| Sunday, 5th October 2025, 3:34 pm

സുമുദ് ഫ്‌ളോട്ടില്ല; തോക്കിനും തോല്‍ക്കാത്ത പ്രതിരോധം

ആദര്‍ശ് എം.കെ.

ഗസയില്‍ സഹായം എത്തിക്കുന്നതിനായി ലോക മനഃസാക്ഷിയോടൊപ്പം മാനുഷിക ദൗത്യവുമായാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളെ തടയാന്‍ അന്താരാഷ്ട്ര നിയമം നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നില്ല. നിങ്ങളുടെ ഈ ആവശ്യം ഫലസ്തീന്‍ ജനതയുടെ വംശഹത്യയെന്നതിനാല്‍ മടങ്ങി പോവാന്‍ ഞങ്ങള്‍ ഒരുക്കമല്ല

സമുദ് ഫ്ളോട്ടില്ല ഗസ തീരമണയും മുമ്പ് തടഞ്ഞ ഇസ്രഈല്‍ തോക്കിന്‍കുഴലുകളോട് നിശ്ചയദാര്‍ഢ്യത്തോടെ ബ്രസീലിയന്‍ മനുഷ്യാവകാശ – പാരിസ്ഥിതക പ്രവര്‍ത്തകന്‍ തിയാഗോ അവീലയുടെ വാക്കുകളാണിത്.

ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില തടഞ്ഞ് ആയുധങ്ങളുമായെത്തിയ ഐ.ഡി.എഫ് അംഗങ്ങള്‍ അവരോട് പറഞ്ഞത് ഒന്നുമാത്രം, ഈ ദൗത്യം ഉപേക്ഷിച്ച് നിങ്ങള്‍ മടങ്ങിപ്പോകണം.

ഒരു ജനതയെ മുഴുവന്‍ ബോംബിട്ടും പട്ടിണിക്കിട്ടും വൈദ്യ സഹായങ്ങള്‍ നല്‍കാതെയും അതിക്രൂരമായി കൊന്നൊടുക്കുന്നത് കണ്ട് ഏവരും മിണ്ടാതിരിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറച്ച് മനുഷ്യര്‍ സംഘടിച്ചു. തങ്ങളാലാവുന്ന തരത്തില്‍ അവര്‍ മരുന്നു ഭക്ഷണവും ശേഖരിച്ചു, ഇവയെല്ലാം ചെറുകപ്പലുകളിലാക്കി അവര്‍ ഗസന്‍ തീരം ലക്ഷ്യമിട്ട് യാത്ര ആരംഭിച്ചു.

തിയാഗോയ്ക്ക് പുറമെ സ്വീഡിഷ് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബെര്‍ഗ്, ബാഴ്സലോണയിലെ മുന്‍ മേയല്‍ അദ കൊലാവു, യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസന്‍, യു.എന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക ആല്‍ബനീസ്, ടര്‍ക്കിയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ അകര്‍, മുന്‍ പാക് സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാന്‍, ഇറ്റാലിയന്‍ സെനറ്റര്‍ മാര്‍കോ കരോട്ടി, ഐറിഷ് ആക്ടര്‍ ലിയാം കണ്ണിങ്ഹാം തുടങ്ങി ഒട്ടനേകം പേര്‍ ഗസന്‍ തീരം ലക്ഷ്യമിട്ട് പുറപ്പെട്ട സുമദ് ഫ്ളോട്ടില്ലയ്ക്കൊപ്പമുണ്ടായിരുന്നു.

ഓഗസ്റ്റ് അവസാനം സ്പെയിനിലെ ബാഴ്സലോണയില്‍ നിന്നും ആരംഭിച്ച യാത്ര. പല ദിക്കുകളില്‍ നിന്നായി അമ്പതിലധിതം ചെറുകപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ ഒന്നിച്ചപ്പോള്‍ രൂപപ്പെട്ടത് സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പിന്റെ കഥയാണ്.

യാത്ര ആരംഭിച്ചത് മുതല്‍ തടസ്സങ്ങള്‍ ഒന്നൊന്നായി അവര്‍ നേരിട്ടിരുന്നു. കൊടുങ്കാറ്റോടെയാണ് തുടക്കം. ആ കാറ്റിന് പക്ഷെ ചുരുക്കം ദിവസങ്ങള്‍ മാത്രമാണ് അവരുടെ യാത്ര മുടക്കാന്‍ സാധിച്ചത്.

ടുണീഷ്യയില്‍ എത്തിയപ്പോള്‍ നേരിട്ട ഡ്രോണ്‍ അക്രമണം പ്രധാന ബോട്ടുകളൊന്നില്‍ തീപടര്‍ത്തി. അടുത്ത ദിവസം മറ്റൊരു ബോട്ടും അവിടെ അക്രമിക്കപ്പെട്ടു.

മിലോസില്‍ നിന്നും ക്രീറ്റിലേക്ക് പോയ ഗ്രീക്ക് ചെറുകപ്പലുകളെ ലക്ഷ്യമാക്കിയായിരുന്നു അടുത്ത ഡ്രോണ്‍ അക്രമണം. ഇത് പതിനൊന്ന് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ വരുത്തി.

