| Monday, 5th October 2026, 7:03 am

തന്നെയും മറ്റ് സി.ജെ.പി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ നീക്കം; തങ്ങളില്ലെങ്കിലും പോരാട്ടം തുടരാന്‍ ജനം മുന്നിട്ടിറങ്ങണമെന്ന് സൗരവ്

റെന്വര്‍ പി

ന്യൂദല്‍ഹി: തന്നെയും അഭിജിത് ദീപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന സിങ് എന്നിവര്‍ അടക്കമുള്ള മറ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ്. ജയില്‍ വാസമോ അതിലും കഠിനമായ അവസ്ഥകളോ സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാത്രി 11.30ഓടെയാണ് സൗരവ് എക്‌സ് പോസ്റ്റിലൂടെ ഈ കാര്യം പറഞ്ഞത്. ‘എന്നെയും അഭിജിത്ത്, അശുതോഷ്, രത്‌ന, മറ്റ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ നേതാക്കള്‍ എന്നിവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്,’ സൗരവ് കുറിച്ചു. തങ്ങളില്ലെങ്കിലും പോരാട്ടം തുടരണമെന്ന് സൗരവ് ജനങ്ങളോട് ആവശ്യപ്പട്ടു. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന ജനകീയ മുന്നേറ്റം ഉറപ്പാക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു.

തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ സൗരവ് അപലപിക്കുകയും ചെയ്തു. ‘ഇത്തരം ഏകാധിപത്യ നടപടികള്‍ ഫലം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് തെറ്റി! യുവതലമുറ ഉണര്‍ന്നു കഴിഞ്ഞു,’ സൗരവ് പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നത് വലിയ തെറ്റായിരിക്കുമെന്നും രാജ്യത്തെ യുവാക്കള്‍ ഇത് സഹിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞങ്ങള്‍ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മുടെ അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടിയുള്ള പോരാട്ടം തുടരണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ജയില്‍വാസമോ അതിലും കഠിനമായതോ നേരിടാന്‍ ഞങ്ങള്‍ എപ്പോഴും സജ്ജരാണ്. എന്നാല്‍ ഇതൊരു വലിയ തെറ്റായിരിക്കും. യുവാക്കള്‍ ഇത് സഹിക്കില്ല,’ സൗരവ് കുറിച്ചു.

സൗരവിന്റെ എക്‌സ് പോസ്റ്റ് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും ഷെയര്‍ ചെയ്തു. എത്ര പേരെ അറസ്റ്റ് ചെയ്യും അമിത്ഷാ എന്നും ദീപ്‌കെ ചോദിച്ചു. ഒക്ടോബര്‍ 10ന് ഈ രാജ്യം മുഴുവന്‍ പ്രക്ഷോഭത്തിന് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതൊരു ജനകീയ മുന്നേറ്റമാണെന്നും ജനങ്ങള്‍ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സി.ജെ.പി ലീഗല്‍ഹെഡ് അഡ്വ. രത്‌ന സിങ് പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു പകരം അവരെ തടയാന്‍ ശ്രമിക്കുകയാണോ. അത് ഭീരുത്വത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണെന്നും രത്‌ന സിങ് അഭിപ്രായപ്പെട്ടു.

അധികാരത്തോടു ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും മുന്നിട്ടിറങ്ങുന്ന ജനങ്ങളെ, എന്ത് സമ്മര്‍ദ്ദങ്ങള്‍ കൊണ്ടോ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടോ തടയാനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സംഭവം. സി.ജെ.പിക്ക് പുറമെ വിവിധ പ്രതിപക്ഷ സംഘടനകളും ഈ ആവശ്യത്തില്‍ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തെ സി.ജെ.പി ശക്തമായി അപലപിച്ചിരുന്നു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് ലൈംഗികമായി അടക്കം ഉപദ്രവിച്ചെന്ന പരാതിയിലും കേന്ദ്ര സര്‍ക്കാരിനെ സി.ജെ.പി വിമര്‍ശിച്ചിരുന്നു.

ദല്‍ഹി പൊലീസിനെയും അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്കെതിരെ സി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. അമിത് ഷായുടെ ജനറല്‍ ഡയര്‍ എന്നാണ് ന്യൂദല്‍ഹി എ.സി.പി സച്ചിന്‍ ശര്‍മയെ സി.ജെ.പി നേതാക്കള്‍ വിശേഷിപ്പിച്ചത്. നീറ്റ് ക്രമക്കേടിനെതിരെ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ ജൂലൈ 20ലെ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശം.

Content Highlight: The government is planning on arresting me, Abhijeet, Ashutosh, Ratna and other Cockroach Janta Party leaders: Sourav Das

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more