| Sunday, 21st June 2026, 3:09 pm

സിഗാര്‍ വലിക്കുന്ന ആന്‍സലോട്ടിയടക്കമുള്ളവരെ പൂട്ടാന്‍ ആരോഗ്യവകുപ്പ്; ഫ്‌ളക്‌സിലെ ചിത്രങ്ങള്‍ മാറ്റാന്‍ നിര്‍ദേശം

ആദര്‍ശ് എം.കെ.

ആലപ്പുഴ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി ആരാധകര്‍ സ്ഥാപിക്കുന്ന ബാനറുകളില്‍ കായിക താരങ്ങള്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.

അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ ആരാധകര്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകളില്‍ കായിക താരങ്ങള്‍ ചുരുട്ട് (സിഗാര്‍) വലിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി, അര്‍ജന്റൈന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോള്‍ എന്നിവരുടെ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ കേരളത്തിലുടനീളമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലാണ് ഇത്തരത്തിലുള്ള ബാനറുകള്‍ ആദ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുകയില ഉത്പന്നങ്ങളുടെ നേരിട്ടുള്ളതോ പരോക്ഷമായോ ഉള്ള പരസ്യങ്ങളും പ്രചാരണങ്ങളും പ്രദര്‍ശനങ്ങളും നിയമപരമായി നിരോധിച്ചിട്ടുള്ളതാണെന്നും, അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

പുകയില ഉത്പന്നങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും ഉടന്‍ തന്നെ നീക്കം ചെയ്യുകയോ, അല്ലെങ്കില്‍ നിയമവിരുദ്ധമായ ആ ഭാഗം പൂര്‍ണമായി മറയ്ക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമലംഘനങ്ങള്‍ തടയുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെയും നിയമലംഘനം തുടരുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.

വലിയ കായികമാമാങ്കങ്ങളുടെ ആഘോഷവേളകളില്‍ പുകവലിയുടെയും പുകയില ഉത്പന്നങ്ങളുടെയും പരോക്ഷമായ പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Content highlight: The Health Department has warned that displaying an image of a person smoking a cigar on World Cup banners is punishable.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more