| Sunday, 12th July 2026, 8:55 pm

യുദ്ധക്കാറ്റില്‍ സമാധാനത്തിന്റെ തിരിനാളം അണയരുത്: ആഗോള അനുരഞ്ജനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

ആദർശ് എം.കെ.

കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ: അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷങ്ങള്‍ അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ലോകമെമ്പാടും ആഞ്ഞടിക്കുന്ന യുദ്ധക്കാറ്റുകളെ സമാധാനത്തിന്റെ പ്രത്യാശ കൊണ്ട് പ്രതിരോധിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.

ആഗോള അനുരഞ്ജനത്തിനായി നിലകൊള്ളേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രതികൂല സാഹചര്യങ്ങളിലും സമാധാനത്തിന്റെ തിരിനാളം അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.

ജൂലൈ 12 ഞായറാഴ്ച കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍ അര്‍പ്പിച്ച മരിയന്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പ്പാപ്പയുടെ ഈ ആഗോള സന്ദേശം.

പശ്ചിമേഷ്യയിലും ഉക്രെയ്‌നിലും ലോകത്തിന്റെ മറ്റ് നിരവധി ഭാഗങ്ങളിലും വീണ്ടും യുദ്ധത്തിന്റെ കാറ്റുകള്‍ വീശുകയാണെന്ന് മാര്‍പ്പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ഇത് അക്രമത്തിനും ഭീതിക്കും മരണത്തിനുമാണ് കാരണമാകുന്നതെന്നും നിരപരാധികളായ ജനങ്ങളെയാണ് ഇത് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനത്തിന്റെ തിരിനാളം എത്ര ദുര്‍ബലമാണെന്ന് തോന്നിയാലും അത് അണയാന്‍ അനുവദിക്കരുത്. ചര്‍ച്ചകളും നയതന്ത്രവും പരസ്പര കൂടിക്കാഴ്ചകളുമാണ് ശാശ്വതമായ സമാധാനത്തിലേക്കുള്ള ഏക വഴിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓരോ വ്യക്തിയുടെയും അന്തസ്സിനെ ബഹുമാനിക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യഹൃദയങ്ങള്‍ എത്ര കാഠിന്യമേറിയതോ തടസ്സങ്ങള്‍ നിറഞ്ഞതോ ആണെങ്കിലും, ദൈവം നന്മയുടെ വിത്തുകള്‍ വിതയ്ക്കുന്നത് നിര്‍ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹം, സന്തോഷം, സമാധാനം, ദയ, വിശ്വസ്തത തുടങ്ങിയ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ കൊണ്ട് ലോകം നിറയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വേനല്‍ക്കാല അവധി ആഘോഷിക്കുന്നവര്‍ വിശ്രമത്തോടൊപ്പം വിശുദ്ധ ഗ്രന്ഥ പാരായണത്തിനും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി സമയം കണ്ടെത്തണമെന്നും അതുവഴി ആത്മീയ വളര്‍ച്ച കൈവരിക്കണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചു.

‘കടല്‍ ഞായര്‍’ (Sea Sunday) പ്രമാണിച്ച് ലോകമെമ്പാടുമുള്ള സമുദ്രത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തുറമുഖ തൊഴിലാളികള്‍ക്കും അദ്ദേഹം പ്രത്യേക ആശംസകള്‍ നേര്‍ന്നു. സ്വന്തം കുടുംബങ്ങളില്‍ നിന്ന് അകന്ന്, ഏറെ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന അവരുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Content Highlight: The flame of peace must not be extinguished by the winds of war: Pope Leo XIV calls for global reconciliation.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more