ഓരോ ആക്രമണത്തെ നേരിടുമ്പോഴും അവരുടെ മനസ് ഗസയില്‍ തന്നെയായിരുന്നു. അവര്‍ ദൂരെ ഗസ്സന്‍ തീരം നോക്കി. അവര്‍ അവിടെ നിസ്സഹായരായ കുഞ്ഞുങ്ങളെ മനസ്സില്‍ കണ്ടു. അവരോട് പുഞ്ചിരിച്ചു. ആശ്വസ വാക്കുകള്‍ ഉരുവിട്ടു.

മുപ്പത് ദിവസത്തെ ബോട്ട് യാത്ര ഒരുപക്ഷെ സാധാരണ മനുഷ്യന് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ചര്‍ദ്ദിയും തലകറക്കവും ഡീഹൈഡ്രേഷനും ശരീരത്തെ തളര്‍ത്തും. ഉറക്കകുറവും ബോട്ടുകളില്‍ നിന്നും അടിക്കിടെ ഉണ്ടാവുന്ന പരിക്കുകളും മനസ്സികമായും തളര്‍ത്തും.

സുമൂദ് എന്നാല്‍ അടിയുറച്ച പ്രതിരോധം എന്നാണ് അര്‍ത്ഥം. ആ വാക്കിനെ അനര്‍ത്ഥമാക്കും വിധം യാത്രയിലുടനീളം അവര്‍ പ്രകൃതിയേയും ശത്രുക്കളെയും സ്വന്തം ശരീരത്തെയും പ്രതിരോധിച്ച് ഒരൊറ്റ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു.

ഫ്ലോട്ടിലകള്‍ വാര്‍സോണിലേക്ക് കടന്നപ്പോള്‍ അവര്‍ ഏത് അക്രമണവും നേരിടാന്‍ തയ്യാറെടുത്തിരുന്നു.

ബോട്ടുകള്‍ ഒന്നൊന്നായി തടഞ്ഞാലും ബാക്കി ബോട്ടുകള്‍ ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നായിരുന്നു അവരുടെ തീരുമാനം. വാര്‍ സോണില്‍ നിന്നും ഇസ്രഈല്‍ സേന യുദ്ധക്കപ്പലുകള്‍ കാണിച്ച് ഭയപ്പെടുത്താന്‍ നോക്കി. മൈനുകള്‍ സ്ഥാപിച്ചു.

അവര്‍ കൂട്ടം കൂടിയിരുന്ന് ഇറ്റലിയിലെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധ ഗാനം ബെല്ല ചാവോ പാടി പ്രതിരോധം തീര്‍ത്തു. ആ പാട്ടിന്റെ താളം തിരമാലകളോടൊപ്പം അലയടിച്ചിട്ടുണ്ടാവണം. വരികള്‍ കാറ്റില്‍ പാറിപറന്ന് തെല്‍ അവീവിലെ ഭിത്തികളെത്തിയിട്ടുണ്ടാവണം.

നിമിഷനേരങ്ങള്‍ കൊണ്ട് സൈന്യം ബോട്ടുകളെ ഒന്നൊന്നായി വളഞ്ഞു. പന്ത്രണ്ട് ബോട്ടുകള്‍ ഉന്നം വെച്ചു. സന്നദ്ധ പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി. ആളുകളെ അറസ്റ്റ് ചെയ്തു. ഐ.ഡി.എഫ് അക്രമം വകവെക്കാതെ ബാക്കി മുപ്പത് ബോട്ടുകള്‍ മുന്നോട്ട് നീങ്ങി. പലവഴികളിലായി ഓരോന്നും തടയപ്പെട്ടു. ബാക്കി ബോട്ടുകള്‍ പിന്നെയും യാത്ര തുടര്‍ന്നു.

മുന്നോട്ട് പോയ ബോട്ടുകള്‍ തടഞ്ഞ ഇസ്രഈല്‍ സേന ഗ്രെറ്റ തന്‍ബെര്‍ഗ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നിരവധി കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രഈല്‍ തുറമുഖത്തേക്ക് മാറ്റി.

ഇതിനെതിരെ ലോകമൊന്നാകെ പ്രതിഷേധങ്ങളും അലയടിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനം തെരുവിലിറങ്ങി. ഇറ്റലിയിലും ജര്‍മനിയിലും സ്പെയ്നിലും ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധങ്ങളുയര്‍ന്നു. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് രാജ്യത്ത് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു.

ഒരു രാജ്യത്തെ ലോക ഭൂപടത്തില്‍ നിന്നും തുടച്ചുനീക്കാന്‍ നെതന്യാഹുവും ഇസ്രഈലിന് കുട പിടിക്കുന്നവരും ഒന്നിക്കുമ്പോള്‍ മറുവശത്ത് ലോകമനസാക്ഷിയുടെ പോരാട്ടമാണ് പൊട്ടിപ്പുറപ്പെടുന്നത്. കാലം ഒന്നിനും കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ലെന്നതുപോലെ ഈ പോരാട്ടങ്ങള്‍ ഒരിക്കലും പാഴാകില്ല എന്നുതന്നെ പ്രത്യാശിക്കാം.

Content Highlight: The Global Sumud Flotilla and the Human Rights Activists Who Didn’t Give Up on Gaza

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.