മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഞ്ചി വെള്ള’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘ആച്ചി ആച്ചി’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിജയ് സേതുപതിയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗാനത്തിലെ സായി പല്ലവിയുടെ പുത്തൻ ലുക്കും ചുവടുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇളങ്കോ കൃഷ്ണൻ വരികൾ എഴുതിയ ഗാനം വൈശാലി സമന്തും ശരണ്യ ശ്രീനിവാസുമാണ് ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികൾ ഉൾപ്പെടുത്തിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ആനിമേഷനിലൂടെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെയും സായി പല്ലവിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയവും അവരുടെ കുടുംബജീവിതവുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
ഇഞ്ചി വെള്ളം. Photo. IMDb
ചിത്രത്തിൽ ഷോർട്ട് ഹെയർ ലുക്കിലാണ് സായി പല്ലവി എത്തുന്നത്. പിങ്ക് പൂക്കൾ കൊണ്ട് അലങ്കരിച്ച മുടിയുമായുള്ള താരത്തിന്റെ കഥാപാത്രം ഗർഭിണിയായും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സ്ത്രീയുടെ പ്രണയജീവിതത്തിലൂടെയും മാതൃത്വത്തിലൂടെയുമുള്ള യാത്രയാണ് ഗാനം പറയുന്നത്. ചിത്രത്തിലെ സായി പല്ലവിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ കൂടിയാണ് ഗാനം നൽകുന്നത്.
ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ എ.ആർ. റഹ്മാന്റെ സംഗീതത്തെയും സായി പല്ലവിയുടെ ചുവടുകളെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം റഹ്മാന്റെ ഒരു ഗാനം വരികൾക്കൊപ്പം ആസ്വദിക്കാൻ കഴിഞ്ഞെന്ന തരത്തിലുള്ള പ്രതികരണങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്.
മണിരത്നം,ഇഞ്ചി വെള്ളം. Photo. Screen Grab/ Youtube. IMDb
മണിരത്നവും എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഇഞ്ചി വെള്ളം’. ഇരുവരുടെയും 19-ാമത്തെ കൂട്ടുകെട്ടാണിത്. 2018ൽ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി മണിരത്നത്തിനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചൈത്ര ജെ. ആചാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2027 ജനുവരി 29ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
Content Highlight: The first song from the new film directed by Mani Ratnam, ‘Inji Vellam’, has been released.