| Saturday, 28th June 2025, 6:03 pm

സുംബ ഡാന്‍സിനെ എതിര്‍ക്കുന്ന അല്‍പ്പന്മാരുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങരുത്; പ്രതികരിച്ച് സ്പീക്കറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സുംബ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അല്‍പ്പജ്ഞാനികളാണ് സുംബ ഡാന്‍സിനെ എതിര്‍ക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിലവിലുള്ള എതിര്‍പ്പ് കുട്ടികളും പൊതുസമൂഹവും അംഗീകരിക്കില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

‘വളരെയധികം പുരോഗമിച്ച മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതത്തിന്റെ കുപ്പായമണിഞ്ഞ തനി യാഥാസ്ഥികരായ ചില പണ്ഡിതന്മാരാണ് എതിര്‍പ്പുമായി വരുന്നത്. ആ അല്‍പ്പന്മാരുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങരുത്. ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹത്തിന് ശക്തമായ നിലപാട് ഉണ്ടാകണം,’ എ.എന്‍. ഷംസീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഏതാനും ലീഗ്സുന്നി അനുകൂല നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അല്‍പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാന്‍സെന്നും വലിയ കുട്ടികള്‍ പോലും ഇങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്നും എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

ധാര്‍മികതക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നായിരുന്നു എസ്.എം.എഫ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പരാമര്‍ശം. രക്ഷിതാക്കള്‍ ഉണര്‍ന്ന് ചിന്തിക്കണമെന്നും വിദ്യാലയങ്ങളില്‍ ഒരുപാട് കായികാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇതിനുപിന്നാലെ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ, കെ.എസ്.യു എന്നീ യുവ-വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. സി.പി.ഐ.എം-കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രതികരണം.

ഇതിനിടെ സൂംബ ഡാന്‍സ് വിവാദത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. സ്‌കൂളുകളില്‍ നടത്തുന്നത് ലഘു വ്യായാമമാണെന്നും കുട്ടികള്‍ യൂണിഫോമിലാണ് നൃത്തം ചെയ്യുകയെന്നും അല്പവസ്ത്രം ധരിക്കാന്‍ അവരെ ആരും നിര്‍ബന്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠനപ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് അതില്‍ ചോയ്സില്ലെന്നും കോണ്‍ട്രാക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകര്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: The government should not give in to the pressure of a few who oppose Zumba dance; Speaker AN Shamseer react

We use cookies to give you the best possible experience. Learn more