ന്യൂദല്‍ഹി: പുതിയ ജി.എസ്.ടി നിരക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തിനാകെയും സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചും വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍. രാജ്യത്താകെ രണ്ടര ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നഷ്ടത്തിന്റെ ഒരു ഭാഗം നികത്താന്‍ സെസ് ചുമത്തുന്നത് തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സെസിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നുതില്‍ തീരുമാനവുമായിട്ടില്ല.
ഒരു ലക്ഷം കോടിയോളം സെസില്‍ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പടെ സെസിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ ജി.എസ്.ടി. കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്.
പുതിയ നിരക്ക് വരുന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ നടപടി വേണമെന്ന് കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രം ഇക്കാര്യം പരിഗണിച്ചില്ല. മാത്രവുമല്ല, പുതിയ നിരക്കില്‍ എതിര്‍പ്പുണ്ടെങ്കില്‍ വോട്ടിങ്ങിലേക്ക് പോകാമെന്ന ധിക്കാരപരമായ സമീപനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നിരക്ക് വരുന്നതോടെ കേരളത്തിന് മാത്രം പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. നിരക്ക് കുറച്ചതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ക്ക് ഗുണമുണ്ടാകുന്നതാകരുത് പുതിയ പരിഷ്‌കരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന നഷ്ടം നികത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി.എസ്.ടി. കൗണ്‍സില്‍ പോലുള്ള വേദിയില്‍ വോട്ടിങ്ങിലേക്ക് നീങ്ങിക്കോളൂ എന്ന് പറയുന്നത് ധിക്കാരപരമാണ്.
ജി.എസ്.ടി. കൗണ്‍സില്‍ പാര്‍ലമെന്റോ നിയമസഭയോ പോലുള്ള സംവിധാനമല്ല. ഭരണപക്ഷവും പ്രതിപക്ഷവുമല്ല അവിടെയുള്ളത്, സംസ്ഥാനങ്ങളും കേന്ദ്രവുമാണ്. ഇവിടെ സമവായമാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ആരുടേയോ നിര്‍ദേശം പോലെ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. അതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
കെ.എന്‍. ബാലഗോപാല്‍
വിലകുറയുമ്പോള്‍ ഉപഭോഗം വര്‍ദ്ധിക്കുമെന്നും അതിലൂടെ വരുമാന നഷ്ടം നികത്താനാകുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലെന്നും നോട്ടുനിരോധനം പോലുള്ള പ്രഖ്യാപനമല്ല, പഠനം നടത്തിയാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും കെ.എന്‍. ബാലഗോപാല്‍ പറയുന്നു.
നികുതി കുറയുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുക ആര്‍ക്കാണെന്ന് പരിശോധന നടത്തേണ്ടതുണ്ടെന്നും നികുതി കുറയുമ്പോള്‍ കമ്പനികള്‍ ഉത്പന്നത്തിന്റെ വില വര്‍ദ്ധിപ്പിച്ച് ലാഭം കൊയ്യാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും കെ.എന്‍. ബാലഗോപാല്‍ രേഖപ്പെടുത്തി.
ജി.എസ്.ടി ഇല്ലായിരുന്നെങ്കില്‍ കേരളത്തിന് മാത്രം കഴിഞ്ഞ വര്‍ഷം 60000 കോടിയുടെ വരുമാനമുണ്ടാകുമായിരുന്നുവെന്നും, എന്നാല്‍ 32773 കോടി മാത്രമാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിച്ചതെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
പേപ്പര്‍ ലോട്ടറിയുടെ ജി.എസ്.ടി. 28 ശതമാനമായി തന്നെ തുടരണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അവഗണിച്ചു. ചൂതാട്ടത്തിന് സമാനമായി 40 ശതമാനത്തിലേക്ക് പേപ്പര്‍ ലോട്ടറിയുടെ നികുതി വര്‍ദ്ധിപ്പിച്ചത് കേരള ലോട്ടറിയെയും പ്രതിസന്ധിയിലാക്കും. കേരളത്തില്‍ രണ്ടര ലക്ഷത്തോളം പേരുടെ ഉപജീവന മാര്‍ഗമാണ് ലോട്ടറി മേഖലയെന്ന് ജി.എസ്.ടി. കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം നിലപാടില്‍ നിന്ന് മാറില്ലെന്ന വാശി തുടര്‍ന്നു.
ലോട്ടറി തൊഴിലാളികളെ ദുരിതത്തിലാക്കുന്ന കേന്ദ്രത്തിന്റെ ഈ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന്, തിരുവോണ നാളില്‍ തിരുവനന്തപുരത്തെ ഏജീസ് ഓഫീസിന് മുന്നില്‍ ലോട്ടറി തൊഴിലാളികളുടെ പട്ടണി സമരം നടക്കും. പ്രതിവര്‍ഷം 14000 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ കേരള ലോട്ടറി സമാഹരിക്കുന്നത്. ഇതില്‍ നിന്ന് 3000 കോടിയോളം രൂപ നികുതി അടക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് പുറമെ ലാഭമായി ലഭിക്കുന്ന 450 കോടിയോളം രൂപ കാരുണ്യ പദ്ധതി വഴി നിര്‍ദ്ധന രോഗികള്‍ക്ക് നല്‍കുയും ചെയ്യുന്നു. 2017ല്‍ ജി.എസ്.ടി. ആരംഭിക്കുമ്പോള്‍ 12 ശതമാനമായിരുന്ന ലോട്ടറി നികുതി 2020ല്‍ 28 ശതമാനമായി ഉയര്‍ത്തി. ഇത് തന്നെ ലോട്ടറി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ് പുതിയതായി 40 ശതമാനം ജി.എസ്.ടി. ലോട്ടറിക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലോട്ടറി മേഖല നേരിടുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം വിളിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്.
content highlights: The GST reform cuts across states, with the Center and companies reaping the benefits of rate cuts