| Wednesday, 18th February 2026, 9:02 am

ബാര്‍ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞിട്ടില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: ബാര്‍ സമയം കൂട്ടാനുള്ള എക്‌സൈസ് വകുപ്പിന്റെ തീരുമാനം മുന്നണി അറിയാതെയെന്ന് വിവരം. മന്ത്രിസഭാ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ സമയം കൂട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് ഉത്തരവാക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ കരാറില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒപ്പുവെച്ചത് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ നിലപാട് മാറ്റിയത് സാമ്പത്തികലാഭം ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഓര്‍ത്തോഡക്സ് സഭയും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

സംസ്ഥാനത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യം ഒഴുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്യക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിയമം കൊണ്ടുവരുന്നതിന്റെ ഇംഗിതം വ്യക്തമാണെന്നും ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു.

സംസ്ഥാനത്ത് രാവിലെ പത്ത് മണിമുതല്‍ 12 മണി വരെ പ്രവര്‍ത്തന സമയം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം. ഇതോടെ രണ്ട് മണിക്കൂര്‍ അധികം ബാറുകള്‍ തുറന്നിരിക്കും.

നേരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സമീപ പ്രദേശുള്ള ബാറുകള്‍ക്ക് ബാധകമായിരുന്നില്ല. ഇതില്‍ ബാറുടകള്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു.

വിനോദസഞ്ചാരത്തിന്റെ പേരിലും മദ്യക്കച്ചവടത്തിന്റെ മറവിലും സംസ്ഥാന സര്‍ക്കാര്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Content Highlight: The front is not aware of the decision to increase bar hours; there was no discussion in the cabinet either

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more