തിരുവനന്തപുരം: സി.എം.ആര്‍.എല്‍എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരായ വിധി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പരിശോധിക്കാതെ എഫ്.ഐ.ആര്‍ ഇടുന്നതിനെകുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും വിധി കയ്യില്‍ കിട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
‘ ഞങ്ങളാ വിധിന്യായം പഠിച്ച ശേഷം നിയമപരമായ തീരുമാനം എടുക്കും. വൈകാതെ തീരുമാനിക്കും. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, സര്‍ക്കാരിന് ഒരു തിരിച്ചടിയുമില്ല,’ ചെന്നിത്തല പറഞ്ഞു. ഇ.ഡി ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചതെന്നും അവര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് എടുക്കണമെന്ന കോടതി ഉത്തരവില്‍ വിധി ന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കോടതി മറിച്ചാണ് പറയുന്നതെങ്കില്‍ വിധിന്യായം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഇ.ഡി അന്വേഷണം യു.ഡി.എഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ, കോടതിയും സര്‍ക്കാരും ഇവിടെയുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞു.
സി.എം.ആര്‍.എല്‍.എക്‌സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സി.എം.ആര്‍.എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്‍ദേശം.
ഇ.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ നേരിട്ട് എഫ്.ഐ.ആര്‍ ഇടാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളപ്പെടുകയും സര്‍ക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തിരിക്കുകയാണ്.
നേരത്തെ സി.എം.ആര്‍.എല്‍എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ.ടി എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്നും അതിനു ശേഷമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുള്ളൂ എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം.
എന്നാല്‍, ഇ.ഡി ഇതിനകം നടത്തിയത് ഒരു പ്രാഥമിക അന്വേഷണമാണെന്നും അത് നിലനില്‍ക്കുമ്പോള്‍ മറ്റൊരു പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമുള്ള ഇ.ഡിയുടെ നിലപാട് ഹൈക്കോടതി പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു.
Content Highlight: The government acted based on legal advice; the High Court verdict is not a setback: Ramesh Chennithala.