വാഷിങ്ടണ്‍: തീവ്രവലതുപക്ഷ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് വെടിയേറ്റ് മരിച്ചു. യു.എസ് പ്രസിഡന്റിന്റെ അടുത്ത അനുയായിയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ ഒരാളുമായിരുന്നു ചാര്‍ളി കിര്‍ക്ക്.
ട്രംപ് തന്നെയാണ് കിര്‍ക്കിന്റെ മരണം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചത്.
‘മഹാനും ഇതിഹാസവുമായ ചാര്‍ളി കിര്‍ക്ക് അന്തരിച്ചു’, എന്നാണ് ട്രംപ് ട്രൂത്തില്‍ കുറിച്ചത്. ‘യു.എസ്.എയിലെ യുവാക്കളെ ഇത്രയേറെ മനസിലാക്കിയ മറ്റൊരാളില്ലെന്നും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഞാന്‍, അദ്ദേഹം ഇന്ന് നമ്മളോടൊപ്പമില്ല’, ട്രംപ് ദുഖം രേഖപ്പെടുത്തി.
ചാര്‍ളി കിര്‍ക്ക്
ടേണിങ് പോയിന്റ് എന്ന യു.എസ് ആക്ടിവിസ്റ്റ് യൂത്ത് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു 31കാരനായ കിര്‍ക്ക്.
കിര്‍ക്കിനോടുള്ള ആദരവിന്റെ സൂചകമായി ഞായറാഴ്ച വരെ രാജ്യത്തെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദേശിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ തുടരുകയാണ്.
സംഭവത്തില്‍ ഒരാളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതെന്ന് അന്വേഷണസംഘം അറിയിച്ചു.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ചാര്‍ളി കിര്‍ക്കിന് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെയാണ് കിര്‍ക്കിന് വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കഴുത്തിന് വെടിയേറ്റതാണ് മരണകാരണമെന്നാണ് വിവരം.
കിര്‍ക്കിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് യൂട്ടാ ഗവര്‍ണര്‍ സപെന്‍സര്‍ കോക്‌സ് ആരോപിച്ചു. ആവിഷ്‌കാര സ്വാതന്ത്രത്തിനും സംവാദത്തിനുമുള്ള അമേരിക്കക്കാരുടെ അവകാശത്തിന് നേരെയുള്ള ഭീഷണിയാണിതെന്നും കോക്‌സ് അപലപിച്ചു.
ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ മുന്‍പ്രസിഡന്റുമാരായ ബരാക്ക് ഒബാമയും ജോ ബൈഡനും അനുശോചനം രേഖപ്പെടുത്തി.
Content Highlight: ‘The great Charlie Kirk has passed away’; Trump mourns death of close aide