| Sunday, 31st August 2025, 10:30 am

കോവളം-ബേക്കല്‍ ജലപാതയുടെ ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ; നവംബറില്‍ ആദ്യഘട്ട കമ്മീഷനിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ ജലഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കോവളം-ബേക്കല്‍ ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജലപാതയുടെ കമ്മീഷനിങ് നവംബറില്‍ തന്നെ നടക്കും.

തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതല്‍ പുത്തന്‍തുറ വരെയുള്ള ആറര കിലോമീറ്ററിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ വീതിയും ആഴവും കൂട്ടല്‍ പൂര്‍ത്തിയായി.

ജലപാതയുടെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതല്‍ ചേറ്റുവ വരെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ആക്കുളം-കൊല്ലം, കൊല്ലം-കോട്ടപ്പുറം, കോട്ടപ്പുറം-ചേറ്റുവ എന്നീ റീച്ചുകള്‍ അടങ്ങിയതാണ് ഈ ഭാഗം.

280 കിലോമീറ്റര്‍ നീളത്തിലാണ് ജലപാതയുടെ പണി പൂര്‍ത്തിയാകുന്നത്. ആകെ ഒമ്പത് കിലോമീറ്ററാണ് ഇനി ആഴം കൂട്ടാനുള്ളത്. സെന്റ് ആന്‍ഡ്രൂസ് പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും ടാറിങ് പൂര്‍ത്തിയാക്കാനാകും.

കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള ജലപാതയില്‍ രണ്ടിടത്തുള്ള തടസം നീക്കാനുള്ള പണികളും പുരോഗമിക്കുകയാണ്. ചവറ കോവില്‍തോട്ടം ഭാഗത്ത് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ പണികള്‍ നടക്കുന്നത്.

തൃക്കുന്നപ്പുഴ ഭാഗത്തും നാവിഗേഷന്‍ ലോക്ക് കം ബ്രിഡ്ജിന്റെ പണി നടക്കുന്നുണ്ട്. ഈ പണികള്‍ കൂടിയാണ് തൃക്കുന്നപ്പുഴ മുതല്‍ തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറംവരെയുള്ള ജലപാതയില്‍ ബാക്കിയുള്ളത്.

തൃശൂര്‍-കാട്ടൂര്‍ ഘട്ടത്തിലെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ആഴം വര്‍ധിപ്പിച്ചത്. തൃപ്രയാര്‍, കണ്ടശ്ശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളിലായി മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണ്.

ചേറ്റുവ-ചാവക്കാട് ഭാഗത്ത് ആഴവും വീതിയും കൂട്ടുന്നതും, കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള 160 കിലോമീറ്റര്‍ ഭാഗത്ത് ചെറുതും വലുതുമായ 15 പാലം നിര്‍മിക്കുന്നതുമാണ് ഇനി മുന്നിലുള്ള വെല്ലുവിളികള്‍.

ജലപാതയുടെ പ്രവൃത്തിയുടെ ഭാഗമായി ആക്കുളം, കൊല്ലം ഭാഗത്ത് 578 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നിരുന്നു. 247.2 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയത്.

ഈ ഭാഗത്ത് നിന്നും 19 കുടുംബങ്ങളെ കൂടി മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെസ്റ്റ് കോസ്റ്റ് കനാലിനെ ബന്ധിപ്പിക്കുന്നതിനായി പുതിയ കനാലുകള്‍ നിര്‍മിക്കും.

Content Highlight: The first phase of the Kovalam-Bekal national waterway will be commissioned in November.

We use cookies to give you the best possible experience. Learn more