| Friday, 7th February 2025, 9:34 am

സംസ്ഥാനം ധനപ്രതിസന്ധി മറികടന്നത് സന്തോഷവാര്‍ത്ത: ധനകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനം ധനപ്രതിസന്ധി മറികടന്നത് സന്തോഷവാര്‍ത്തയെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സമാശ്വാസത്തിനായുള്ള പ്രഖ്യാപനവും ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

സമീപ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നുവെന്നും ധനഞെരുക്കം രൂക്ഷമായ ഘട്ടതിലും വികസന-ക്ഷേമ പ്രവര്‍തനങ്ങള്‍ക്ക് കാര്യമായ മുടക്കം വരാതെ മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ധനഞെരുക്കത്തിന്റെ തീക്ഷ്ണത ഗണ്യമായി കുറഞ്ഞുതുടങ്ങി എന്ന് മാത്രമല്ല, വരു വര്‍ഷങ്ങളില്‍ ഏറെ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുമെന്ന കാര്യവും വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ അതു മറച്ചുപിടിക്കാനല്ല ജനങ്ങളോട് തുറന്ന് പറഞ്ഞ് പരിഹാരം തേടാനാണ് ഈ സര്‍ക്കാര്‍ തയ്യാറായതെന്നും ഇപ്പോള്‍ ധനസ്ഥിതി ഏറെ മെച്ചപ്പെട്ടുവെന്നു പറയുന്നതും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയാണെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. വയനാട് പുനരധിവാസത്തിന് 2221 കോടി ആവശ്യമാണെന്നും കേന്ദ്രം സഹായിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

2025-26 ലെ കേന്ദ്ര ബജറ്റിലും മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം യാതൊരു സഹായവും അനുവദിച്ചില്ലെന്നും മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോടു പുലര്‍ത്തും എന്ന് തന്നെയാണ് ഇപ്പോഴും നമ്മുടെ പ്രതീക്ഷയെന്നും പറഞ്ഞ മന്ത്രി. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പറയുന്ന കാര്യം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഇതിനായിആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. അതിനായി 600 കോടി ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഡി.എ കുടിശിക പി. എഫുമായി ലയിപ്പിക്കുമെന്നും ശമ്പള പരിഷ്‌ക്കരണ കുടിശിക രണ്ട് ഗഡു മാര്‍ച്ച് 31നകം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

  1. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.
  2. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി.എഫില്‍ ലയിപ്പിക്കുന്നതാണ്.
  3. ജീവനക്കാരുടെ ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു.

Content Highlight: The good news is that the state has overcome the financial crisis; Finance Minister

We use cookies to give you the best possible experience. Learn more