തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തിന് മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പത്ത് വര്‍ഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ പകുതിയോളം പേര്‍ക്കും ബാങ്കുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കല്‍ പെന്‍ഷന്‍ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത്.
കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡി.ബി.ടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യു.ഡി.എഫ് അജണ്ടയുടെ ആദ്യപടിയാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡി.ബി.ടി അല്ലാതെ വാതില്‍പ്പടി പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിംങ് സേവന മേഖലക്ക് പുറത്തുള്ളവരാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണെന്നും സമൂഹത്തിന്റെ കരുതല്‍ വേണ്ടതായിട്ടുള്ള ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് വ്യക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
‘ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തില്‍ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുകയുടെ കേവലം ഒരു ശതമാനം മാത്രമാണ് കേന്ദ്രവിഹിതം.
ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെന്‍ഷന്‍ ലഭിക്കുന്നവരുടെ 13.5% ആളുകള്‍ക്ക് മാത്രവും. 86% പേര്‍ക്കും മുഴുവന്‍ തുകയും നല്‍കുന്നത് സംസ്ഥാനമാണ്. അതിനാല്‍ തന്നെ, പെന്‍ഷന്‍ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണ്.
ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
Content Highlight: The government’s move to discontinue doorstep pension distribution is the first step in the UDF’s agenda to scrap the scheme itself: Pinarayi Vijayan.