കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
വിദ്യാഭാരതിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലാ ജില്ലകളിലും മുന്‍സിപ്പാലിറ്റികളിലും സ്‌കൂളുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും ദേശീയതയില്‍ ഊന്നിയ പഠനം ശക്തമാക്കേണ്ടതുണ്ടെന്നും സുവേന്ദു പറഞ്ഞു.
‘മുന്‍ തൃണമൂല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ മലിനപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭാരതി ഏറ്റെടുക്കേണ്ടതുണ്ട്,’ബി.ജെ.പി നേതാവ് പറഞ്ഞു.
മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാവാത്ത സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കും. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക മാത്രമല്ല, ചുണ്ടുകള്‍ ചലിപ്പിച്ച് മുഴുവനായി പാടണം,’ സുവേന്ദു പറഞ്ഞു,
മദ്രസ വിദ്യാഭ്യാസം ഉണ്ടാവരുതെന്നും സംസ്ഥാനത്തിന് ഒരു സംവിധാനം മാത്രമേ ഉണ്ടാകാവൂ എന്നും അദ്ദേഹം പറഞ്ഞു.
ശേഷം ഹിന്ദുത്വ പ്രവര്‍ത്തകന്‍ ശ്യാനപ്രസാദ് മുഖര്‍ജിയുടെ ‘ഒരു രാഷ്ട്രം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടികൊണ്ട് അത് വിദ്യാഭ്യാസ സമ്പ്രദായത്തിലും പ്രയോഗിക്കണമെന്നും പറഞ്ഞു.
ആലിയ സര്‍വകലാശാല പോലുള്ള സര്‍വകലാശാലകള്‍ ന്യൂനപക്ഷ വിഭാഗം കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം എതിര്‍ത്തു.
‘ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ ആലിയ സര്‍വകലാശാലയെ മാത്രം മറ്റൊരു വകുപ്പ് നോക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ല. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതുപോലെ, ഈ സര്‍ക്കാര്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോടെയാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു ചിഹ്നം, ഒരു നേതാവ്’ എന്നതാണ് ആശയം, ഇനി അത് വിദ്യാഭ്യാസത്തിനും ബാധകമാകണം. എല്ലാ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു സംവിധാനം ഉണ്ടായിരിക്കണം. ആലിയ സര്‍വകലാശാലയെ ഒരു വകുപ്പും മറ്റ് സ്ഥാപനങ്ങളെ മറ്റൊരു വകുപ്പും നോക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് തുടരാനാവില്ല,’ മുഖ്യമന്ത്രി പറഞ്ഞു
Content Highlight:The former Trinamool government polluted the education sector; 1,000 RSS schools will be started in West Bengal within a year: Suvendu Adhikari.