തമിഴ്–മലയാള സിനിമാ ലോകത്ത് ഭാഷയ്ക്കപ്പുറം നിലനിന്ന സൗഹൃദങ്ങളുടെ ഏറ്റവും മനോഹരമായ ഉദാഹരണങ്ങളിലൊന്നാണ് ശ്രീനിവാസനും പാര്‍ത്ഥിപനും തമ്മിലുള്ള ബന്ധം. ശ്രീനിവാസൻ തമിഴിൽ പാർത്ഥിപനൊപ്പം ‘പുള്ള് കുത്തിക്കാരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ, പാര്‍ത്ഥിപൻ മലയാളത്തിൽ ശ്രീനിവാസന്റെ ചിത്രങ്ങളായ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ഒരുമിച്ച് ചെയ്ത സിനിമകൾ മലയാളികൾക്കിടയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്നും പാര്‍ത്ഥിപന്‍ എത്തിയതും അദ്ദേഹത്തിന്റെ വാക്കുകളുമെല്ലാം പലരുടേയും കണ്ണുനനയിച്ചിരുന്നു. ഒരുപക്ഷേ ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം പലരും അറിഞ്ഞത് പാര്‍ത്ഥിപന്റെ വാക്കുകളിലൂടെയുമായിരിക്കും.
എന്നാല്‍ പാര്‍ത്ഥിപന്‍ തനിക്ക് ആരായിരുന്നു എന്ന് നടന്‍ ശ്രീനിവാസന്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ ഒരു വീഡിയോയാണ് ഇന്ന് വൈറലാകുന്നത്. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ത്ഥിപനും കുടുംബവുമായുള്ള തന്റെ ആത്മബന്ധം ശ്രീനിവാസന്‍ തുറന്നു പറയുന്നത്.
പാര്‍ത്ഥിപന്‍, മമ്മൂട്ടി ,Photo: Parthiban Radhakrishnan/Facebook
പുള്ള് കുത്തിക്കാരൻ എന്ന സിനിമയുടെ ഡബ്ബിങ്ങിന് മധുരയിലെത്തിയപ്പോൾ ഭാര്യയും മക്കളും ഒപ്പം ഉണ്ടെന്നറിഞ്ഞ ശ്രീനിവാസനെ പാർത്ഥിപൻ ഏറെ സ്നേഹത്തോടെ വീട്ടിലേക്കു ക്ഷണിച്ചു. പല ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, അത്രമേൽ സ്നേഹത്തോടെ അദ്ദേഹം വീണ്ടും നിർബന്ധിച്ചു.
ഒടുവിൽ ഒരു രക്ഷയുമില്ലാതെ ശ്രീനിവാസനും കുടുംബവും പാർത്ഥിപന്റെ വീട്ടിലേക്ക് പോയി. അവിടെ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. പാർത്ഥിപന്റെ ഭാര്യ സീത സിനിമ താരമാണ്. അവർ ശ്രീനിവാസനെയും കുടുംബത്തെയും സ്വീകരിക്കുകയും ഒരു അതിഥികൾ എന്നതിലുപരി അവരോട് വളരെ സ്നേഹത്തോടെ പെരുമാറുകയും ചെയ്തു. ഇതെല്ലം തങ്ങളുടെ നല്ല സൗഹൃദത്തിന്റെ ചില ഓർമകളാണെന്നും ശ്രീനിവാസൻ പറഞ്ഞു.
ആ വിരുന്നിന് ശേഷം തിരിച്ച് ഹോട്ടലിലേക്കു എത്തിയ ശ്രീനിവാസനും കുടുംബത്തിനും മറ്റൊരു സമ്മാനവുമായാണ് പാർത്ഥിപന്റെ ഡ്രൈവർ എത്തിയത്. സാർ, ഒരു നിമിഷം എന്ന് പറഞ്ഞ് മുറിയിലേക്ക് കയറി വന്ന ഡ്രൈവറുടെ കൈയിൽ ഒരു തളിക. അത് പാർത്ഥിപൻ അയച്ച സമ്മാനമായിരുന്നു. തമിഴ്‌നാട്ടിൽ അതിഥികൾ വീട്ടിലെത്തുമ്പോൾ, അവരെ ആദരിച്ച് എന്തെങ്കിലും സമ്മാനം നൽകുന്ന ഒരു ചടങ്ങുണ്ട്. അതിന്റെ ഭാഗമായിരുന്നു ആ തളികയും, ആ തളികയിൽ കുട്ടികൾക്കായി കൊടുത്തുവിട്ട കളിപ്പാട്ടങ്ങളും വാച്ചും,ഉടുപ്പുകളും, പട്ടുസാരിയും അങ്ങനെ എല്ലാമുണ്ടായിരുന്നു.
പാര്‍ത്ഥിപനെ തന്റെ മരണം വരെ ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തി. അതുപോലെ തന്നെ പാര്‍ത്ഥിപനും. നേരിട്ട എല്ലാ പ്രതിസന്ധികളേയും മറികടന്ന് തന്റെ പ്രിയസുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാന്‍ പാര്‍ത്ഥിപന്‍ ഓടിയെത്തി. കൈയില്‍ ഒരു കെട്ട് മുല്ലപ്പുക്കളുമായി…
Content Highlight: The friendship between Parthiban and Sreenivasan