| Thursday, 17th July 2025, 7:52 pm

ഇങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടും, മുന്നിലുള്ളത് ജീവന്‍മരണ പോരാട്ടം!

ശ്രീരാഗ് പാറക്കല്‍

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് നാലാം ടെസ്റ്റ്.

1971ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിക്കോ വിരാട് കോഹ്‌ലിക്കോ സാധിക്കാത്ത ഈ സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് നടന്നടുക്കാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടാണ് വിജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. മാത്രമല്ല വിജയതീരത്തെത്താന്‍ ഇന്ത്യ നേരിടേണ്ട ചില വെല്ലുവിളികളും മുന്നിലുണ്ട്.

നിര്‍ണായക ടെസ്റ്റില്‍ വിജയസാധ്യത കുറഞ്ഞാല്‍ ഇന്ത്യക്ക് സമനിലക്കായി പൊരുതേണ്ടിയും വരും. എന്നാല്‍ വിജയമെന്ന സ്വപ്‌നത്തിലേക്ക് നീങ്ങാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനും ക്യാപ്റ്റനും എങ്ങനെയാകും തന്ത്രം മെനയുകയെന്ന് കണ്ടറിയണ്ടതാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറയെക്കുറിച്ചുള്ളതാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിച്ച ബുംറയ്ക്ക് മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചാല്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിലെ കരുത്തിന്റെ നെടുന്തൂണാണ് ഇടിയുക. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി താരം രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലായിരുന്നു. അതേസമയം നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളത്തിലിറങ്ങേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രണ്ട് ഫൈഫര്‍ ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ബുംറ നേടിയത്.

ഇതിന് പുറമെ പരിശീലന ഘട്ടത്തില്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പരിക്ക് പറ്റിയെന്ന പുതിയ റിപ്പോര്‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാലാം ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി. എന്നിരുന്നാലും ആകാശ് ദീപിനെ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്നതാണ്. രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരക്കാരനായി എത്തിയ ആകാശ് ദീപ് ഫൈഫര്‍ ഉള്‍പ്പെടെ 10 വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ലോര്‍ഡ്‌സില്‍ ഒരു വിക്കറ്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ റിഷബ് പന്തും പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു കാര്യം ബൗളിങ് യൂണിറ്റിലേക്ക് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇതുവരെ ഉള്‍പ്പെടുത്താത്തതാണ്. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അടുത്ത മത്സരത്തില്‍ കുല്‍ദീപിനെ ഇന്ത്യ ഇറക്കിയാല്‍ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം. ഇംഗ്ലണ്ട് പിച്ചില്‍ കുല്‍ദീപിന് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ നേരത്തെ പറഞ്ഞിരുന്നു. നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ ഒരു പരീക്ഷണത്തിന് മുതിരുമോ എന്നതും ഒരു ചോദ്യചിഹ്നമാണ്.

താരങ്ങളുടെ പരിക്കുകള്‍ക്ക് പുറമെ ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഫീല്‍ഡിങ്ങിലാണ്. പരമ്പരയില്‍ ഇതുവരെ ഇന്ത്യ ക്യാച്ചിങ്ങില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യ ക്യാച്ചിലൂടെ പാഴാക്കിക്കളഞ്ഞത്. യശസ്വി ജെയ്‌സ്വാള്‍ മുതല്‍ സീനിയര്‍ താരമായ രവീന്ദ്ര ജഡേജ വരെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.

പരമ്പരയില്‍ ഇതുവരെയുള്ള കണക്കുകളില്‍ ഇന്ത്യ വിട്ടുകളഞ്ഞത് 18 ക്യാച്ചുകളാണ്. നേടിയത് 28 ക്യാച്ചുകളും. അതേസമയം ഇംഗ്ലണ്ട് 36 ക്യാച്ചുകള്‍ എടുത്തപ്പോള്‍ 10 ക്യാച്ചുകള്‍ മാത്രമാണ് നഷ്ടപ്പെടുത്തിയത്. ക്യാച്ചിങ് എഫിഷ്യന്‍സിയില്‍ ഇംഗ്ലണ്ട് 78.30 ശതമാനവും ഇന്ത്യ 60.90 ശതമാനവുമാണ്. ഫീല്‍ഡിങ്ങിലെ പിഴവുകള്‍ നികത്തി നാലാം ടെസ്റ്റില്‍ ഇന്ത്യ മുന്നേറേണ്ടത് അത്യാവശ്യമാണ്.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്ത ബാറ്റര്‍മാര്‍ക്ക് തിരിച്ചുവരാനുള്ള മികച്ച അവസരം കൂടിയാണ് അടുത്ത മത്സരം. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 13 റണ്‍സ് മാത്രമായിരുന്നു കഴിഞ്ഞ ടെസ്റ്റില്‍ നേടിയത്. മാത്രമല്ല പ്രതീക്ഷിച്ച പ്രകടനം നടത്താത്ത വണ്‍ ഡൗണ്‍ ബാറ്റര്‍ കരുണ്‍ നായരും ഇന്ത്യയ്ക്ക് മികച്ച സംഭാവന നല്‍കേണ്ടി വരും. മാത്രമല്ല ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും ചെറുത്തുനില്‍പ്പും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിര്‍ണായകമാകും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ശക്തരായ ത്രീലയണ്‍സിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയൂ എന്നതും വ്യക്തമാണ്.

Content Highlight: The fourth Test against England is crucial for India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more