ടെ പ്രഭേന്ദുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന് കുറെ സന്തോഷമുള്ള ഓര്‍മകള്‍ സമ്മാനിച്ച് മാഞ്ഞുപോകുന്നു. സിനിമയെ ജീവന്‍ പകരുന്നത് ഡെലൂലു എന്ന മായയാണ്. പ്രേതമെന്ന് വിശേഷിപ്പിക്കാന്‍ മടിയുള്ളത് കൊണ്ട് സ്വയം ഡെലൂലുവെന്ന് വിശേഷിപ്പിക്കുന്ന ക്യൂട്ട് പ്രേതം സ്‌ക്രീനില്‍ വരുന്നത് മുതല്‍ മാജിക്കാണെന്ന് പറയാം.
പേടിയില്ലാതെ ധൈര്യത്തോട് മുമ്പോട്ട് പോകാനും ഈഗോയില്ലാതെ പഴയതൊക്കെ മാറ്റി വെച്ച് അച്ഛനോട് പെരുമാറാനും അവള്‍ പ്രേരിപ്പിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശനിലെ ടീന മോള്‍ എന്ന കഥാപാത്രത്തെയും ഡെലൂലുവിനെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകളും കാണാം. ഇരു കഥപാത്രങ്ങളിലും താന്‍ കാണുന്നത് ലൈഫിന്റെ വാല്യുവാണെന്ന് പറഞ്ഞുള്ള കമന്റുകള്‍ കാണാം.
നായകനെ ചുറ്റിപറ്റിയുള്ള കഥയാണെങ്കിലും അഖില്‍ സത്യന്റെ ഇരു സിനിമകളിലും ആ സിനിമക്ക് ജീവന്‍ പകരുന്നതും അതിനെ പൂര്‍ണമാക്കുന്നതും ഈ നായിക കഥാപാത്രങ്ങളാണ്.
Content Highlight: The heroines in Akhil Sathyan’s films Patchu and Abduthavilakkum Sarvam Maya