| Saturday, 6th June 2026, 2:00 pm

നസ്‌ലൻ–മമിത മാജിക്കിന് വെല്ലുവിളിയായി നിവിൻ–മമിത കൂട്ടുകെട്ട്; ഓണം റിലീസിനായി ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’

നന്ദന എം.സി

മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ചിത്രം വഴിവെച്ചിരിക്കുന്നത്.

റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നിവിൻ പോളിയും യുവതലമുറയുടെ ശ്രദ്ധേയ നായികയായ മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നുണ്ട്.

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ തന്നെ സിനിമയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളും വലുതാണ്.

ബത്‌ലഹേം കുടുംബ യൂണിറ്റ്, Photo: X.com

പ്രത്യേകിച്ച് ‘പ്രേമലു’വിലൂടെ യുവപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ മമിത ബൈജു വീണ്ടും ഗിരീഷ് എ.ഡി ടീമിനൊപ്പം എത്തുമ്പോൾ മറ്റൊരു വലിയ വിജയമാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചർച്ച ‘പ്രേമലു’വുമായുള്ള താരതമ്യമാണ്. നസ്‌ലൻ–മമിത ബൈജു ജോഡിയുടെ സ്ക്രീൻ കെമിസ്ട്രി ‘പ്രേമലു’വിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ നിവിൻ പോളിയും മമിതയും ഒന്നിക്കുമ്പോൾ ആ മാജിക് ആവർത്തിക്കാനാകുമോ എന്ന ചോദ്യവും സിനിമാപ്രേമികൾക്കിടയിൽ സജീവമാണ്.

അതേസമയം, റൊമാന്റിക് കഥാപാത്രങ്ങളിൽ തന്റെ തനതായ ശൈലിയിലൂടെ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നിവിൻ പോളിക്ക് മമിതയുമായി മികച്ച സ്ക്രീൻ കെമിസ്ട്രി സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

‘പ്രേമം’ കാലഘട്ടത്തിലെ നിവിൻ പോളിയുടെ റൊമാന്റിക് നായക ഇമേജ് വീണ്ടും വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കുടുംബ പശ്ചാത്തലവും പ്രണയവും ഹാസ്യവും ഒത്തുചേർന്ന ഒരു പക്കാ ഫീൽ-ഗുഡ് റൊമാന്റിക് കോമഡിയായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ.

പ്രേമലു, Photo: X.com

പ്രമുഖ നിർമാണ കമ്പനിയായ ഭാവനാ സ്റ്റുഡിയോസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘പ്രേമലു’ സൃഷ്ടിച്ച തരംഗത്തെ മറികടക്കാൻ ചിത്രത്തിന് കഴിയുമോ, അതോ പുതിയൊരു റൊമാന്റിക് കോമഡി അനുഭവം സമ്മാനിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടും ഗിരീഷ് എ.ഡിയുടെ കഥപറച്ചിൽ ശൈലിയും ഒന്നിക്കുമ്പോൾ ഓണച്ചിത്ര മത്സരത്തിലെ ശക്തമായ സാന്നിധ്യമായി ബത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് പ്രതീക്ഷ.

Content Highlight: The first look poster of the film Bethlehem kudumba Unit has been released.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more