| Sunday, 15th February 2026, 5:58 pm

ലവ്‌ലജന്റെ നൈസി നൈസാണ്; L366 ലെ മീരാജാസ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഐറിന്‍ മരിയ ആന്റണി

മോഹല്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന L366. തുടരുമിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് അനൗണ്‍സ്മന്റെ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു. കഴിഞ്ഞദിവസം തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

പൊലീസ് യൂണിഫോമണിഞ്ഞ് കൊണ്ടുള്ള ലാലേട്ടന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്കിനൊപ്പം ഉണ്ടായിരുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ടി.എസ് ലവ്ലജന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മീരാ ജാസ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മീരാജാസ്മിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നൈസി നൈസാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

പോസ്റ്റിന് താഴെ സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും കമന്റുമായെത്തിയിട്ടുണ്ട്.  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം എന്ന ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ മീര എത്തിയിരുന്നു.

ചിത്രത്തിനായി മോഹന്‍ലാല്‍ താടിവടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒടിയന് ശേഷം ഒരു സിനിമയിലും താടി വെച്ച് അഭിനയിക്കാത്തതിന് നടന് നേരേ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താടിവടിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ താരം പ്രത്യക്ഷപ്പെട്ടു.

തുടരും സിനിമയ്ക്ക് ശേഷം തരുണിന് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. പഴയ ലാലേട്ടന്റെ തിരിച്ചുവരവ് എന്ന് അഭിപ്രായപ്പെട്ട സിനിമ കേരളത്തിന് പുറത്തും ശ്രദ്ധ നേടി. L366 ഒരു വലിയ വിജയമായി തീരുമെന്നാണ് ആരാധകര്‍  കരുതുന്നത്.

ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയൊരുക്കിയ രതീഷ് രവിയാണ് l366ന്റെ തിരക്കഥ. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം 2026 ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight:  The first look poster of Meera Jasmine in the movie L366 is out

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more