| Thursday, 22nd January 2026, 1:46 pm

ബുള്ളറ്റ് വാള്‍ട്ടറും പിള്ളേരും തൂക്കി, മട്ടാഞ്ചേരിയുടെ കോസ്റ്റ്യൂം ഗുസ്തി കേറിക്കൊളുത്തി; ചത്താ പച്ച, ആദ്യ ഷോയ്ക്ക് പിന്നാലെ അഭിപ്രായങ്ങള്‍

ഐറിന്‍ മരിയ ആന്റണി

2026ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു നവാഗതനായ അദ്വൈത് നായര്‍ ഒരുക്കുന്ന ചത്താ പച്ച റിങ് ഓഫ് റൗഡീസ്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി യുവതാരങ്ങള്‍ അണിനിരന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളാണ് വരുന്നത്. സിനിമയിലെ ഫൈറ്റ് സീനുകളെ കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ വരുന്നുണ്ട്. മോളിവുഡില്‍ അടുത്തകാലത്തൊന്നും ഇത്ര ഗംഭീര ഇടിപടം കണ്ടിട്ടില്ലെന്നും പടത്തിലെ ഫൈറ്റ് കാണാന്‍ വേണ്ടി മാത്രം കേറി ചെന്നാലും പൈസ വസൂലാണെന്നുമുള്ള അഭിപ്രായങ്ങളും ഉണ്ട്.

നായകന്മാരായ അര്‍ജുന്‍ അശോകനും റോഷന്‍ മാത്യുവും ഇഷാന്‍ ഷൗക്കത്തും ആണ് പടത്തിന്റെ പവര്‍ ഹൗസ് എന്നും ഒരു ഡബ്ല്യു.ഡബ്ല്യു. ഇ ആരാധകന് സിനിമ മികച്ച അനുഭവം സമ്മാനിക്കുമെന്നും ഇന്റര്‍വെല്‍ ബ്ലോക്ക് നിങ്ങള്‍ക്കുള്ളതാണെന്നും അഭിപ്രായങ്ങളുണ്ട്.

മമ്മൂട്ടി സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ എന്‍ട്രിയും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍.

കുറേ കൊച്ചിക്കാര്‍ മച്ചാന്മാരുടെ ഡബ്ല്യ. ഡബ്ല്യ. ഇ സിനിമയാണ് ഇതെന്നും തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ വന്‍ പൊളിയാണെന്നും പ്രേക്ഷകര്‍ പറയുന്നു. തുടക്കത്തില്‍ കാണിക്കുന്ന ഫ്‌ലാഷ്ബാക്ക് സീനിലാണ് സിനിമയിലേക്ക് നമ്മള്‍ ഇന്നാകുകയെന്നും അക്ഷരാര്‍ത്ഥത്തില്‍ യുവാക്കളുടെ അഴിഞ്ഞാട്ടമാണ് ചത്താ പച്ചയെന്നും അഭിപ്രായങ്ങളുണ്ട്.

പ്രേമം, ആനന്ദം, ഭീഷ്മ പര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ്.സി.ചന്ദ്രനാണ് ചത്താ പച്ചക്കായും ക്യാമറ ചലിപ്പിക്കുന്നത്. ധര്‍മ എന്റര്‍ടൈന്മെന്റ്സ്, മൈത്രി മൂവി മേക്കേഴ്സ്, വേഫറര്‍ ഫിലിംസ് എന്നിവരാണ് ചത്താ പച്ചയുടെ വിതരണക്കാര്‍. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ബോളിവുഡ് വമ്പന്മാരായ ശങ്കര്‍- എഹ്സാന്‍-ലോയ് കോമ്പോയാണ്.

Content Highlight:  The first show of Chatha Pacha movie is getting a great response

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more